
തിരുവനന്തപുരം: 'കണ്ണുതുറന്ന് നോക്കെടാ പൊന്നുമോനെ ' നെഞ്ചുപൊട്ടി അമ്മ ലതയുടെ നിലവിളി. മകന്റെ ഷർട്ടും ഐഡന്റിറ്റി കാർഡുകളും എടുത്തുകാട്ടി പൊട്ടിക്കരഞ്ഞ് അച്ഛൻ രാജൻ. ഡോക്ടറായി കാണാൻ ആഗ്രഹിച്ച മകന്റെ ചേതനയറ്റ ശരീരത്തിലേക്ക് നോക്കി ഹൃദയം നുറുങ്ങും വേദനയിൽ മാതാപിതാക്കൾ അലമുറയിട്ടപ്പോൾ കണ്ടുനിന്നവർക്കും കരച്ചിലടക്കാനായില്ല.
ജാതിവെറിയുടെ ക്രൂരതയിൽ പിടിച്ചുനിൽക്കാനാകെ ജീവനൊടുക്കിയ കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ആദ്യവർഷ ബി.ഡി.എസ് വിദ്യാർത്ഥി നിതിൻരാജിന്റെ മൃതദേഹം നെടുമങ്ങാട് കൊങ്ങണം കൊറ്റാമലയിലെ വാടക വീട്ടിലെത്തിച്ചത് രാവിലെ ഏഴരയോടെ. ഡോക്ടറായി മകൻ മടങ്ങിവരുന്നതും കാത്തിരുന്ന മാതാപിതാക്കൾക്കരികിലേക്ക് ചേതനയറ്റ ശരീരം എത്തിച്ചതോടെ സകല നിയന്ത്രണവും വിട്ടു അവർ വാവിട്ട് നിലവിളിച്ചു.
ഉച്ചയ്ക്ക് ഒരു മണിയോടെ ചാലയ്ക്കാട്ടെ കുടുംബവകയായ രണ്ടു സെന്റ് വസ്തുവിലായിരുന്നു സംസ്കാരം. വാടകവീട്ടിൽ നിന്നും ഒരു കിലോമീറ്റർ അകലെയുള്ള അവിടേക്ക് വിലാപയാത്രയായാണ് മൃതദേഹമെത്തിച്ചത്. മൃതദേഹം വീട്ടിൽ നിന്നും എടുക്കുന്നതിന് മുൻപ് മാതാപിതാക്കളും സഹോദരിമാരും അന്ത്യചുംബനം നൽകി. അവസാനമായി കോളേജിലേക്ക് മടങ്ങിപ്പോയപ്പോൾ കെട്ടിപ്പിടിച്ച് കവിളിൽ ഉമ്മ നൽകിയതിന്റെ ഓർമ്മകൾ പറഞ്ഞായിരുന്നു അമ്മയുടെ വിലാപം. പിന്നാലെ അമ്മ ബോധരഹിതായി വീണു.
സംസ്കാരത്തിനായി മൃതദേഹം കുഴിയിലേക്ക് എടുക്കുന്നതിനു മുമ്പ് മകന്റെ മുഖം ഒരിക്കൽ കൂടി കാണണമെന്ന് പിതാവ് വാശിപിടിച്ചു. മൃതദേഹത്തിൽ കെട്ടിപിടിച്ച് കിടന്ന് പൊട്ടിക്കരഞ്ഞു. നാട്ടുകാർ പണിപ്പെട്ടാണ് അദ്ദേഹത്തെ മാറ്റിയത്. പിന്നാലെ ദേഹാസ്വാസ്ഥ്യം ഉണ്ടായ അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. നിതിന്റെ സഹോദരി രാഖിയുടെ മകൻ അഞ്ചുവയസുകാരൻ അഥർവനാണ് അന്ത്യകർമ്മങ്ങൾ ചെയ്തത്.
നിതിന് അന്ത്യോപചാരമർപ്പിക്കാൻ നാടാകെ ഒഴുകിയെത്തിയിരുന്നു. മന്ത്രി വി.ശിവൻകുട്ടി, പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ, ജി.സ്റ്റീഫൻ എം.എൽ.എ ,എ.എ.റഹിം എം.പി, ബി.ജെപി നേതാക്കളായ വി.മുരളീധരൻ,വിവേക് ഗോപൻ, കോൺഗ്രസ് നേതാക്കളായ കൊടിക്കുന്നിൽ സുരേഷ്, വി.എസ്.ശിവകുമാർ,പാലോട് രവി, മീനാങ്കൽകുമാർ, സി.പി.എം നേതാക്കളായ ഷിജുഖാൻ, ആനാവൂർ നാഗപ്പൻ, ഉഴമലയ്‌ക്കൽ പഞ്ചായത്ത് പ്രസിഡന്റ് എം.എ.കാസിം തുടങ്ങിയവരും അന്ത്യോപചാരമർപ്പിച്ചു.
കണ്ണീരോർമ്മയായത്
കുടുംബത്തിന്റെ പ്രതീക്ഷ
മകൻ പഠിച്ച് ഡോക്ടറാകുന്നതോടെ തങ്ങളുടെ കഷ്ടപ്പാടുകൾ മാറുമെന്നായിരുന്നു കുടുംബത്തിന്റെ പ്രതീക്ഷ. അതാണ് ജാതിവെറിയിൽ ഇല്ലാതായത്. കൂലിവേല ചെയ്താണ് രാജൻ മകനെ പഠിപ്പിച്ചത്. കുടുംബത്തിന്റെ അവസ്ഥ തിരിച്ചറിയാവുന്ന നിതിൻ അവർക്ക് പ്രതീക്ഷ നൽകിയിരുന്നു. യു.കെയിൽ ജോലിനേടി അച്ഛനെയും അമ്മയെയും ഒപ്പം കൊണ്ടുപോകുമെന്ന് നിതിൻ പറയുമായിരുന്നു. കോളേജിലെ ബുദ്ധിമുട്ടുകൾ നിതിൻ സഹോദരിമാരായ രാഖിയേയും നിഖിതയേയും അറിയിച്ചിരുന്നു. അച്ഛനും അമ്മയും ഇക്കാര്യങ്ങളൊന്നും അറിയരുതെന്നും നിതിന് നിർബന്ധമുണ്ടായിരുന്നു.
കോളേജിൽ നിന്ന്
ആരുമെത്തിയില്ല
കോളേജിലെ സ്റ്റാഫ് റൂമിൽ വിളിച്ചുവരുത്തി അദ്ധ്യാപകർ അപമാനിച്ച വിവരം നിതിൻ സഹോദരിമാരെ അറിയിച്ചിരുന്നു. നിലവിട്ടുപോയപ്പോൾ അവൻ കടുംകൈ ചെയ്തതല്ലെന്നും കെട്ടിടത്തിനു മുകളിൽനിന്നും നിതിനെ തള്ളിയിട്ടു കൊന്നതാണെന്നും കുടുംബം ആരോപിക്കുന്നു. മൃതദേഹത്തോടൊപ്പം കോളേജിൽ നിന്നും ഒരാൾ പോലും എത്തിയില്ല. കോളേജ് മാനേജ്‌മെന്റിൽ നിന്നും ആരും വിളിച്ചില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |