
ന്യൂഡല്‍ഹി: രാജ്യത്ത് 2029ലെ ലോക്‌സഭ തിരഞ്ഞെടുപ്പ് വനിത സംവരണത്തോടെ തന്നെ നടക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വനിതാ സംവരണ ബില്ലിലും മണ്ഡല പുനര്‍നിര്‍ണയ ബില്ലിലും നടന്ന ചര്‍ച്ചകളില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷ അംഗങ്ങള്‍ ബില്ലിനെ എതിര്‍ക്കുകയാണെന്നും എന്നാല്‍ തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോകില്ലെന്നും അദ്ദേഹം പറഞ്ഞു.
മണ്ഡല പുനര്‍നിര്‍ണയത്തെ എതിര്‍ക്കുന്നവര്‍ പിന്നാക്ക വിഭാഗങ്ങള്‍ക്കായുള്ള സംവരണ സീറ്റുകള്‍ വര്‍ദ്ധിപ്പിക്കുന്നതിനേയും എതിര്‍ക്കുകയാണ്. ലോക്‌സഭ സീറ്റുകള്‍ കൂടുമ്പോള്‍ സംവരണ സീറ്റുകളും കൂടും. വനിതാ ശാക്തീകരണത്തിനും ഭരണഘടനാ പരിഷ്‌കരണത്തിനുമുള്ള സര്‍ക്കാരിന്റെയും പ്രധാനമന്ത്രിയുടേയും പ്രഥമ ലക്ഷ്യം ഇത് കൃത്യസമയത്ത് നടപ്പിലാക്കുക എന്നതാണെന്നും അമിത് ഷാ പറഞ്ഞു.
''ചിലയിടങ്ങളില്‍ 45 ലക്ഷം ജനസംഖ്യയ്ക്ക് ഒരു എംപി മാത്രമാണുള്ളത്. എന്നാല്‍ മറ്റു ചിലയിടങ്ങളില്‍ 20 ലക്ഷം പേര്‍ക്ക് ഒരു പ്രതിനിധിയുണ്ട്. അതുകൊണ്ട് തന്നെ വോട്ടിന്റെ മൂല്യം എല്ലായിടത്തും ഒരുപോലെയല്ല. മണ്ഡല പുനര്‍നിര്‍ണയത്തിനായി ജനങ്ങള്‍ ഞങ്ങളെ പിന്തുണയ്ക്കുകയും വിശ്വസിക്കുകയും ചെയ്താല്‍, ഈ നടപടിയുമായി മുന്നോട്ട് പോകാന്‍ ഞങ്ങളെ അനുവദിച്ചാല്‍, വോട്ടിന്റെ മൂല്യം രാജ്യത്തുടനീളം തുല്യമാകുമെന്ന് പറയാന്‍ ആഗ്രഹിക്കുന്നു. പ്രതിപക്ഷത്തുള്ളപ്പോഴും ഭരണപക്ഷത്തുള്ളപ്പോഴും കോണ്‍ഗ്രസ് വനിതാസംവരണത്തെ എതിര്‍ത്തിട്ടേയുള്ളൂ.''- അമിത് ഷാ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |