SignIn
Kerala Kaumudi Online
Tuesday, 28 April 2026 4.42 PM IST

മുസ്ലിം ലീഗ് ഭവനപദ്ധതി ഗൃഹപ്രവേശനവും മാതൃക തീർത്ത്

Increase Font Size Decrease Font Size Print Page
d

ഉരുൾ ദുരിതബാധിതരുടെ ഒരു സ്വപ്നം നാളെ പൂവണിയുകയാണ്.അതിജീവിതരുടെ സ്വകാര്യത മാനിച്ച് കൊണ്ടുളള ഗൃഹപ്രവേശന ചടങ്ങ്!.മേപ്പാടി പഞ്ചായത്തിലെ തൃക്കൈപ്പറ്റക്കടുത്ത വെള്ളിത്തോട് നാളെ ഗൃഹപ്രവേശന ചടങ്ങുകൾ നടക്കും.മുസ്ലീം ലീഗ് സംസ്ഥാന കമ്മറ്റി നിർമ്മിച്ച് നൽകുന്ന ഉരുൾ ദുരിതബാധർക്കുളള വീടുകളുടെ ഗൃഹപ്രവേശനമാണ് ഒരു നാടിന്റെ ഉത്സവമായി മാറുന്നത്.സർക്കാർ നൽകുന്ന വീട് വേണ്ടെന്നുവെച്ച് മുസ്ലിം ലീഗിന് അപേക്ഷ നൽകിയ സർക്കാർ ലിസ്റ്റിലുള്ളവരെയാണ് ഗുണഭോക്താക്കളായി പരിഗണിച്ചത്.മേപ്പാടിയിൽനിന്ന് അഞ്ച് കിലോമീറ്ററും മുട്ടിൽ ടൗണിൽനിന്ന് നാല് കിലോമീറ്ററും സഞ്ചരിച്ചാൽ ഉരുൾ ദുരിതബാധിതർക്കായി മുസ്ലീം ലീഗ് നിർമ്മിച്ച് നൽകുന്ന സൈറ്റിലെത്താം. മേപ്പാടി പഞ്ചായത്തിൽ തന്നെ വീടുകൾ വേണമെന്ന ഗുണഭോക്താക്കളുടെ ആവശ്യത്തിന് പരിഗണന നൽകിയാണ് വെള്ളിത്തോട് പ്രകൃതി സുന്ദരമായ പ്രദേശത്ത് ഭൂമി മുസ്ലിം ലീഗ് സ്ഥലം വാങ്ങി നിർമ്മാണം ആരംഭിച്ചത്.

സർക്കാർ പ്രഖ്യാപിച്ച ലിസ്റ്റിലുള്ളവരായ 105 പേർക്ക് മുസ്ലിം ലീഗ് മേപ്പാടി പഞ്ചായത്തിൽ തന്നെ വീട് ഒരുക്കണമെന്ന ദുരന്തബാധിതരുടെ ആഗ്രഹം ഇതോടെ പൂർത്തീകരിച്ചു.

മുട്ടിൽ മേപ്പാടി സംസ്ഥാന പാതയോട് ചേർന്നാണ് പ്രൊജക്ട് സൈറ്റ്. 8 സെന്റിൽ 1060 സ്‌ക്വയർഫീറ്റിൽ മൂന്ന് ബെഡ്റൂമുകളും രണ്ട് ബാത്ത്റൂമുകളും അടുക്കള, ഡൈനിങ് ഹാൾ, വർക്ക് ഏരിയ, സിറ്റൗട്ട്, ബ്രിക്സ് പാകിയ മുറ്റം, മുൻവശത്ത് ഏഴ് മീറ്റർ വീതിയിൽ ടൈൽ പാകിയ റോഡ് തുടങ്ങിയ സൗകര്യങ്ങളുമായാണ് വീടുകൾ കൈമാറിയത്. കുടിവെള്ളവും വൈദ്യുതിയും ഉറപ്പാക്കിയിട്ടുണ്ട്. വീടുകളിലേക്ക് ആവശ്യമായ ശുദ്ധജലത്തിന് കിണർ കുഴിച്ച് കൂറ്റൻ ടാങ്ക് സജ്ജീകരിച്ചിട്ടുണ്ട്. വീടുകൾക്കാവശ്യമായ ഫർണിച്ചറുകളും മുസ്ലിം ലീഗാണ് നൽകിയത്. ഓരോ വീട്ടുടമക്കും ആവശ്യമെങ്കിൽ മുകളിലേക്ക് വീട് ഉയർത്താൻ ആവശ്യമായ തറബലത്തോടെയാണ് നിർമ്മാണം പൂർത്തീകരിച്ചത്. പൂച്ചെടികളും വൃക്ഷങ്ങളും നട്ടുപിടിപ്പിച്ച് പദ്ധതി പ്രദേശം ഹരിതാഭമാക്കിയിട്ടുണ്ട്. പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ നൽകുന്ന വീടുകളുടെ നിർമ്മാണം പുരോഗമിച്ചുവരികയാണ്.
കമ്യൂണിറ്റി ഹാൾ, പാർക്ക് ഉൾപ്പെടെയുള്ള സൗകര്യങ്ങളും മുസ്ലിം ലീഗിന്റെ ഭവന സമുച്ചയത്തിൽ ഉണ്ടാകും. അങ്കണവാടിക്കും മറ്റും ആവശ്യമായ സ്ഥലസൗകര്യവുമുണ്ട്.

#

മുസ്ലീം ലീഗും പറഞ്ഞ് വാക്ക് നിറവേറ്റി


ആദ്യഘട്ടത്തിൽ 51 വീടുകളും രണ്ടാംഘട്ടത്തിൽ 54 വീടുകളുമാണ് തയ്യാറാക്കിയത്.

ആദ്യഘട്ടത്തിൽ കൈമാറിയ 51 വീടുകളിലേക്കുള്ള ഗൃഹപ്രവേശനമാണ് നാളെ നടക്കുന്നത്. 8 സെന്റ് സ്ഥലം, 1,050 ചതുരശ്ര അടിയിൽ മനോരമായ വീട്, വീട്ടിലേക്കാവശ്യമായ മുഴുവൻ ഫർണിച്ചറുകൾ, ചുറ്റുമതിൽ, വിശാലമായ മുറ്റം, പൂന്തോട്ടം, വെള്ളം, വെളിച്ചം, റോഡ്, സാമ്പത്തികമനുസരിച്ച് ഒരു നില കുടി പണിയാനുള്ള സൗകര്യം, മൂന്ന് ബെഡ് റും സൗകര്യം എല്ലാമൊരുക്കിയിട്ടുണ്ട്. മുസ്ലീം ലീഗ് പറഞ്ഞ വാർക്ക് പാലിച്ചിരിക്കുന്നു.മാതൃക തീർത്തിരിക്കുന്നു. പരാതിക്കിടയില്ലാതെ സമയബന്ധിതമായി തീർക്കാനും വേദനിക്കുന്നവരെ ഇത്രയധികം ചേർത്ത് പിടിക്കാനും ഇതുവഴി മുസ്ലീം ലീഗിന് കഴിഞ്ഞു.ഇത് ചെറിയ കാര്യമല്ല.സർക്കാർ തലത്തിൽ കൽപ്പറ്റയിലെ എൽസ്റ്റൺ എസ്റ്റേറ്റിൽ സ്ഥലമെടുത്ത് 410 വീടുകൾ ടൗൺ ഷിപ്പിൽ പൂർത്തിയായിക്കൊണ്ടിരിക്കുന്നു.അതിൽ 178 വീടുകളുടെ രേഖ കഴിഞ്ഞ മാർച്ച് ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ നൽകിക്കഴിഞ്ഞു. അവസാന മിനുക്ക് പണികൾ

കൂടി പൂർത്തിയായിക്കഴിഞ്ഞാൽ സർക്കാറിന്റെ ടൗൺ ഷിപ്പ് വീടുകളും ഉരുൾ ദുരിതബാധിർക്ക് ലഭിക്കും.അതിനിടിയിലാണ് ഇത്രയും വീടുകൾ മുസ്ലീം ലീഗ് സ്വന്തമായി ഉരുൾ ദുരിതബാധിതർക്ക് നിർമ്മിച്ച് നൽകുന്നത്.ഉരുൾ ദുരന്തം ഉണ്ടായപ്പോൾ പലരും വീടുകളായും വൻ തുകകളായും വാഗ്ദാനങ്ങൾ നടത്തി രംഗത്ത് വരികയുണ്ടായി. എന്നാൽ അതിൽ എത്ര പേർ വാക്ക് പാലിച്ചു?.പേരെടുക്കാൻ വേണ്ടിയായിരുന്നു പലരുടെയും വാഗ്ദാനങ്ങൾ.എന്നാൽ സർക്കാരിനൊപ്പം മുസ്ലീം ലീഗും വാക്ക് പാലിച്ചിരിക്കുന്നു.ഒപ്പം ചില സന്നദ്ധ സംഘടനകളും.ഇവർക്കൊന്നും പേരും പെരുമയും ആവശ്യമില്ലായിരുന്നു.ഇടത് കൈ ചെയ്യുന്നത് വലതുകൈ അറിയാതെയുളള ഒരു പ്രവർത്തനം. മുസ്ലീം ലീഗും വളരെ വേഗത്തിൽ തന്നെ വീട് നിർമ്മാണം പൂർത്തിയാക്കി കഴിഞ്ഞു.ചിട്ടയായ ഒരു പ്രവർത്തന രീതിയാണ് അവർ ഇക്കാര്യത്തിൽ സ്വീകരിച്ചത്. അത് കൊണ്ട് തന്നെ ഉരുൾ ദുരിതബാധിതർക്ക് യാതൊരു ആശങ്കയുംഇക്കാര്യത്തിൽ ഉണ്ടായതുമില്ല.

#

രാജ്യം കണ്ട ഒത്തൊരുമ

ജാതിമത,രാഷ്രട്രീയ ഭേദമന്യേ ഏവരും ഒറ്റക്കെട്ടായാണ് ഉരുൾ ദുരന്തം ഉണ്ടായപ്പോൾ രക്ഷാ പ്രവർത്തനവുമായി ദുരന്ത മേഖലയിൽസേവനം ചെയ്തത്.രാജ്യം മുഴുവൻ ഈ ഒത്തൊരുമ കണ്ടു അഭിമാനം കൊണ്ടു.

ഡി.വൈ.എഫ്. ഐ പോലുളള യുവജന സംഘടനകളും ഉരുൾ ദുരന്തം ഉണ്ടായ അന്ന് മുതൽ സേവന പ്രവർത്തനങ്ങളുമായി രംഗത്ത് ഉണ്ടായിരുന്നു.ഉരുൾ ദുരിതബാധിതർക്കായി അവരും വീട് നിർമ്മിച്ച് നൽകുമെന്ന്പ്രഖ്യാപിച്ചിരുന്നു. അതിനായി ആക്രിപെറുക്കിയും ബിരിയാണി ചലഞ്ച് നടത്തിയും പഴയ പത്രങ്ങൾ ശേഖരിച്ച് വിറ്റും ഫണ്ട് കണ്ടെത്തി. പ്രഖ്യാപിച്ച വീടുകളുടെ നിർമ്മാണം അവരും നടപ്പിലാക്കി. സർക്കാരിന് ഒപ്പം ചേർന്ന് കൊണ്ടാണ് അവർ ഉരുൾ ദുരിതബാധിതരെ ചേർത്ത് പിടിച്ചത്.

ഉരുൾ ദുരന്തം ഉണ്ടായപ്പോൾ അട്ടമല , പുഞ്ചിരിമട്ടം, മുണ്ടക്കൈ , ചൂരൽമല തുടങ്ങി മേപ്പാടി പഞ്ചായത്തിലെ മൂന്ന് വാർഡുകളിലേക്കും സഹായവുമായി മുസ്ലീം ലീഗ് പ്രവർത്തകരും എത്തിയിരുന്നു.

ലീഗിന്റെ സന്നദ്ധസേവന ടീമായ വൈറ്റ് ഗാർഡ് രാപ്പകലില്ലാതെ മാസങ്ങളോളം സേവന സന്നദ്ധരായി നിലകൊണ്ടു.മൃതശരീരങ്ങൾ, ശരീര അവയവങ്ങൾ, കുടുങ്ങിക്കിടക്കുന്നവർ, ജീവനോടെ ചെളിയിൽ അകപ്പെട്ടു പോയവർ, ബന്ധുക്കളെ തേടി നിലവിളിക്കുന്നവർ, പാലം ഒലിച്ചു പോയതിനാൽ ഇരുകരകളിൽ ഒറ്റപ്പെട്ട് അർദ്ധ രാത്രി കഴിഞ്ഞുകൂടേണ്ടി വന്നവർ തുടങ്ങി വിവരണാതീതമായിരുന്നു നേരം പുലരുമ്പോൾ കണ്ട കാഴ്ചകൾ.

#

ഗൃഹപ്രവേശ ചടങ്ങിൽ നിയന്ത്രണം

മുണ്ടക്കൈ ചൂരൽമല ഉരുൾദുരന്തബാധിതർക്കായി മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർമ്മിച്ചുനൽകിയ വീടുകളിൽ ഉടമസ്ഥർ കയറിത്താമസിക്കുന്ന വേളയിൽ ഗുണഭോക്താക്കളുടെ സ്വകാര്യത മാനിച്ച് തൃക്കൈപ്പറ്റയിലെ പദ്ധതിപ്രദേശത്തേക്ക് പൊതുജനങ്ങൾക്കും പാർട്ടിപ്രവർത്തകർക്കും പ്രവേശനം ഉണ്ടായിരിക്കില്ലെന്ന് പുനരധിവാസ പദ്ധതിക്കായി രൂപീകരിച്ച ഉപസമിതി അംഗവും മുസ്ലിം ലീഗ് വയനാട് ജില്ലാ ജനറൽ സെക്രട്ടറിയുമായ ടി. മുഹമ്മദ് അറിയിച്ചു.അതും ഒരു മാതൃകയായി വേണം കരുതാൻ.
പുനരധിവാസത്തിന്റെ ഭാഗമായ 105 വീടുകളിൽ 51 വീടുകളുടെ സമർപ്പണം ഫെബ്രുവരി 28ന് ആയിരങ്ങൾ പങ്കെടുത്ത പ്രൗഢഗംഭീര ചടങ്ങിൽ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചിരുന്നു. എന്നാൽ വിദ്യാർത്ഥികളുടെ പരീക്ഷകൾ, പൊതു തിരഞ്ഞെടുപ്പ് തുടങ്ങിയ കാരണങ്ങളാൽ കയറിത്താമസിക്കാൻ ഈ സമയമാണ് അതിജീവിതർ തിരഞ്ഞെടുത്തത്. അവരുടെ ഏറ്റവും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുക്കുന്ന ചടങ്ങിന്റെ സ്വകാര്യത പ്രധാനപ്പെട്ടതാണ്. കയറിത്താമസിക്കൽ ചടങ്ങുകൾ നടക്കുന്ന സമയം അനിയന്ത്രിതമായുണ്ടായേക്കാവുന്ന ജനത്തിരക്ക് പരിപാടിയുടെ മാറ്റിനെ ദോഷകരമായി ബാധിച്ചേക്കും. അതിനാൽ പ്രവർത്തകരും പൊതുജനങ്ങളും സഹകരിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.


TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.