
കാരണം ഗഗൻയാനും പി.എസ്.എൽ.വി പരാജയങ്ങളും
തിരുവനന്തപുരം: ഐ.എസ്.ആർ.ഒ ഉപകരണവിക്ഷേപണങ്ങളുടെ മാന്ദ്യം വാർത്താവിനിമയ രംഗത്ത് ആശങ്കയാകുന്നു. തുടർച്ചയായ പി.എസ്.എൽ.വി പരാജയങ്ങളും ഗഗൻയാൻ പദ്ധതിയുടെ തിരക്കുമാണ് വിക്ഷേപണങ്ങൾ കുറയാൻ കാരണം. ഇതു വാർത്താവിനിമയരംഗത്തെ അവിഭാജ്യസംവിധാനമായ ട്രാൻസ്പോണ്ടറുകളുടെ എണ്ണത്തെ ബാധിക്കും. ഡിജിറ്റൽ ഇന്ത്യ, ഭാരത് നെറ്റ്, 5ജി നെറ്റ്‌വർക്ക്, നാഷണൽ സെക്യൂരിറ്റി ആപ്ളിക്കേഷൻ, ഒ.ടി.ടി സർവീസ് തുടങ്ങിയവയുടെ സേവനം തടസപ്പെടാൻ ട്രാൻസ്പോണ്ടറുകളുടെ കുറവ് കാരണമാകും.
ഇൻസാറ്റ്, ജി- സാറ്റ് ഉപഗ്രഹങ്ങളിലായി ആകെ 196 ട്രാൻസ്പോണ്ടറുകളാണ് രാജ്യത്തിനുള്ളത്. 500ഓളം ട്രാൻസ്പോണ്ടറുകൾ വേണ്ട സ്ഥാനത്താണിത്. വിദേശ ഉപഗ്രഹങ്ങളിലെ നൂറിലേറെ ഹൈത്രോപുട് സാറ്റലൈറ്റ് ട്രാൻസ്പോണ്ടറുകൾ വാടകയ്ക്കെടുത്താണ് ഈ കുറവ് പരിഹരിക്കുന്നത്. ഇതു വൻസാമ്പത്തിക നഷ്ടമാണുണ്ടാക്കുന്നത്.
പ്രതിവർഷം 10- 12 ഉപഗ്രഹ വിക്ഷേപണങ്ങൾ നടത്തിയിരുന്ന ഐ.എസ്.ആർ.ഒ, മൂന്ന് വർഷങ്ങളായി വിരലിലെണ്ണാവുന്ന വിക്ഷേപണങ്ങളാണ് നടത്തുന്നത്. കഴിഞ്ഞവർഷം അമേരിക്കയുമായി ചേർന്നുള്ള നിസാർ, ബ്ളുബേർഡ് വാണിജ്യവിക്ഷേപണം ഉൾപ്പെടെ അഞ്ചെണ്ണമാണ് നടത്തിയത്. അതിൽ ഒരെണ്ണം പരാജയപ്പെട്ടു. ഈവർഷം ഇതുവരെ നടത്തിയത് ഒരു വിക്ഷേപണം. അത് പരാജയപ്പെടുകയും ചെയ്തു.
നാവിക്കും പ്രതിസന്ധിയിൽ
അമേരിക്കൻ ജി.പി.എസിനു ബദലായി ഐ.എസ്.ആർ.ഒ വികസിപ്പിച്ച നാവിക് അഥവാ ഐ.ആർ.എൻ.എസ്.എസിലെ ഉപഗ്രഹം നിലച്ചതോടെ ഈ സംവിധാനവും പ്രതിസന്ധിയിൽ. 2016 മാർച്ചിൽ വിക്ഷേപിച്ച ഐ.ആർ.എൻ.എസ്.എസ് വൺ എഫിനു 10 വർഷക്കാലാവധിയാണ് ഉണ്ടായിരുന്നത്. ഈവർഷം ഇത് അവസാനിക്കും. സംവിധാനത്തിലെ 12ഉപഗ്രഹങ്ങളിൽ നാലും കാലാവധിക്കുമുമ്പേ സാങ്കേതിക തകരാർ മൂലം നിശ്ചലമായി. ഉപഗ്രഹത്തിലെ റുബീഡിയം അറ്റോമിക് ക്ലോക്ക് പ്രവർത്തനരഹിതമായതാണ് കാരണം. പകരം ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ ടൈം ലൈൻ തയ്യാറാക്കിയെങ്കിലും നടന്നില്ല. ഇന്ത്യയിലും അതിർത്തിക്കു പുറത്ത് 1,500 കിലോമീറ്റർ വരെയും സേവനം ലഭിക്കുമെന്നതാണ് നാവിക്കിന്റെ പ്രത്യേകത. യുദ്ധസാഹചര്യങ്ങളിലുൾപ്പെടെ വിദേശ രാജ്യങ്ങളുടെ ജി.പി.എസ് സേവനം തടസപ്പെട്ടാലും ഇന്ത്യക്ക് സ്വന്തം സംവിധാനം ഉപയോഗിച്ച് മുന്നോട്ട് പോകാമെന്നതാണ് നാവിക്കിന്റെ തന്ത്രപരമായ പ്രാധാന്യം.
ഐ.എസ്.ആർ.ഒ വിക്ഷേപണങ്ങൾ
2023ൽ ആദിത്യ, ചന്ദ്രയാൻ 3 ഉൾപ്പെടെ 7
2024ൽ പ്രോബയും സ്പെഡക്സും ഉൾപ്പെടെ 4
2025ൽ നിസാറും ഒരു വാണിജ്യവിക്ഷേപണവും ഉൾപ്പെടെ 5. ഒരെണ്ണം പരാജയം
2026ൽ 1; അത് പരാജയപ്പെട്ടു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |