
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ ഡോ. എസ്.കെ. റാം അദ്ധ്യാപകനായി ഇനി കോളേജിലുണ്ടാകില്ല. ഓറൽ പതോളജി വിഭാഗം മേധാവിയായ റാമിനെ പുറത്താക്കാൻ കോളേജ് മാനേജ്മെന്റ് യോഗത്തിൽ തീരുമാനിച്ചു. നടപടിക്രമം പൂർത്തിയാക്കി വൈകാതെ പുറത്താക്കും. തീരുമാനം ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
റാം നടത്തിയ ജാതി അധിക്ഷേപമടക്കം നിതിനെ മരണത്തിലേക്ക് തള്ളിവിട്ടുവെന്നാണ് ആരോപണം. നിതിന്റെ മരണത്തിനുമുൻപും റാമിനെതിരെ നിരവധി പരാതികളുയർന്നിരുന്നു. മരണത്തിനു പിന്നാലെ നിതിന്റെ സഹപാഠികളടക്കം റാമിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.
റാമിനൊപ്പം ആരോപണവിധേയയായ അസോ. പ്രൊഫസർ ഡോ. സംഗീത നമ്പ്യാർക്കെതിരെ അന്വേഷണത്തിനുശേഷം കൂടുതൽ നടപടികൾ സ്വീകരിച്ചാൽ മതിയെന്നാണ് മാനേജ്‌മെന്റ് യോഗത്തിലെ ധാരണ. ഇരുവരും സസ്‌പെൻഷനിലാണ്.
ജാതി അധിക്ഷേപം, ആത്മഹത്യാപ്രേരണ അടക്കം കുറ്റങ്ങൾച്ചുമത്തി പൊലീസ് കേസെടുത്തതിന് പിന്നാലെ ഇരുവരും ഒളിവിലാണ്. ഇവർക്കായി തെരച്ചിൽ നടത്തുന്നുണ്ടെങ്കിലും മതിയായ തെളിവ് ശേഖരിച്ചശേഷം മാത്രം അറസ്റ്റെന്ന നിലപാടിലാണ് അന്വേഷണ സംഘം. അതിനാൽ അറസ്റ്റ് വൈകിയേക്കും. ഇരുവരും കോടതിയിൽ മുൻകൂർ ജാമ്യഹർജി നൽകാൻ ഒരുങ്ങുന്നതായും സൂചനയുണ്ട്.
നിതിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കാൻ ആരോഗ്യ സർവകലാശാല നാലംഗ കമ്മിഷനെ നിയമിച്ചു. കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആരോപണ വിധേയരായ അദ്ധ്യാപകർക്കെതിരെ നടപടിയുണ്ടാകും.
പ്രിൻസിപ്പൽ മുറിയിൽ വിചാരണ, കരഞ്ഞുകൊണ്ട് പുറത്തേക്ക്
നിതിന്റെ മരണവുമായി ബന്ധപ്പെട്ട് നിർണായക തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചു. മരണത്തിന് തൊട്ടുമുൻപ് പ്രിൻസിപ്പലിന്റെ മുറിയിൽനിന്ന് നിതിൻ കരഞ്ഞുകൊണ്ട് പുറത്തേക്ക് പോകുന്ന സി.സി ടിവി ദൃശ്യങ്ങൾ കണ്ടെത്തി. നിമിഷങ്ങൾക്കകം നിതിൻ ജീവനൊടുക്കി. ലോൺആപ്പിൽ നിന്ന് നിതിൻ വായ്പയെടുത്തതുമായി ബന്ധപ്പെട്ട് അദ്ധ്യാപിക ലതയ്ക്കും ഭീഷണി സന്ദേശങ്ങൾ ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് നിതിനെ ഓഫീസിലേക്ക് വിളിപ്പിച്ചത്. ലോൺ ആപ്പ് ടീമിനെ വിളിക്കാനും അദ്ധ്യാപികയുടെ നമ്പർ ഒഴിവാക്കാൻ ആവശ്യപ്പെടാനും നിതിനെ നിർബന്ധിച്ചു. ഫോൺ പിടിച്ചുവച്ചു. ലോൺ ആപ്പിൽ അദ്ധ്യാപികയുടെ നമ്പർ നൽകിയിട്ടില്ലെന്നും മാതാപിതാക്കളുടെയും സഹോദരിയുടെയും നമ്പറുകളാണ് റഫറൻസായി നൽകിയതെന്നും നിതിൻ പറഞ്ഞതായി സൂചനയുണ്ട്. ആ സമയം പ്രിൻസിപ്പലിന്റെ മുറിയിൽ ആരൊക്കെ ഉണ്ടായിരുന്നുവെന്നതടക്കം പൊലീസ് അന്വേഷിക്കുന്നുണ്ട്. തന്റെ പ്രിയപ്പെട്ട അദ്ധ്യാപികയെ ലോൺആപ്പ് മാഫിയ ഉപദ്രവിക്കുന്നതും അദ്ധ്യാപിക പൊലീസിൽ പരാതി നൽകാൻ ഒരുങ്ങുന്നതും നിതിനെ മാനസികമായി തകർത്തെന്നാണ് നിഗമനം. ജാതി അധിക്ഷേപം, ലോൺആപ്പ് ഭീഷണി, കോളേജിലെ വിചാരണ എന്നിവമൂലമുണ്ടായ മാനസിക സമ്മർദ്ദമാകാം നിതിനെ മരണത്തിലേക്ക് തള്ളിവിട്ടതെന്നും പൊലീസ് കരുതുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |