SignIn
Kerala Kaumudi Online
Tuesday, 21 April 2026 10.51 AM IST

ഹോർമുസിൽ മൈൻ കുരുക്ക്

Increase Font Size Decrease Font Size Print Page
pic

ടെഹറാൻ: ഇറാനിലെ യുദ്ധ ഫലമായി സ്തംഭിച്ച ലോകത്തെ നിർണായക ഊർജ്ജ ഇടനാഴിയായ ഹോർമുസ് കടലിടുക്കിൽ സാഹചര്യങ്ങൾ ഗുരുതരമെന്ന് റിപ്പോർട്ട്. ശത്രുക്കപ്പലുകളെ തകർക്കാനായി മേഖലയിലുടനീളം സ്ഥാപിച്ച നേവൽ മൈനുകളെ കണ്ടെത്തി നീക്കം ചെയ്യാൻ ഇറാൻ റെവല്യൂഷണറി ഗാർഡിന് കഴിയുന്നില്ല.

ഹോർമുസിലെ കപ്പൽ ഗതാഗതം സാധാരണനിലയിലേക്ക് മടങ്ങുന്നതിന് ഇത് തടസമാകും. യു.എസും ഇസ്രയേലും ചേർന്ന് ആക്രമണം തുടങ്ങിയതോടെ കഴിഞ്ഞ മാസമാണ് ഹോർമുസിൽ ചെറു ബോട്ടുകൾ ഉപയോഗിച്ച് ഇറാൻ മൈനുകൾ സ്ഥാപിച്ചത്. ഇറാനിൽ വെടിനിറുത്തൽ പ്രാബല്യത്തിലായിട്ടും ഹോർമുസിൽ ഗതാഗത നിയന്ത്രണങ്ങൾ തുടരുകയാണ്.

തങ്ങളുടെ അനുമതിയോടെ കടന്നുപോകുന്ന കപ്പലുകൾക്കായി നേവൽ മൈനുകൾ ഇല്ലാത്ത സുരക്ഷിത പാത ചിത്രീകരിക്കുന്ന മാപ്പ് റെവല്യൂഷണറി ഗാർഡ് അടുത്തിടെ പുറത്തുവിട്ടിരുന്നു. ഇറാൻ അശ്രദ്ധമായി മൈനുകൾ സ്ഥാപിച്ചത് മേഖലയിലെ ഗതാഗതം പഴയപടിയാകുന്നതിന് വെല്ലുവിളിയാകുമെന്ന് യു.എസ് കുറ്റപ്പെടുത്തി.

മൈനുകളിൽ ചിലത് വഴിമാറി ഒഴുകാൻ സാദ്ധ്യതയുണ്ടെന്നും വിലയിരുത്തുന്നു. അതേസമയം,ഇറാനുമായി സമാധാന കരാറിൽ എത്തിയാലും ഇല്ലെങ്കിലും ഹോർമുസ് തങ്ങൾ തുറന്നിരിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു. മൈനുകൾ സ്ഥാപിക്കാൻ ഇറാൻ ഉപയോഗിച്ചിരുന്ന 28 ബോട്ടുകളും തകർത്തെന്നും ട്രംപ് അവകാശപ്പെട്ടു.

# യുദ്ധക്കപ്പലുകൾ കടന്നെന്ന് യു.എസ്

പാകിസ്ഥാനിൽ സന്ധി സംഭാഷണം തുടങ്ങിയതിനു പിന്നാലെ തങ്ങളുടെ രണ്ട് യുദ്ധക്കപ്പലുകൾ ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിച്ചെന്നും മൈനുകൾ നീക്കാനുള്ള ജോലികൾ തുടങ്ങിയെന്നും യു.എസിന്റെ അവകാശവാദം. ഇറാൻ ഇത് നിഷേധിച്ചു. ഖത്തറിലും മറ്റ് വിദേശ ബാങ്കുകളിലുമായി മരവിപ്പിച്ച ഇറാന്റെ ആസ്തികൾ വിട്ടുനൽകാൻ യു.എസ് സമ്മതിച്ചെന്ന് വാർത്ത പ്രചരിച്ചെങ്കിലും അധികൃതർ തള്ളി.

അതേസമയം,മദ്ധ്യസ്ഥർ വഴിയുള്ള ചർച്ചയ്ക്ക് പിന്നാലെയാണ് യു.എസ്-ഇറാൻ പ്രതിനിധി സംഘങ്ങൾ വേദിയിൽ മുഖാമുഖം എത്തിയത്. 1979ന് ശേഷം ആദ്യമായാണ് ഇരുരാജ്യങ്ങളും ഉന്നതതല ചർച്ച നടത്തുന്നത്. ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങളെ ഉന്നമിട്ട് ഇസ്രയേൽ നടത്തുന്ന ആക്രമണം നിറുത്താതെ ചർച്ചയ്ക്ക് തയ്യാറാകില്ലെന്നായിരുന്നു ഇറാന്റെ നിലപാട്. ഹിസ്ബുള്ളയുമായി ചർച്ചയ്ക്കില്ലെന്നും ലെബനീസ് സർക്കാരുമായി ചൊവ്വാഴ്ച യു.എസിൽ ചർച്ച നടത്താമെന്നും ഇസ്രയേൽ അറിയിച്ചു. ഇന്നലെ 90 പേർ കൂടി കൊല്ലപ്പെട്ടതോടെ ലെബനനിലെ മരണം 2,020 കടന്നു.

ഇറാന്റെ ഉപാധികൾ

1. ഹോർമുസ് കടലിടുക്കിനുമേലുള്ള അധികാരവും കപ്പലുകളിൽ നിന്ന് പണം പിരിക്കാനുള്ള അവകാശവും അംഗീകരിക്കണം

2. മരവിപ്പിച്ച ആസ്തികൾ സ്വതന്ത്രമാക്കണം. ഉപരോധങ്ങൾ നീക്കണം. നഷ്ടപരിഹാരം വേണം

3. സിവിലിയൻ ആവശ്യങ്ങൾക്ക് യുറേനിയം സമ്പുഷ്ടീകരണം തുടരും


യു.എസ് നിലപാട്

1. ഹോർമുസിൽ നിയന്ത്രണങ്ങളോ പണപ്പിരിവോ പാടില്ല. സ്വതന്ത്ര സഞ്ചാരം ഉറപ്പാക്കണം

2. ആണവ, മിസൈൽ പദ്ധതികൾ നിയന്ത്രിച്ചാൽ ഉപരോധങ്ങൾ നീക്കാം. നഷ്ടപരിഹാരം നൽകില്ല

3. യുറേനിയം സമ്പുഷ്ടീകരണം പാടില്ല

മൊജ്തബായുടെ മുഖത്തിന് രൂപമാറ്റം

ഇസ്രയേൽ - യു.എസ് വ്യോമാക്രമണത്തിൽ ഇറാൻ പരമോന്നത നേതാവ് മൊജ്തബാ ഖമനേയിയുടെ മുഖത്തിന് ഗുരുതര പരിക്കേറ്റെന്നും രൂപമാറ്റം സംഭവിച്ചെന്നും റിപ്പോർട്ട്. മുൻ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയിയുടെ ജീവനെടുത്ത ഫെബ്രുവരി 28ലെ ടെഹ്റാൻ വ്യോമാക്രമണത്തിൽ മകനായ മൊജ്തബായ്ക്ക് ഗുരുതര പരിക്കേറ്റെന്ന റിപ്പോർട്ട് നേരത്തെ പുറത്തുവന്നിരുന്നു. അതേ സമയം, മൊജ്തബാ മാനസികമായി ആരോഗ്യവാനാണെന്നും തീരുമാനങ്ങളെടുക്കാനുള്ള ശേഷിയെ ബാധിച്ചിട്ടില്ലെന്നും ചില ഇറാൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.


ട്രൈ​റ്റൺ ഡ്രോൺ: മിണ്ടാതെ

ഇറാനും യു.എസും


ഹോർമുസ് കടലിടുക്കിന് സമീപത്ത് വച്ച് യു.എസിന്റെ എം.ക്യു - 4 സി ട്രൈ​റ്റൺ നിരീക്ഷണ ഡ്രോൺ അപ്രത്യക്ഷമായ സംഭവത്തിൽ പ്രതികരിക്കാതെ യു.എസും ഇറാനും. ഫ്ലൈറ്റ് ട്രാക്കിംഗ് പ്ലാറ്റ്ഫോമുകളാണ് വെള്ളിയാഴ്ച പേർഷ്യൻ ഉൾക്കടലിന് മുകളിൽ വച്ച് ഡ്രോൺ അപ്രത്യക്ഷമായെന്ന വിവരം പുറത്തുവിട്ടത്. ഇതോടെ ഡ്രോണിനെ ഇറാൻ വെടിവച്ചിട്ടതോ, സാങ്കേതിക തകരാർ സംഭവിച്ചതോ ആകാമെന്ന അഭ്യൂഹങ്ങൾ ഉയർന്നു. 20 കോടി ഡോളറിലധികം വിലവരുന്ന ട്രൈ​റ്റൺ, യു.എസിന്റെ ഏ​റ്റവും വിലയേറിയ ഡ്രോണുകളിലൊന്നാണ്.


# ഹോർമുസ് ഉടൻ തുറക്കും. സുരക്ഷിതമാക്കാനുള്ള പ്രക്രിയ ആരംഭിച്ചു കഴിഞ്ഞു.

- ഡൊണാൾഡ് ട്രംപ്,

പ്രസിഡന്റ്, യു.എസ്

-------------------------------------

ഞങ്ങൾക്കൊപ്പം അവരുമുണ്ട്....

രക്തത്തിൽ കുതിർന്ന സ്കൂൾ ബാഗുകളും ഷൂകളും. നിഷ്കളങ്കമായ കുഞ്ഞുമുഖങ്ങളുടെ ചിത്രം. മുന്നിൽ വെളുത്ത റോസാപ്പൂക്കൾ... സമാധാന ചർച്ചയ്ക്കായി ഇന്നലെ പാകിസ്ഥാനിലെത്തിയ ഇറാൻ സംഘത്തിന്റെ വിമാനത്തിനുള്ളിലെ കാഴ്ചയാണിത്. മുൻനിരയിലെ നാല് സീറ്റുകൾ തെക്കൻ ഇറാനിലെ മിനാബിലെ സ്കൂൾ ആക്രമണത്തിൽ കൊല്ലപ്പെട്ട കുട്ടികളുടെ ഓർമ്മയ്ക്കായി ഒഴിച്ചിടുകയായിരുന്നു. യുദ്ധത്തിന്റെ ആദ്യദിനമായ ഫെബ്രുവരി 28ന് യു.എസ് നടത്തിയ വ്യോമാക്രമണത്തിൽ 160ലേറെ കുരുന്നുകളുടെ ജീവനാണ് മിനാബ് സ്കൂളിൽ പൊലീഞ്ഞത്. 'തന്റെ സഹയാത്രികർ' എന്ന അടിക്കുറിപ്പോടെ ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഖാലിബാഫ് ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. അയത്തൊള്ള അലി ഖമനേയിയെ യു.എസും ഇസ്രയേലും ചേർന്ന് വധിച്ചതിൽ പ്രതിഷേധിച്ച് കറുത്ത വസ്ത്രം ധരിച്ചാണ് ഇറാൻ സംഘമെത്തിയത്.

TAGS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.