
തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിനെ മരണത്തിലേക്ക് തള്ളിവിട്ടത് അദ്ധ്യാപകരുടെ ജാതി അധിക്ഷേപമാണെന്ന് മാതാപിതാക്കൾ അന്വേഷണ സംഘത്തിന് മൊഴി നൽകി. മകനെ ഇല്ലാതാക്കിയവരെ വെറുതെ വിടല്ലേ എന്ന് അവർ പൊട്ടിക്കരഞ്ഞുകൊണ്ട് അഭ്യർത്ഥിച്ചു.
ലോൺ ആപ്പ് പരാതിയുടെ മറവിൽ നിതിൻ നേരിട്ട ജാതി അധിക്ഷേപങ്ങളും മാനസിക സംഘർഷവും മറച്ചുവയ്ക്കുകയാണ്. കോളേജിൽ നിന്ന് ആരും ഇതുവരെ ഒന്നും വിളിച്ചു ചോദിച്ചിട്ടില്ല. മകനെ അവിടെ പഠിപ്പിക്കാൻ അയച്ചതാണോ ഞങ്ങൾ ചെയ്ത തെറ്റെന്നും മാതാപിതാക്കൾ ചോദിച്ചു.
ചക്കരക്കൽ സി.ഐ ഫക്രുദ്ദീന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് നിതിന്റെ നെടുമങ്ങാട്ടെ വീട്ടിലെത്തി അച്ഛൻ രാജൻ, സഹോദരിമാരായ രാഖി, നിഖിത എന്നിവരിൽ നിന്ന് മൊഴിയെടുത്തത്. മൊഴിയെടുക്കൽ ആറു മണിക്കൂർ നീണ്ടു. അമ്മ ലതയുടെ മൊഴിയെടുക്കാനായില്ല. നിതിന്റെ ഫോൺ ശാസ്ത്രീയ പരിശോധനയ്‌ക്ക് അയക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. സംസ്ഥാന പട്ടികജാതി പട്ടികഗോത്രവർഗ കമ്മിഷൻ അദ്ധ്യക്ഷൻ ശേഖരൻ മിനിയോടൻ, അംഗം ടി.കെ. വാസു എന്നിവരും വീട്ടിലെത്തി വിവരങ്ങൾ ചോദിച്ചറിഞ്ഞു. കൃത്യമായ അന്വേഷണം ഉറപ്പാക്കുമെന്ന് ശേഖരൻ മിനിയോടൻ പറഞ്ഞു. കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണറോട് 15 ദിവസത്തിനുള്ളിൽ റിപ്പോർട്ട് ലഭ്യമാക്കാനും നിർദ്ദേശിച്ചു.
കമ്പികൊണ്ട് കുത്തിയ പാടുകൾ അന്വേഷിക്കണം
നിതിൻ രാജിന്റെ ശരീരത്തിൽ കമ്പികൊണ്ട് കുത്തിയ പാടുകളുണ്ടായിരുന്നെന്നും ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് കുടുംബം ഡി.ജി.പിക്ക് പരാതി നൽകി. നിതിന്റെ സഹോദരീ ഭർത്താവ് അശോക് കുമാറാണ് ജി. സ്റ്റീഫൻ എം.എൽ.എയ്ക്കൊപ്പം പൊലീസ് ആസ്ഥാനത്തെത്തി പരാതി നൽകിയത്. ഇൻക്വസ്റ്റ് സമയത്ത് പാടുകൾ കണ്ടെങ്കിലും അത് നേരത്തെ കഴിച്ച മരുന്നുകളുടെയും ചികിത്സയുടെയും ഭാഗമാണെന്നാണ് ഡോക്ടർമാർ പറഞ്ഞത്. ഇക്കാര്യം വിശദമായി അന്വേഷിക്കണം. മരണകാരണം എത്രയും വേഗം കണ്ടെത്തുമെന്നും നീതി ലഭ്യമാക്കുമെന്നും ഡി.ജി.പി ഉറപ്പു നൽകിയതായി അശോക് കുമാർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |