
വടക്കാഞ്ചേരി: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തഭൂമിയിൽ നടന്നുവന്ന രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായുള്ള തെരച്ചിൽ അവസാനിപ്പിച്ചതായി അധികൃതർ അറിയിച്ചു. ഇന്നലെ രാവിലെ മുതൽ 200ഓളം പൊലീസ് ഓഫീസർമാർ, ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസ് ഉദ്യോഗസ്ഥർ, റവന്യൂ അധികൃതർ, സന്നദ്ധസേനാ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെരച്ചിൽ. അതേസമയം, കാണാതായവരുടെ പട്ടികയിൽ ഉൾപ്പെട്ടിരുന്ന തൃശൂർ കോട്ടപ്പുറം പള്ളത്ത് കരിമാലി ഗിരി (33) മരിച്ചതായി സ്ഥിരീകരിച്ചു. ഇദ്ദേഹത്തിന്റെ തലയോട്ടി ദുരന്തഭൂമിയിൽ നിന്ന് കണ്ടെടുത്തിരുന്നു. വീപ്പയിൽ സൂക്ഷിച്ചിരുന്ന 50 കിലോ അലുമിനിയം പൗഡർ, ഒരു കിലോ കരിമരുന്ന് ഗുളിക, പൊട്ടാത്ത ആറ് കളർ അമിട്ടുകൾ, 15കിലോ കരിമരുന്ന് എന്നിവയും കണ്ടെത്തി. ഇവ കനത്ത സുരക്ഷയിൽ പൈലറ്റ് വാഹനത്തിന്റെ അകമ്പടിയോടെ കുണ്ടന്നൂരിലെ മാഗസിനിലേക്ക് മാറ്റി. രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയവർക്ക് ഇന്നലെയും ഡി.വൈ.എഫ്.ഐ ഉച്ചഭക്ഷണം നൽകി. തകരാർ സംഭവിച്ച വീടുകൾ നഗരസഭയുടെ നേതൃത്വത്തിൽ ശുചീകരിച്ചു. ചെയർപേഴ്‌സൺ മിനി അരവിന്ദൻ നേതൃത്വം നൽകി. മേഖലയിൽ ജാഗ്രതയും നിരീക്ഷണവും തുടരുമെന്ന് തലപ്പിള്ളി താലൂക്ക് തഹസിൽദാർ എം.സി.അനുപമൻ അറിയിച്ചു.
മൂന്നുദിവസത്തിനകം വ്യക്തത
മൃതദേഹം കൈമാറിയത്: 9
തിരിച്ചറിയാത്ത മൃതദേഹം: 1
കാണാതായത്: 3
ഗുരുതരാവസ്ഥയിലുള്ളത്: 4
മെഡിക്കൽ കോളേജ് വാർഡിൽ : 6
എലൈറ്റ് ആശുപത്രിയിൽ :2
ചികിത്സയ്ക്ക് ശേഷം വിട്ടയച്ചത്: 2
സുരക്ഷിതരായി വീട്ടിലെത്തിയത്: 10.
ഡി.എൻ.എ ടെസ്റ്റ് പൂർത്തിയാകാൻ വേണ്ടത് : 3 ദിവസം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |