
കൊച്ചി: ഇറാനും അമേരിക്കയുമായി സമാധാന ചർച്ചകൾ ആരംഭിക്കുമെന്ന പ്രതീക്ഷയിൽ ഇന്ത്യൻ ഓഹരി വിപണി കുതിച്ചുയർന്നു. മൂന്ന് ദിവസത്തെ തകർച്ചയ്ക്ക് ശേഷമാണ് വിപണി തിരിച്ചുകയറുന്നത്. മുഖ്യ സൂചികയായ സെൻസെക്‌സ് 639.42 പോയിന്റ് ഉയർന്ന് 77,303.63ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്‌റ്റി 194.75 പോയിന്റ് നേട്ടത്താേടെ 24,092.70ൽ എത്തി. ചെറുകിട, ഇടത്തരം കമ്പനികളുടെ ഓഹരികളും മികച്ച നേട്ടമുണ്ടാക്കി. പശ്ചിമേഷ്യയിലെ സംഘർഷത്തിൽ ഇളവുണ്ടാകുന്നതും ക്രൂഡോയിൽ വില താഴ്ന്നതുമാണ് നിക്ഷേപകർക്ക് ആവേശമായത്. ജപ്പാൻ, ദക്ഷിണ കൊറിയ, ഹോങ്കോംഗ് തുടങ്ങിയ വിപണികളിലെ മുന്നേറ്റവും അനുകൂലമായി.
വമ്പൻ ഏറ്റെടുക്കലുമായി സൺ ഫാർമ്മ
അമേരിക്കയിലെ ഓർഗാനോൺ കമ്പനിയെ 1,175 കോടി ഡോളറിന് ഏറ്റെടുക്കുമെന്ന സൺ ഫാർമ്മയുടെ തീരുമാനം വിപണിക്ക് കരുത്തായി. ഇതോടെ സൺ ഫാർമ്മയുടെ ഓഹരി വിലയിൽ ഇന്നലെ ഏഴ് ശതമാനം കുതിപ്പുണ്ടായി. കമ്പനിയുടെ വിപണി മൂല്യം 27,463 കോടി രൂപ ഉയർന്ന് 4.16 ലക്ഷം കോടി രൂപയായി.
സ്വർണ വിലയിൽ ചാഞ്ചാട്ടം
ഇറാനും അമേരിക്കയുമായുള്ള ചർച്ചകൾ സംബന്ധിച്ച അനിശ്ചിതത്വം രാജ്യാന്തര സ്വർണ വിലയിൽ കനത്ത ചാഞ്ചാട്ടം സൃഷ്‌ടിച്ചു. ഇന്നലെ ഒരവസരത്തിൽ 4,710 ഡോളർ വരെ ഉയർന്ന ഔൺസ് വില വൈകിട്ട് 4,650 ഡോളറിലേക്ക് താഴ്ന്നു. ഇതോടെ കേരളത്തിൽ പവൻ വിലയിൽ രണ്ട് തവണ മാറ്റം വരുത്തി. രാവിലെ ഗ്രാമിന് 35 രൂപ ഉയർന്ന വില വൈകിട്ട് 65 രൂപ കുറഞ്ഞ് 14,090 രൂപയായി. നിലവിൽ പവൻ വില 1,12,720 രൂപയിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |