
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ രണ്ട് കേസുകളിലും കുറ്റപത്രം നൽകുന്നത് ഇനിയും വൈകും. 90 ദിവസത്തിനകം കുറ്റപത്രം നൽകാത്തതിനാൽ പ്രതികളെല്ലാം സ്വാഭാവിക ജാമ്യം നേടി പുറത്തിറങ്ങിക്കഴിഞ്ഞു. കൊള്ളയടിച്ച സ്വർണം എവിടെയാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല.
ബെല്ലാരിയിലെ ഗോവർദ്ധന്റെ ജൂവലറിയിൽ നിന്ന് 470ഗ്രാം സ്വർണം പിടിച്ചെടുത്തെങ്കിലും ഇത് ശബരിമലയിൽ നിന്ന് നഷ്ടമായതല്ല. സ്വർണം കണ്ടെത്താനായില്ലെങ്കിൽ കേസ് ദുർബലമാവും. തൊണ്ടിമുതൽ കിട്ടാതെ കവർച്ചക്കേസ് നിലനിൽക്കില്ലെന്നതിനാൽ പ്രതികൾ രക്ഷപ്പെടാം. പ്രധാന കേസ് പാളിയാൽ പ്രതികൾക്കെതിരേ ചുമത്തിയ അഴിമതിനിരോധന നിയമപ്രകാരമുള്ള കുറ്റങ്ങളും ഇല്ലാതാവും. എത്രത്തോളം സ്വർണം കവർന്നെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല.
വി.എസ്.എസ്.സിയിലെ പരിശോധനയിൽ അളവ് കണ്ടെത്താനാവാത്തതോടെ ജംഷെഡ്പൂരിലെ നാഷനൽ മെറ്റലർജിക്കൽ ലാബിന്റെ സഹായംതേടിയിരിക്കുകയാണ് എസ്.ഐ.ടി. ഫലം ഇതുവരെ ലഭിച്ചിട്ടില്ല. ഇത് കിട്ടിയാലേ പാളികൾ അപ്പാടെ മാറ്റിയോ എന്ന് ഉറപ്പിക്കാനാവൂ. ലഭ്യമായ തെളിവുകൾ ഉൾപ്പെടുത്തി പ്രാഥമികകുറ്റപത്രം നൽകാൻപോലും എസ്.ഐ.ടിക്കായിട്ടില്ല. രാഷ്ട്രീയ പ്രമുഖർ ജയിലിലാവുകയും അന്വേഷണ പരിധിയിലാവുകയും ചെയ്തതോടെ അന്വേഷണം മന:പൂർവ്വം ഉഴപ്പുകയാണെന്നാണ് ആക്ഷേപം. 5 പ്രമുഖർ കൂടി അറസ്റ്റിലാവുമെന്ന് എസ്.ഐ.ടി കോടതിയെ അറിയിച്ചിരുന്നെങ്കിലും തുടർ നടപടികളുണ്ടായിട്ടില്ല.
അതേസമയം, പ്രതികളിൽ ചിലരെ മാപ്പുസാക്ഷികളാക്കാനാണ് എസ്.ഐ.ടി ഒരുങ്ങുന്നത്. ബോർഡ് ഉന്നതർക്കും ജീവനക്കാർക്കുമെതിരെ കുറ്റപത്രം സമർപ്പിക്കാൻ സർക്കാരിന്റെ മുൻകൂർ അനുമതി ആവശ്യമാണ്. പുതിയ സർക്കാരാണ് അനുമതി നൽകേണ്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |