
ന്യൂഡൽഹി: നിലവിലെ ഉയർന്ന പെൻഷൻ പദ്ധതിക്കു പകരം പുതിയ പെൻഷൻ പദ്ധതി നിർദ്ദേശം കേന്ദ്രസർക്കാരിനും ഇ.പി.എഫ്.ഒ (എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓഫ് ഇന്ത്യയ്‌ക്കും മുന്നിലെന്ന് വിവരാവകാശ രേഖ. ഇ.പി.എഫ്.ഒ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ 2024 ഡിസംബറിൽ കേന്ദ്രസർക്കാരിന് റിപ്പോർട്ട് കൈമാറിയിരുന്നു. അതിലെ വിശദാംശങ്ങളാണ് പുറത്തുവന്നത്. പദ്ധതി നടപ്പായാൽ നിലവിലുള്ളതിനേക്കാൾ കുറഞ്ഞ തുകയാകും ലഭിക്കുന്നത്.
2014 സെപ്‌തംബർ ഒന്നു മുതൽ മുൻകാല പ്രാബല്യത്തോടെയോ, വിജ്ഞാപനം ചെയ്യുന്ന തീയതി മുതലോ നടപ്പാക്കാമെന്നാണ് റിപ്പോർട്ടിലെ ശുപാർശ. പെൻഷൻകാർക്ക് തിരിച്ചടിയാകുന്ന നിർദ്ദേശമായതിനാൽ,വലിയ പ്രക്ഷോഭത്തിലേക്ക് കാര്യങ്ങൾ എത്തിയേക്കാം. കോടതി വ്യവഹാരങ്ങൾ നേരിടേണ്ടിവരുമെന്നും റിപ്പോർട്ടിൽ മുന്നറിയിപ്പുണ്ട്. അതിനാൽ, അന്തിമ തീരുമാനത്തിലേക്ക് കേന്ദ്രമോ, ഇ.പി.എഫ്.ഒയോ കടന്നിട്ടില്ല.
ശമ്പളപരിധിയില്ലാതെ
പെൻഷന് നിർദേശം
1.യൂണിവേഴ്സൽ മെമ്പർഷിപ്പ്: ശമ്പളപരിധി നോക്കാതെ എല്ലാ അംഗങ്ങളെയും പെൻഷൻ സ്‌കീമിൽ ചേർക്കും.
2.തൊഴിലുടമയുടെ വിഹിതം 8.33% തുടരും.
3.കേന്ദ്ര വിഹിതമായ 1.16% മിനിമം പെൻഷനായി മാറ്റിവയ്‌ക്കും
4.മിനിമം പെൻഷൻ 1000 രൂപയിൽ നിന്ന് 3000 ആകും. 65 ലക്ഷം പെൻഷൻകാർക്ക് പ്രയോജനപ്പെടും.
5.ശമ്പളപരിധിയ്‌ക്കകത്തെ വിഹിതത്തിന് നിലവിലെ ഫോർമുലയ്‌ക്ക് സമാനമായ ഫോർമുല അടിസ്ഥാനമാക്കി പെൻഷൻ നൽകും
6.നിലവിൽ 15,000 രൂപയാണ് ശമ്പളപരിധി. ഇതിനു മുകളിലോട്ടുള്ള ശമ്പളത്തിന്റെ വിഹിതം പെൻഷൻ ഫണ്ടിലേക്ക് നൽകാൻ ജീവനക്കാരന് ഓപ്ഷൻ നൽകാം.
തള്ളിക്കളയണമെന്ന്
എൻ.കെ. പ്രേമചന്ദ്രൻ
നിർദ്ദേശങ്ങൾ തള്ളിക്കളയണമെന്ന് ആവശ്യപ്പെട്ട് എൻ.കെ.പ്രേമചന്ദ്രൻ എം.പി കേന്ദ്ര തൊഴിൽ മന്ത്രി മൻസുഖ് മാണ്ഡവ്യയ്‌ക്കു കത്തു നൽകി. പെൻഷൻകാർക്കും ജീവനക്കാർക്കും ദോഷകരമായ പുതിയ പദ്ധതി നടപ്പാക്കാനുള്ള നീക്കം പ്രതിഷേധാർഹമാണ്. തൊഴിലാളി സംഘടനകളോട് ആലോചിച്ച് ഗുണകരമായ തരത്തിൽ നിലവിലെ സ്കീം പരിഷ്‌ക്കരിക്കുകയാണ് വേണ്ടത്. അതിനുപകരം ഉദ്യോഗസ്ഥർ പെൻഷനും ആനുകൂല്യങ്ങളും വെട്ടിക്കുറക്കുന്ന പുതിയ സ്‌കീം അംഗീകരിക്കാനാവില്ലെന്ന് പ്രേമചന്ദ്രൻ വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |