
ന്യൂഡൽഹി: ഡൽഹി ഹൈക്കോടതിയിൽ ഓൺലൈൻ വാദത്തിനിടെ സ്‌ക്രീനിൽ അശ്ലീല വീഡിയോ പ്രത്യക്ഷപ്പെട്ടു. ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിൽ നടന്ന ഹിയറിങ്ങിൽ പല തവണ അശ്ളീല ദൃശ്യങ്ങൾ പ്രദർശിപ്പിക്കപ്പെട്ടതിനെ തുടർന്ന് കോടതി നടപടികൾ രണ്ടു തവണ നിർത്തിവച്ചു. ഒരു അജ്ഞാത ഉപഭോക്താവ് വെർച്വൽ ഹിയറിങ്ങിൽ ലോഗിൻ ചെയ്യുകയും തന്റെ സ്‌ക്രീൻ പങ്കുവച്ച് അശ്ലീല ദൃശ്യങ്ങൾ പ്രദർശിപ്പിക്കുകയുമായിരുന്നു. ആദ്യതവണ തടസമുണ്ടായപ്പോൾ സിസ്റ്റം റീസ്റ്റാർട്ട് ചെയ്ത് നടപടികൾ പുനഃരാരംഭിച്ചെങ്കിലും, രണ്ടാമതും ഇത് ആവർത്തിച്ചതോടെ വെർച്വൽ കോടതി സംവിധാനം പൂർണമായും നിർത്തിവയ്ക്കുകയായിരുന്നു.
അശ്ലീല വീഡിയോ പ്രദർശിപ്പിച്ച അക്കൗണ്ടിൽ നിന്ന് ആദ്യം 'നിങ്ങൾ ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നു' എന്ന സന്ദേശമാണ് പ്രദർശിപ്പിക്കപ്പെട്ടത്. തുർന്ന് അശ്ലീല വീഡിയോ പ്ലേ ചെയ്യുകയായിരുന്നു. ഹാക്ക് ചെയ്ത വിവരം അറിയിച്ചുകൊണ്ട് ഒരു ഓട്ടോമേറ്റഡ് ശബ്ദവും കേൾക്കാമായിരുന്നു. ഹൈക്കോടതിയുടെ വീഡിയോ കോൺഫറൻസിങ് ഇന്റർഫേസിനെ ലക്ഷ്യമിട്ടുള്ള സൈബർ ആക്രമണമാണെന്നാണ് പ്രാഥമിക നിഗമനം. ശ്രീധർ സർനോബത്, ഷീത്ജീത് സിങ് എന്നീ പേരുകളിലുള്ള അക്കൗണ്ടുകളിൽനിന്നാണ് അശ്ലീല വീഡിയോ പ്രദർശിപ്പിക്കപ്പെട്ടതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
സംഭവത്തിൽ ഹൈക്കോടതി ഡൽഹി പോലീസിന്റെ ഇന്റലിജൻസ് ഫ്യൂഷൻ ആൻഡ് സ്ട്രാറ്റജിക് ഓപ്പറേഷൻസ് (ഐഎഫ്എസ്ഒ) യൂണിറ്റിന് ഔദ്യോഗികമായി പരാതി നൽകി, ഓൺലൈൻ തട്ടിപ്പ്, സൈബർ പീഡനം, ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട സെൻസിറ്റീവ് കേസുകൾ എന്നിവയുൾപ്പെടെ സങ്കീർണ്ണമായ ഡിജിറ്റൽ കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന ഒരു പ്രത്യേക സൈബർ വിഭാഗമാണ് ഐഎഫ്എസ്ഒ. നൂതന സൈബർ ഫോറൻസിക് ശേഷികളുള്ള ഈ യൂണിറ്റിന് ഇലക്ട്രോണിക് ഉപകരണങ്ങളിൽ നിന്ന് ഇല്ലാതാക്കിയ ഡാറ്റ വീണ്ടെടുക്കാനും ഡിജിറ്റൽ കടന്നുകയറ്റങ്ങളുടെ ഉത്ഭവം കണ്ടെത്താനും കഴിയും. പ്രാഥമിക ചോദ്യം ചെയ്യലിൽ, ഷിതിജിത് സിംഗ് തന്റെ അക്കൗണ്ട് അമേരിക്കയിൽ നിന്ന് ഹാക്ക് ചെയ്യപ്പെട്ടുവെന്നാണ് അവകാശപ്പെടുന്നത്.
കോടതികളുടെ ഡിജിറ്റൽ സംവിധാനങ്ങൾ എത്രത്തോളം സുരക്ഷിതമാണെന്ന ഗൗരവതരമായ ചോദ്യമാണ് സംഭവത്തോടെ ഉയരുന്നത്. വ്യക്തികളുടെ സുരക്ഷയും സ്വകാര്യതയും ഉറപ്പാക്കേണ്ട കോടതിയിൽ പോലും ഇത്തരത്തിലുള്ള അനിഷ്ട സംഭവങ്ങൾ ഉണ്ടാകുന്നത് ആശങ്കാജനകമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |