
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ആദ്യവർഷ ബി.ഡി.എസ് വിദ്യാർത്ഥി നിതിൻരാജ് വെള്ളിയാഴ്ച കോളേജ് കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അദ്ധ്യാപകർ കൂട്ടത്തോടെ അധിക്ഷേപിച്ചെന്ന് നിതിൻരാജ് കൂട്ടുകാരോട് പറയുന്ന ശബ്ദ സന്ദേശമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. അദ്ധ്യാപകൻ വിഡ്ഢിയെന്ന് വിളിച്ചെന്നും സ്റ്റാഫ് റൂം കൂട്ടമായി ആക്രമിക്കുന്ന സ്ഥലമാണെന്നും നിതിൻ ശബ്ദസന്ദേശത്തിൽ പറയുന്നുണ്ട്. വീട്ടുകാരെ കളിയാക്കി സംസാരിച്ചെന്നും ഇന്റേണൽ മാർക്ക് കുറച്ചത് കുടുംബത്തിന് സർപ്രൈസ് നൽകാനെന്നും പറഞ്ഞു. സഹപാഠികൾക്കിടയിൽ വച്ച് അപമാനിച്ചെന്നും നിതിൻരാജ് വെളിപ്പെടുത്തുന്നുണ്ട്.
തിരുവനന്തപുരം നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദേശിയും പെയിന്റിംഗ് തൊഴിലാളിയുമായ രാജന്റെയും ലതയുടെയും മകനാണ് നിതിൻ. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ അദ്ധ്യാപികയാണ് നിതിന് അപകടം പറ്റിയെന്ന് അമ്മ ലതയെ വിളിച്ചറിയിച്ചത്. പരിയാരം ഗവ മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ മൃതദേഹം കോളേജിൽ പൊതുദർശനത്തിന് വച്ചു. ഇന്ന് രാവിലെ മൃതദേഹം തിരുവനന്തപുരം ഉഴമലക്കൽ കൊറ്റാമലയിലെ വീട്ടിലെത്തിച്ചു.
നിതിന്റെ മരണത്തിൽ ഡെന്റൽ അനാട്ടമി വിഭാഗം മേധാവി ഡോ. എം.കെ.റാമിനെയും അസോസിയേറ്റ് പ്രൊഫസർ ഡോ. സംഗീതയെയും സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. വകുപ്പ് മേധാവി നിതിനെ പുഴുത്ത പട്ടിയെന്ന് വിളിച്ചെന്നും നിറത്തിന്റെ പേരിലും അധിക്ഷേപിച്ചെന്നും കുടുംബം ഇന്നലെ ആരോപിച്ചിരുന്നു. പിന്നാലെയാണ് കോളേജ് പ്രിൻസിപ്പൽ ഡോ. വിനോദ്മണി നടപടിയെടുത്തത്. സംഭവം അന്വേഷിക്കാൻ സമിതിയും രൂപീകരിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |