
ബേപ്പൂർ: കർണാടകയിലെ ഗുണ്ടൽപേട്ട് ചാമരാജനഗറിൽ കാറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് ബേപ്പൂർ സ്വദേശികളായ മൂന്നുപേർക്ക് ദാരുണാന്ത്യം. ബംഗളൂരുവിൽ സ്ഥിര താമസക്കാരായ ബേപ്പൂർ നടുവട്ടം പുഞ്ചപ്പാടം സ്വദേശികളായ മുഹമ്മദ് അസീർ (37) സഹോദരി അയിഷ നൂരി (41), അയിഷ നൂരിയുടെ മകൾ നൂഹ മുബാറക്ക് (19), എന്നിവരാണ് മരിച്ചത്.
മുഹമ്മദ് അസീർ ബംഗളൂരുവിൽ ബി.ഇ.എം.എല്ലിൽ ജീവനക്കാരനാണ്. നാട്ടിൽ നിന്ന് മൈസൂരുവിലേക്ക് സഹോദരിയെയും കുട്ടികളെയും കൂട്ടി പോകുന്നതിനിടെ ദേശീയ പാത 766-ൽ ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം. ഗുണ്ടൽപേട്ടിൽനിന്ന് കേരളത്തിലേക്ക് വരികയായിരുന്ന ടിപ്പർ ലോറി കാറിൽ ചെന്നിടിക്കുകയായിരുന്നു. അയിഷ നൂരിയും നൂഹ മുബാറക്കും സംഭവസ്ഥലത്തുതന്നെ മരിച്ചു. മുഹമ്മദ് അസീറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഒമ്പതു വയസുകാരനായ നഹിയാനെ ഗുരുതര പരിക്കുകളോടെ മൈസൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരേതനായ അസീസ്, അസ്മ ദമ്പതികളുടെ മകനാണ് പി.കെ മുഹമ്മദ് , ഭാര്യ ഷഹന , മക്കൾ: അയാൻ , അഹിയാൻ. സഹോദരങ്ങൾ ആയിഷ നൂരി, കദീജ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |