
ചെന്നൈ: നടനും സംവിധായകനുമായ പാർത്ഥിപന് ജാതി, മത രഹിത സർട്ടിഫിക്കറ്റ് നൽകാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. 29ന് മുൻപായി സർട്ടിഫിക്കറ്റ് നൽകാനാണ് ചെന്നൈയിലെ ഷോലിങ്കനല്ലൂർ തഹസിൽദാരോട് ജസ്റ്റിസ് എം. ദണ്ഡപാണിയുടെ ബെഞ്ച് നിർദേശിച്ചത്.
തമിഴ്നാട് സർക്കാരിനോട് സർട്ടിഫിക്കറ്റ് നൽകാൻ നേരത്തേ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതുപാലിക്കാത്ത സാഹചര്യത്തിൽ പാർത്ഥിപന് കോടതിയലക്ഷ്യ നടപടികളുമായി മുന്നോട്ടുപോകാൻ സ്വാതന്ത്ര്യമുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു. ജാതി, മത രഹിത സർട്ടിഫിക്കറ്റിനായി മാർച്ച് 20ന് താൻ അപേക്ഷിച്ചെങ്കിലും അധികൃതർ നൽകാൻ വിമുഖത കാട്ടുന്നുവെന്നാരോപിച്ചാണ് പാർത്ഥിപൻ കോടതിയിൽ ഹർജി സമർപ്പിച്ചത്.
പതിനൊന്നാംക്ലാസ് വരെ പഠിച്ച താൻ സർട്ടിഫിക്കറ്റുകൾ വാങ്ങാതെതന്നെ പഠനം നിറുത്തിയതായും അതിനാൽ ജാതിയും മതവും വെളിപ്പെടുത്തുന്ന ജനന സർട്ടിഫിക്കറ്റോ സ്കൂൾ സർട്ടിഫിക്കറ്റോ കൈവശമില്ലെന്നും പ്രായപൂർത്തിയായതിനുശേഷം മതപരവും ജാതിപരവുമായ സ്വത്വം താൻ പാടേ ഉപേക്ഷിച്ചതായും വ്യക്തമാക്കി. നിർമാതാവ്, സംവിധായകൻ, നടൻ എന്നീ നിലകളിൽ താൻ ഭാഗമാകുന്ന എല്ലാ സിനിമകളിലും ജാതി, മത രഹിതമായ സമൂഹത്തിനായി വാദിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും പാർത്ഥിപൻ പറഞ്ഞു. സ്കൂൾപ്രവേശനം ഉൾപ്പെടെ പലവിധ ആവശ്യങ്ങൾ പരിഗണിച്ച് മകനും മകൾക്കും ജാതിസർട്ടിഫിക്കറ്റുകൾ വാങ്ങിയിട്ടുണ്ട്.
എന്നാൽ, അവർ ഇപ്പോൾ പ്രായപൂർത്തിയായതിനാൽ ഇഷ്ടമുള്ള ഏത് മതവും സ്വീകരിക്കാനോ ജാതിയും മതവും വേണ്ടെന്നുവെക്കാനോ സ്വാതന്ത്ര്യമുണ്ടെന്ന് പാർത്ഥിപൻ വ്യക്തമാക്കി. ജാതിവ്യവസ്ഥ ഹിന്ദുമതത്തിൽ മാത്രമാണെന്നും ക്രിസ്തുമതം, ഇസ്‌ലാം മതം, ബുദ്ധമതം, സിഖ് മതം തുടങ്ങിയവയിലൊന്നും ഇത് നിലവിലില്ലെന്നും അദ്ദേഹം കോടതിയിൽ ചൂണ്ടിക്കാട്ടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |