
കണ്ണൂർ: താൻ ഓടിച്ച കാറും ബെെക്കുമായി കൂട്ടിയിടിച്ച് യുവാക്കൾക്ക് പരിക്കേറ്റ സംഭവത്തിൽ ശാസ്‌ത്രീയ പരിശോധനാഫലം പുറത്തുവന്നതിന് പിന്നാലെ പ്രതികരിച്ച് നടൻ മണിയൻപിള്ള രാജു. അപകടസമയത്ത് മണിയൻപിള്ള രാജു മദ്യപിച്ചിരുന്നില്ലെന്ന് ശാസ്‌ത്രീയ പരിശോധനാഫലത്തിൽ തെളിഞ്ഞിരുന്നു. ഭയങ്കര ആശ്വാസം ഉണ്ടെന്നാണ് നടന്റെ പ്രതികരണം.
'ഭയങ്കര ആശ്വാസം ഉണ്ട്. വളരെ വിഷമം നിറഞ്ഞ സമയത്തിലൂടെയായിരുന്നു കടന്നുപോയത്. ഞാൻ ഡ്രെെവ് ചെയ്തിട്ട് ഇതുവരെ ഒരു സെെക്കിളിൽ പോലും ഇടിച്ചിട്ടില്ല. ഞാൻ വളരെ പതുക്കെയാണ് വാഹനം ഓടിക്കുന്നത്. ദൂരയാത്രകൾ വരുമ്പോൾ ഡ്രെെവറാണ് വാഹനം ഓടിക്കുന്നത്. ഞാൻ തിരുവനന്തപുരത്ത് അമ്പലത്തിൽ പോകാനോ ചെറിയ പരിപാടിക്ക് പോകാനോ മാത്രമേ വാഹനം ഓടിക്കാറുള്ളൂ. ഞാൻ ട്രിവാൻഡ്രം ക്ലബിൽ നിന്ന് ഇറങ്ങിയപ്പോൾ നോക്കിയിട്ടാണ് വാഹനം ഇറക്കിയത്. ഇങ്ങോട്ടുവന്നാണ് വാഹനം ഇടിച്ചത്. അത് വലിയ വാർത്തയായി. ഉടൻതന്നെ വാഹനം ഒതുക്കി ആംബുലൻസിനെ വിളിച്ചു. പുറത്തിറങ്ങിയാൽ ആളുകൾ എങ്ങനെ പ്രതികരിക്കുകുമെന്ന് അറിയില്ലായിരുന്നു. അതാണ് ഇറങ്ങാത്തത്. അതാണ് എന്റെ ഭാഗത്ത് നിന്ന് ഉണ്ടായ തെറ്റ്. നല്ല അന്വേഷണമായിരുന്നു. തെറ്റുകാരനല്ലെന്ന് കണ്ട് വെറുതെവിട്ടു. കേസ് നടക്കുന്നുണ്ട്. യുവാക്കളോട് സംസാരിച്ചു. അവർ പാവമാണ്. തെറ്റിദ്ധാരണ മാറിയതിൽ സന്തോഷം ഉണ്ട്'- മണിയൻപിള്ള രാജു പറഞ്ഞു.
ഫെബ്രുവരി അഞ്ചിന് രാത്രിയിലാണ് മണിയൻപിള്ള രാജുവിന്റെ കാറും ബെെക്കും കൂട്ടിയിടിച്ച് യുവാക്കൾക്ക് പരിക്കേറ്റത്. ട്രിവാൻഡ്രം ക്ലബിൽ നിന്ന് കാർ റോഡിലേക്കിറങ്ങിയ സമയത്തായിരുന്നു അപകടം. അപകടം നടന്നതിന്റെ തൊട്ടടുത്ത ദിവസമാണ് താരത്തിന്റെ രക്തസാമ്പിളുകൾ പരിശോധനയ്‌ക്ക് അയച്ചത്. അപകടത്തിന് ശേഷം മണിയൻപിള്ള രാജു വാഹനം നിർത്താതെ പോയത് വലിയ വിവാദമായിരുന്നു. പിറ്റേദിവസമാണ് താരം മ്യൂസിയം പൊലീസ് സ്റ്റേഷനിൽ ഹാജരായത്. പിന്നെയും 12 മണിക്കൂറിന് ശേഷമാണ് രക്തസാമ്പിളുകൾ പരിശോധനയ്‌ക്ക് അയച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |