
കൊൽക്കത്ത: ബി.ജെ.പി വന്നാൽ ഏകസിവിൽ കോഡ് നടപ്പാക്കുമെന്നും എല്ലാവർക്കും ഒരു നിയമം ഉറപ്പാക്കുമെന്നും അമിത് ഷാ പശ്ചിമബംഗാളിലെ ബാങ്കുരയിൽ പറഞ്ഞു. ആർക്കും ഇവിടെ ഇനി നാല് ഭാര്യമാർ ഉണ്ടാകില്ല. എല്ലാവർക്കും തുല്യ നിയമങ്ങൾ വരും. വൈകുന്നേരം 7 മണിക്ക് ശേഷം ആരും പുറത്തിറങ്ങരുതെന്ന് മമത പറയുന്നു. ബി.ജെ.പി വന്നാൽ സ്ത്രീകൾക്ക് പുലർച്ചെ ഒരു മണിക്ക് പോലും സുരക്ഷിതമായി കറങ്ങാൻ കഴിയും. ബി.ജെ.പി 'ഡൽഹി ഭരണം' നടപ്പാക്കുമെന്ന തൃണമൂൽ വാദം തള്ളിയ അമിത് ഷാ ബംഗാളിന്റെ അടുത്ത മുഖ്യമന്ത്രി ബംഗാളി സംസാരിക്കുന്ന 'മണ്ണിന്റെ മകൻ' ആയിരിക്കുമെന്നും വ്യക്തമാക്കി.
ഇരവാദ പരിവേഷവുമായി വോട്ടു തട്ടുന്ന മുഖ്യമന്ത്രി മമതാ ബാനർജിയുടെ പതിവ് തന്ത്രം ഇക്കുറി പശ്ചിമ ബംഗാളിൽ വിലപ്പോകില്ലെന്ന് അമിത് ഷാ പറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പ് സമയത്ത് വീഴ്‌ചയെ തുടർന്ന് കൈയിൽ ബാൻഡിട്ടും വീൽ ചെയറിൽ ഇരുന്നും മമത പ്രചാരണം നടത്തിയത് സൂചിപ്പിച്ചാണിത്. മമത ചിലപ്പോൾ കാലിലും ചിലപ്പോൾ തലയിലും ബാൻഡേജ് കെട്ടാറുണ്ട്. ഇത്തരം ഇരവാദങ്ങൾക്ക് ഇക്കുറി ബംഗാളിലെ ജനങ്ങൾ വോട്ട് ചെയ്യാൻ പോകുന്നില്ല. 15 വർഷം സംസ്ഥാനത്തിന് വേണ്ടി മമത ഒന്നും ചെയ്‌തില്ല. മരുമകനെ മുഖ്യമന്ത്രിയാക്കാനുള്ള ശ്രമമായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |