
കണ്ണൂർ: കോളേജിലെ ജാതി അധിക്ഷേപത്തിനുപുറമേ, ഓൺലൈൻ ലോൺ ആപ്പ് മാഫിയയുടെ നിരന്തര ഭീഷണിക്കും മാനസിക പീഡനത്തിനും നിതിൻ രാജ് ഇരയായി. ഇത് വ്യക്തമാക്കുന്ന വാട്സ്ആപ്പ് ചാറ്റ് സൈബർ പൊലീസ് കണ്ടെത്തി. വായ്പ തിരിച്ചടയ്ക്കാത്തതിനെത്തുടർന്ന് നിതിന്റെ അദ്ധ്യാപികയ്ക്ക് അയച്ച ഭീഷണി സന്ദേശങ്ങളും പുറത്തുവന്നു.
38 ശതമാനം പലിശ നിരക്കിലാണ് നിതിൻ ഓൺലൈൻ ആപ്പിലൂടെ വായ്പയെടുത്തത്. തുടർന്ന് 19,000 രൂപ തിരിച്ചടയ്ക്കാൻ ആവശ്യപ്പെട്ടപ്പോൾ, താൻ പാവമാണെന്നും തിരിച്ചടയ്ക്കാൻ കഴിയുന്നില്ലെന്നും ലോൺ കമ്പനിക്ക് മറുപടി നൽകി. എന്നാൽ 1,000 രൂപ ഉടൻ അയയ്ക്കണമെന്നും പിന്നാലെ ബാക്കി 18,218 രൂപയും അടയ്ക്കണമെന്ന് ഭീഷണിപ്പെടുത്തിയ സന്ദേശങ്ങളാണ് പൊലീസിന്റെ കൈയിലുള്ളത്.
നിതിന്റെ അദ്ധ്യാപികയ്ക്കും ലോൺ കമ്പനി നിരന്തര ഫോൺ കാളുകളും ഭീഷണി സന്ദേശങ്ങളും അയച്ചു. ലോൺ തിരിച്ചടച്ചില്ലെങ്കിൽ കാളുകളും സന്ദേശങ്ങളും തുടർന്നുകൊണ്ടേയിരിക്കുമെന്നും ഭീഷണിപ്പെടുത്തി. നിതിന്റെ അമ്മയുടെയും അദ്ധ്യാപികയുടെയും പേര് ഒന്നായതുകൊണ്ടാണ് അദ്ധ്യാപികയെ ലക്ഷ്യമിട്ടതെന്നാണ് നിഗമനം.
20ലേറെ കാളുകൾ അദ്ധ്യാപികയുടെ ഫോണിലേക്ക് വന്നു. സഹികെട്ട അദ്ധ്യാപിക 10ന് പ്രിൻസിപ്പലിന് പരാതി നൽകി. തുടർന്ന് നിതിനെ പ്രിൻസിപ്പൽ ഓഫീസിലേക്ക് വിളിപ്പിക്കുകയും മൊബൈൽ ഫോൺ പിടിച്ചുവയ്ക്കുകയും ചെയ്തു. ഓഫീസിൽ നിന്നിറങ്ങിയ നിതിൻ ഉച്ചയ്ക്ക് 1.39ഓടെ ജീവനൊടുക്കുകയായിരുന്നു. നിതിന്റെയും അദ്ധ്യാപികയുടെയും കാൾ റെക്കാഡുകൾ പൊലീസ് ശേഖരിച്ചു.
അദ്ധ്യാപികയുടെ പരാതിയിൽ കേസെടുത്തു
നിതിൻരാജ് ഓൺലൈൻ ആപ്പിലൂടെയെടുത്ത ലോണിൽ തിരിച്ചടവ് ആവശ്യപ്പെട്ട് കോളേജ് അദ്ധ്യാപികയെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ് അസി. പ്രൊഫസർ ലത സഹദേവന്റെ പരാതിയിലാണ് കണ്ണൂർ സൈബർ ക്രൈം പൊലീസ് കേസെടുത്തത്. മരണപ്പെട്ട നിതിൻരാജ് ലോൺ ആപ്പിൽ നിന്ന് വായ്പയെടുത്തിരുന്നു. ഇതിനായി രണ്ടാമത് നൽകിയ ഫോൺ നമ്പർ അദ്ധ്യാപിക ലതയുടേതായിരുന്നു. ലോണുമായി ബന്ധപ്പെട്ട് അദ്ധ്യാപികയ്ക്ക് നിരന്തരം ഫോൺ വിളികൾ വന്നിരുന്നതായും ഭീഷണിപ്പെടുത്തിയിരുന്നതായും പരാതിയിൽ പറയുന്നു. അദ്ധ്യാപികയുടെ നമ്പർ ബോധപൂർവം നൽകിയതാണോ, ലോൺ ആപ്പ് ചോർത്തി എടുത്തതാണോ എന്നകാര്യവും പ്രത്യേക സംഘം അന്വേഷിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |