തിരുവനന്തപുരം: കവടിയാർ കൊട്ടാരത്തിലെ കവർച്ചയിൽ പൊലീസ് അന്വേഷണത്തിൽ മെല്ലെപ്പോക്ക്. തിരഞ്ഞെടുപ്പ് ഉൾപ്പെടെ മറ്റു ചുമതലകൾ വന്നതോടെ പ്രത്യേക സംഘത്തിന്റെ അന്വേഷണം മന്ദഗതിയിലായി. മാർച്ച് മാസത്തോടെ മൊഴിയെടുപ്പ് പൂർത്തിയാക്കാനായിരുന്നു അന്വേഷണ സംഘത്തിന്റെ തീരുമാനം.
എന്നാൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയും മറ്റു ചുമതലകളും വന്നതോടെ മൊഴിയെടുപ്പ് പാതിവഴിയിൽ നിലച്ചു. രാജകുടുംബാംഗങ്ങളുടെ മൊഴിയെടുപ്പ് പൂർത്തിയായിട്ടില്ല. ചില ജീവനക്കാരുടെ മൊഴി വീണ്ടും രേഖപ്പെടുത്തണം. ഇതിനുള്ള സാവകാശം പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ല.
അന്വേഷണ സംഘം ബുദ്ധിമുട്ടിക്കുന്നുവെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരോട് കൊട്ടാരത്തിലുള്ളവർ പരാതിപ്പെട്ടിരുന്നു. ഇതും അന്വേഷണം വൈകാൻ കാരണമായി. രാജകുടുംബത്തിലുള്ളവരുടെ മൊഴിയെടുക്കാതെ അന്വേഷണത്തിൽ പുരോഗതിയുണ്ടാകില്ലെന്ന് കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം സിറ്റി പൊലീസ് കമ്മിഷണറെ അറിയിച്ചു. അടുത്ത ദിവസം മുതൽ അന്വേഷണം പുനഃരാരംഭിക്കാനാണ് നീക്കം. മൊഴിയെടുപ്പ് വേഗത്തിൽ പൂർത്തിയാക്കാനാണ് തീരുമാനം.
കൊട്ടാരത്തിലെ കവർച്ചയുമായി ബന്ധപ്പെട്ട് പൊലീസിൽ പരാതി ലഭിക്കുന്നത് ഇക്കഴിഞ്ഞ മാർച്ച് 15നാണ്. ശാസ്ത്രീയ പരിശോധനയിൽ അന്വേഷണ സംഘത്തിന് പ്രതീക്ഷ നൽകുന്ന ചില തെളിവുകൾ ലഭിച്ചതായി സൂചനയുണ്ടായിരുന്നു. കൊട്ടാരത്തിനുള്ളിൽ നിന്ന് മോഷ്ടാക്കൾക്ക് സഹായം ലഭിച്ചുവെന്നും കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ഒരാഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കുമെന്ന് ഉന്നത ഉദ്യോഗസ്ഥർക്ക് പ്രത്യേക അന്വേഷണ സംഘം ഉറപ്പ് നൽകുകയും ചെയ്തു. എന്നാൽ തിരഞ്ഞെടുപ്പ് ജോലി കൂടി വന്നതോടെ അന്വേഷണം മന്ദഗതിയിലായി.
മോഷണം നടന്ന സ്ഥലത്ത് നിന്ന് വിരലടയാളങ്ങൾ ലഭിച്ചിരുന്നു. പിന്നാലെ ജീവനക്കാരുടെ വിരലടയാളവും ശേഖരിച്ചു.ഇതുതമ്മിലുള്ള പരിശോധനയാണ് ഇനി നടക്കാനുള്ളത്.മോഷണം നടന്ന അലമാരയിൽ നിന്നുൾപ്പെടെ കൂടുതൽ ശാസ്ത്രീയമായി തെളിവുകൾ ശേഖരിക്കാനാണ് തീരുമാനം. കൊട്ടാരം അന്വേഷണവുമായി നിസഹകരിക്കുന്നത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഒക്‌ടോബർ-നവംബർ മാസങ്ങളിൽ നടന്ന മോഷണം പുറത്തറിയുന്നത് മാർച്ച് മാസത്തിലാണ്. ഇതിനിടയിൽ നിർണായകമായ തെളിവുകൾ നഷ്ടപ്പെട്ടു. ഇതു പൊലീസ് അന്വേഷണത്തെ ബാധിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |