
വാഷിംഗ്ടൺ : പാകിസ്ഥാന്റെ മദ്ധ്യസ്ഥതയിൽ ഇസ്ലാമാബാദിൽ ഇറാൻ- യുഎസ് സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനിടെ ഹോർമുസിൽ നിർണായക നീക്കവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഹോർമുസ് കടലിടുക്കിൽ ഇറാൻ നിക്ഷേപിച്ച മൈനുകൾ നീക്കുന്ന പ്രക്രിയ ആരംഭിച്ചതായി ട്രംപ് അറിയിച്ചു. ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, ഫ്രാൻസ്, ജർമ്മനി തുടങ്ങി ലോകത്തെ എല്ലാ രാജ്യങ്ങൾക്കുമായി ഹോർമുസ് കടലിടുക്ക് ശുദ്ധീകരിക്കുന്ന പ്രക്രിയ ആരംഭിച്ചതായി ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ഇതിനിടെ യു.എസ് യുദ്ധകപ്പലുകൾ ഹോർമുസ് കടന്നതായുള്ള റിപ്പോർട്ടുകളും പുറത്തു വന്നു. എന്നാൽ ഇറാൻ ഈ റിപ്പോർട്ട് നിഷേധിച്ചിട്ടുണ്ട്.
അതേസമയം ഫുജൈറ തുറമുഖത്ത് നിന്ന് ഒരു അമേരിക്കൻ യുദ്ധക്കപ്പൽ ഹോർമുസ് കടലിടുക്കിലേക്ക് നീങ്ങിയിരുന്നതായി ഇറാൻ സ്ഥിരീകരിച്ചു. ഇറാൻ സൈന്യം കപ്പലിന്റെ സ്ഥാനം നിരീക്ഷിക്കുകയും പാകിസ്ഥാനിൽ നടക്കുന്ന ചർച്ചയിൽ പങ്കെടുക്കുന്ന ഇറാന്റെ പ്രതിനിധിയെ അറിയിക്കുകയും ചെയ്തു. ഇക്കാര്യം പാക് മദ്ധ്യസ്ഥൻ വഴി അമേരിക്കൻ പ്രതിനിധിയെ അറിയിച്ചതായും ഇറാൻ വ്യക്തമാക്കി. ഹോർമുസ് കടലിടുക്കിലേക്ക് അടുക്കുകയാണെങ്കിൽ കപ്പൽ തകർക്കുമെന്നും ഇറാൻ സൈന്യം മുന്നറിയിപ്പ് നൽകി. ഇത് സമാധാന ചർച്ചകൾക്ക് ദോഷം ചെയ്യുമെന്നും ഇറാൻ പാകിസ്ഥാനെ അറിയിച്ചു. തുടർന്ന് കപ്പൽ പിൻവാങ്ങിയതായി ഇറാനിയൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |