
കൊച്ചി: വൈദ്യുതി ബോർഡിൽ ശമ്പള/പെൻഷൻ പരിഷ്കരണത്തിന് സർക്കാരിന്റെ മുൻകൂർ അനുമതി വേണമെന്ന ഉത്തരവിനെതിരെ ഹൈക്കോടതിയിൽ ഹർജി. കെ.എസ്.ഇ.ബി പെൻഷണേഴ്സ് കൂട്ടായ്‌മയുടെ ഹർജിയിൽ ജസ്റ്റിസ് വിജു എബ്രഹാം സർക്കാരിന്റെയും കെ.എസ്.ഇ.ബിയുടെയും വിശദീകരണം തേടി.
വൈദ്യുതി നിയമപ്രകാരം ബോർഡിന്റെ ആസ്തികളും ബാദ്ധ്യതകളും സർക്കാരിലേക്ക് മാറ്റുകയും പിന്നീടത് കെ.എസ്.ഇ.ബി ലിമിറ്റഡ് കമ്പനിയായി രൂപീകരിക്കുകയുമായിരുന്നു. കൈമാറ്റ വേളയിൽ സർക്കാരും ബോർഡും സംഘടനകളും ഒപ്പിട്ട ത്രികക്ഷി കരാർ പ്രകാരം ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകൾ ചർച്ചയിലൂടെയാണ് തീരുമാനിക്കേണ്ടത്. ഇതുപ്രകാരമുള്ള കരാറുകൾ നിലനിൽക്കെ മാർച്ച് 12നാണ് ഉത്തരവിറങ്ങിയത്. നിലവിലുള്ള കരാറുകളെ മറികടക്കാൻ സർക്കാരിന് അധികാരമില്ലെന്നും പുതിയ നിർദ്ദേശം വ്യവസായ നിയമങ്ങളുടെ ലംഘനമാണെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടുന്നു. കേസിൽ തീർപ്പാകുന്നതുവരെ ഉത്തരവ് സ്റ്റേ ചെയ്യണമെന്നും ആവശ്യമുണ്ട്. ഹർജി മേയ് 22ന് വീണ്ടും പരിഗണിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |