ചേർത്തല: ചേർത്തലയിൽ സൂര്യാതപമേറ്റ് കഴിഞ്ഞ 11 ദിവസത്തിനിടെ ഗവ.താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയത് 5 പേർ. കഴിഞ്ഞ ഒരാഴ്ചയായി 35–40 ഡിഗ്രിയാണ് പ്രദേശത്ത് അനുഭവപ്പെട്ട ഉയർന്ന താപനില. ചൂട് ഇനിയും വർദ്ധിക്കാനാണ് സാദ്ധ്യതയെന്നാണ് വിദഗ്ദർ പറയുന്നത്. സി.പി.എം ചേർത്തല ഏരിയ സെക്രട്ടറി അരുക്കുറ്റി വെളിയിൽ ബി.വിനോദിനാണ് (61) ഏറ്റവുമൊടുവിൽ സൂര്യതാപമേറ്റത്.വ്യാഴം ഉച്ചയ്ക്ക് ബൈക്കിൽ തൈക്കാട്ടുശേരിയിൽ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് സൂര്യതപമേറ്റത്. തോളിലും മുതുകിലും നീറ്റൽ അനുഭവപ്പെട്ടതിനെ തുടർന്നു പരിശോധിച്ചപ്പോഴാണ് കുമിളകൾ രൂപപ്പെട്ടിരിക്കുന്നത് ശ്രദ്ധയിൽപെട്ടത്. തുടർന്നു ചേർത്തല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. അർത്തുങ്കൽ പഴംപാട്ടിൽ സെബാസ്റ്റ്യൻ (55), തൈക്കൽ നാലുതൈക്കൽ ആന്റണി (67), ചേർത്തല നഗരസഭ മൂന്നാം വാർഡിൽ പുതുവൽ നികർത്ത് കമലാക്ഷി (76), അർത്തുങ്കൽ മനക്കോടം പറമ്പിൽ ബാബു (57) എന്നിവരാണ് സൂര്യതപമേറ്റ് അടുത്ത ദിവസങ്ങളിൽ ചികിത്സ തേടിയവർ. സെബാസ്റ്റ്യന് കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്തിന് സമീപത്ത് വച്ചും,ആന്റണിക്ക് തൈക്കൽ ബീച്ചിൽ വച്ചും,കമലാക്ഷിക്ക് വീടിന് സമീപത്തു വച്ചും,ബാബുവിന് അർത്തുങ്കൽ ബീച്ചിനു സമീപത്തു വച്ചുമാണ് സൂര്യതപമേറ്റത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |