
ചാരുംമൂട്: ബി.ഡി.എസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിനുത്തരവാദികളെ അറസ്റ്റ് ചെയ്യണമെന്നാവാശ്യപ്പെട്ട് നടത്തിയ ഹർത്താൽ ചാരുംമൂട് മേഖലയിൽ പൂർണ്ണം. രാവിലെ തന്നെ ഹർത്താലനുകൂലികൾ ചാരുംമൂട് ടൗണിൽ കേന്ദ്രീകരിച്ചിരുന്നു. സ്വകാര്യ ബസുകൾ സർവ്വീസ് നടത്തിയില്ല. കടകമ്പോളങ്ങൾ അടഞ്ഞു കിടന്നെങ്കിലും കെ.പി.റോഡിലൂടെയും കൊല്ലം- തേനി ദേശീയ പാതയിലൂടെ കെ.എസ്.ആർ.ടി.സിയും സ്വകാര്യ വാഹനങ്ങളും നാഷണൽ പെർമിറ്റ് ലോറികളുമൊക്കെ ഓടി. ചില കെ.എസ്.ആർ.ടി.സി ബസുകളും ലോറികളും ഹർത്താൽ അനുകൂലികൾ തടയുകയും താക്കീത് നൽകിവിടുകയും ചെയ്തു. കെ.പി.റോഡിലൂടെ വന്ന മിൽമ ചെയർമാൻ മണി വിശ്വനാഥിന്റെ കാറും തടഞ്ഞിരുന്നു. പൊലീസെത്തിയതോടെയാണ് വാഹനം വിട്ടത്. തുറന്നു പ്രവർത്തിച്ച എസ്.ബി.ഐ അടക്കമുള്ള ബാങ്കുകളും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളും അടപ്പിച്ചു. 50%ജോലിക്കാരെത്തിയ ഭരണിക്കാവ് ബ്ളോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് പ്രവർത്തകർ പ്രകടനമായെത്തിയതോടെ ഓഫീസ് അടച്ചു. തുറന്ന മേഖലയിലെ മറ്റ് സർക്കാർ ഓഫീസുകളും, പെട്രോൾ പമ്പുകളും പ്രവർത്തകർ അടപ്പിച്ചു. ഹർത്താലനുകൂലികൾ ചാരുംമൂട്ടിൽ പ്രകടനവും നടത്തി. മൂന്നു വാഹനങ്ങളിലായി പൊലീസും പെട്രോളിംഗ് നടത്തുന്നുണ്ടായിരുന്നു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |