SignIn
Kerala Kaumudi Online
Wednesday, 13 May 2026 7.00 PM IST

രൂപയുടെ ഊഹക്കച്ചവടത്തിൽ റിസർവ് ബാങ്ക് ഇളവ്

Increase Font Size Decrease Font Size Print Page
forex

ആഗോള നിയമങ്ങൾ പാലിക്കാൻ സമ്മർദ്ദം

കൊച്ചി: രൂപയുടെ മൂല്യത്തകർച്ചയ്ക്ക് തടയിടാൻ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് റിസർവ് ബാങ്ക്. രൂപയെ ആഗോള നാണയമാക്കുന്നതിന് കഴിഞ്ഞ ദിവസം ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ തിരിച്ചടിയാകുമെന്ന ആശങ്ക കണക്കിലെടുത്താണ് തീ്രുമാനം. രൂപയുടെ നോൺ ഡെലിവറബിൾ അവധി വ്യാപാരത്തിലെ നിയന്ത്രണങ്ങളാണ് ഒഴിവാക്കിയത്. രൂപയു‌ടെ അവധി വ്യാപാരത്തിലെ നിയന്ത്രണം അനിശ്ചിതമായി തുടരുമെന്നാണ് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര നേരത്തെ വ്യക്തമാക്കിയത്. പുതിയ നിർദേശമനുസരിച്ച് റെസിഡന്റ്, നോൺ റെസിഡന്റ് ഉപയോക്താക്കൾക്ക് രൂപയുടെ നോൺ ഡെലിവറബിൾ അവധി കരാറുകൾ എടുക്കുന്നതിന് തടസമുണ്ടാകില്ല. രൂപ ഉൾപ്പെടുന്ന വിദേശ നാണയ കരാറുകൾ എടുക്കുന്നതിന് ഉപയോക്താവിനെ അനുവദിക്കാൻ ഇതോടെ അംഗീകാരമുള്ള വ്യാപാരികൾക്ക് കഴിയും. രാജ്യത്തെ വാണിജ്യ ബാങ്കുകൾക്ക് നിർദേശം ആശ്വാസമാകും.

മാർച്ചിൽ ക്രൂഡോയിൽ വില ബാരലിന് 100 ഡോളർ കവിഞ്ഞതും ഡോളർ കരുത്താർജിച്ചതും കണക്കിലെടുത്താണ് രൂപയുടെ അവധി വ്യാപാരത്തിന് നേരത്തെ റിസർവ് ബാങ്ക് നിയന്ത്രണം ഏർപ്പെടുത്തിയത്.

കുതിച്ചുയർന്ന് ക്രൂഡ് വില

ഇറാനും അമേരിക്കയുമായി സംഘർഷം വീണ്ടും ശക്തമായതോടെ രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില അഞ്ച് ശതമാനം ഉയർന്നു. സമാധാന ചർച്ചകൾ തടസപ്പെട്ടതും ഹോർമൂസ് ഇടനാഴി വീണ്ടും അടച്ചതുമാണ് വിലയിൽ കുതിപ്പുണ്ടാക്കിയത്. ബ്രെന്റ് ക്രൂഡിന്റെ വില ഇന്നലെ ബാരലിന് 95 ഡോളറിലേക്ക് കുതിച്ചുയർന്നു. പശ്ചിമേഷ്യയിലെ രാഷ്ട്രീയ അനിശ്ചിതത്വം ലോകമെമ്പാടുമുള്ള വിപണികളെ മുൾമുനയിലാക്കി.

കരുത്ത് ചോർന്ന് രൂപ

അവധി വ്യാപാരത്തിലെ നിയന്ത്രണങ്ങൾക്ക് റിസർവ് ബാങ്ക് ഇളവ് നൽകിയതും ക്രൂഡോയിൽ വിലയിലെ കുതിപ്പും ഇന്നലെ രൂപയ്ക്ക് സമ്മർദ്ദം ശക്തമാക്കി. ഡോളറിനെതിരെ രൂപ ഇന്നലെ 19 പൈസ നഷ്‌ടവുമായി 93.10ൽ വ്യാപാരം പൂർത്തിയാക്കി. യുദ്ധ ഭീഷണി ശക്തമായതിനാൽ ലോകത്തിലെ പ്രമുഖ നാണയങ്ങൾക്കെതിരെ ഡോളർ ശക്തിയാർജിച്ചു.

TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360