SignIn
Kerala Kaumudi Online
Monday, 13 April 2026 3.18 AM IST

'90ലധികം സീറ്റുകൾ നേടി മൂന്നാം തവണയും എൽഡിഎഫ് അധികാരത്തിലെത്തും, ഭരണവിരുദ്ധവികാരം ഉണ്ടായിട്ടില്ല'

Increase Font Size Decrease Font Size Print Page
m-v-govindan

തിരുവനന്തപുരം: കേരളത്തിൽ 90 സീറ്റിലധികം നേടി മൂന്നാം തവണയും എൽഡിഎഫ് അധികാരത്തിൽ വരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഭരണവിരുദ്ധവികാരം ഉണ്ടായിട്ടില്ലെന്നും വോട്ടിംഗ് ശതമാനം കൂടാൻ കാരണം എസ്ഐആർ ആണെന്നും എംവി ഗോവിന്ദൻ പറഞ്ഞു. യുഡിഎഫിന്റെ അവകാശവാദം നടക്കില്ലെന്നും ബിജെപി അക്കൗണ്ട് തുറക്കില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു. സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിനുശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം തിരഞ്ഞെടുപ്പിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചത്.

'ഉത്തരേന്ത്യയിൽ കാണുന്നതുപോലെയുള്ള ചില വൈകൃതങ്ങൾവരെ കേരളത്തിൽ കാണുകയുണ്ടായി. യുഡിഎഫും ബിജെപിയും പണം ഒഴുക്കി. പണം എറിഞ്ഞ് വോട്ട് പിടിക്കാനുള്ള ശ്രമം ഉണ്ടായി. എൽഡിഎഫ് ഉയർത്തിപ്പിടിച്ച രാഷ്‌ട്രീയനിലപാടുകൾക്ക് വലിയ രീതിയിൽ അംഗീകാരം ലഭിക്കുന്ന സ്ഥിതിയുണ്ടായി. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും 90ലധികം സീറ്റുകൾ നേടിയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തിലെത്തിയത്. ഇപ്രാവശ്യവും ഞങ്ങൾ വിശദമായി പരിശോധിച്ചപ്പോൾ 90 സീറ്റുകളിലധികം നേടി വൻഭൂരിപക്ഷത്തോടെ മൂന്നാം ടേമിലേക്ക് കടക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ദാരിദ്ര്യരഹിതകേരളം സൃഷ്‌ടിക്കുന്നതിനുള്ള അംഗീകാരം സ്വാഭാവികമായും ഈ തിരഞ്ഞെടുപ്പിലും സ്വാധീനിക്കും'- എം വി ഗോവിന്ദൻ പറഞ്ഞു.

തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ ഉദ്യോഗസ്ഥർക്ക് വോട്ട് ചെയ്യുന്നതിനുള്ള അവസരം നിഷേധിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികളെ എം വി ഗോവിന്ദൻ വിമർശിച്ചു.

'എല്ലാവർക്കും വോട്ടവകാശം ഉറപ്പുവരുത്തുന്നതിന് ഉത്തരവാദിത്തമുള്ള ഏജൻസിയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ. എന്നാൽ, തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടവർക്ക് വോട്ട് ചെയ്യുന്നതിനുള്ള അവസരം നിഷേധിക്കുന്ന നിലപാടാണ് അവർ സ്വീകരിച്ചത്. ഇത്തരത്തിൽ ഇരുപതിനായിരത്തിലധികം പേർക്ക് വോട്ട് ചെയ്യാനുള്ള അവസരം ലഭിച്ചിട്ടില്ലെന്നാണ് വ്യക്തമാകുന്നത്'- എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.

TAGS: ELECTION, MVGOVINDAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.