
ന്യൂഡൽഹി: ഇന്ന് നടക്കുന്ന രാജ്യസഭാ ഉപാദ്ധ്യക്ഷ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുമെന്ന് പ്രതിപക്ഷം. രാഷ്‌ട്രപതി രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്‌ത ഹരിവംശ് നാരായൺ സിംഗിനെ പ്രതിപക്ഷത്തോട് ആലോചിക്കാതെ എൻ.ഡി.എ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിൽ എതിർത്തുകൊണ്ടാണിത്.
ഹരിവംശ് ഇന്നലെ പത്രിക നൽകി. ഇന്ന് രാവിലെ 11നാണ് തിരഞ്ഞെടുപ്പ്. എൻ.ഡി.എയ്‌ക്ക് സഭയിൽ ഭൂരിപക്ഷമുള്ളതിനാൽ ഹരിവംശ് ഉപാദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെടും. ഇത് അദ്ദേഹത്തിന്റെ മൂന്നാമൂഴമാണ്. നാമനിർദ്ദേശം ചെയ്ത ഒരാളെ ഉപാദ്ധ്യക്ഷനായി നിയമിക്കുന്നത് കീഴ്‌വഴക്കമല്ലെന്ന് കോൺഗ്രസ് നേതാവ് ജയ്റാം രമേശ് പ്രതികരിച്ചു. ഇക്കാര്യത്തിൽ സർക്കാർ പ്രതിപക്ഷവുമായി അർത്ഥവത്തായ കൂടിയാലോചനകൾ നടത്തിയില്ലെന്നും പറഞ്ഞു.
ജെ.ഡി.യു നേതാവായ ഹരിവംശിന്റെ രാജ്യസഭാ കാലാവധി ഏപ്രിൽ 9ന് പൂർത്തിയായിരുന്നു. എന്നാൽ ബീഹാറിൽ ജെ.ഡി.യു ക്വാട്ടയിൽ അദ്ദേഹത്തിന് അവസരം ലഭിക്കാത്തതുകൊണ്ട് രാഷ്ട്രപതിയുടെ നാമനിർദ്ദേശത്തിലൂടെ അംഗമാക്കി. 2018ൽ ഒന്നാം മോദി സർക്കാരിന്റെ കാലത്താണ് കേന്ദ്ര സർക്കാരിന്റെ വിശ്വസ്‌തനായ അദ്ദേഹം ആദ്യം രാജ്യസഭാ ഉപാദ്ധ്യക്ഷനായത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |