
കൊച്ചി: വ്യവസായ സ്ഥാപനങ്ങളുടെ സുരക്ഷാ സംവിധാനങ്ങളെ മറികടക്കാൻ കഴിയുന്ന രീതിയിൽ രാജ്യത്ത് തട്ടിപ്പ് സംഘങ്ങൾ വളരുന്നതായി ആഗോള ഡാറ്റ, സാങ്കേതിക സേവനദാതാക്കളായ എക്‌സ്‌പീരിയൻ പുറത്തിറക്കിയ പഠന റിപ്പോർട്ട്. ഓൺലൈനായും ഓഫ്‌ലൈനായും നടക്കുന്ന ഇത്തരം തട്ടിപ്പുകളെ പ്രതിരോധിക്കാൻ രാജ്യത്തെ മിക്ക സ്ഥാപനങ്ങളും കൃത്യമായ തയ്യാറെടുപ്പുകൾ നടത്തുന്നില്ല. പഠന വിധേയമായതിൽ 69 ശതമാനം കമ്പനികളിലും തട്ടിപ്പുകൾ തടയുന്നതിന് ആവശ്യമായ സാങ്കേതിക പരിഹാരങ്ങളില്ല. ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചാണ് തട്ടിപ്പുകളേറെയും. ബാങ്കിംഗ്, ടെലികോം മേഖലകളിൽ വ്യക്തിവിവരങ്ങൾ ചോർത്തുന്ന തട്ടിപ്പുകൾ വർദ്ധിക്കുമ്പോൾ, ഇ-കൊമേഴ്സ് മേഖലയിൽ വ്യാജമായ റീഫണ്ട് ആവശ്യപ്പെടുന്ന രീതിയാണ് വെല്ലുവിളി.
പ്രതിസന്ധികൾക്കിടയിലും, മികച്ച സാങ്കേതിക ഉപകരണങ്ങളുടെ സഹായത്തോടെ പ്രതിരോധ മാർഗം നടപ്പിലാക്കാൻ 83 ശതമാനം കമ്പനികളും തയ്യാറാണ്. തട്ടിപ്പുകളെ കുറിച്ചും അവയ്ക്കുള്ള പരിഹാരവും സംബന്ധിച്ച് ബോദ്ധ്യം ഉയർത്തുകയാണ് പ്രധാനം. ഇതിന് മെഷീൻ ലേണിംഗ് സഹായിക്കുന്നതായി കമ്പനികൾ സാക്ഷ്യപ്പെടുത്തി. തട്ടിപ്പുകൾക്കെതിരെ നൂതന സാങ്കേതിക സംവിധാനങ്ങളുടെയും വിദഗ്ധരായ ആളുകളുടെയും സേവനം കമ്പനികൾ ഉറപ്പാക്കുമെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |