
മുംബയ്: പുറത്തു പോകുമ്പോൾ വീട് പൂട്ടാൻ മറന്നാൽ എന്തു ചെയ്യും? തിരികെ വരുമ്പോൾ വീടിന്റെയും വീട്ടിലെ സാധനങ്ങളുടെയും അവസ്ഥ എന്തായിരിക്കും? വീടിന്റെ സുരക്ഷയ്ക്ക് യാതൊരു ഉറപ്പുമില്ലാത്ത കാലത്ത് അതിൽ നിന്നെല്ലാം വ്യത്യസ്തമായി മാറുകയാണ് ഡെലിവറി ഏജന്റ് അംസാദ്. ഇൻസ്റ്റഗ്രാമിൽ ഇന്നലെ വൈറലായ വീഡിയോയെ കുറിച്ച് കൂടുതലറിയാം.
ദിവ്യ ഉണ്ണി എന്ന യുവതിയാണ് തനിക്കുണ്ടായ അനുഭവത്തെ കുറിച്ച് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. ഓൺലൈൻ ആപ്പ് വഴി ദിവ്യ ഓർഡർ ചെയ്തിരുന്ന സാധനം നൽകാനെത്തിയ ഡെലിവറി ഏജന്റിനെ കുറിച്ചാണ് വീഡിയോ. ഓൺലൈനായി ഓർഡർ ചെയ്ത സാധനം നൽകാനെത്തിയതായിരുന്നു ഡെലിവറി ഏജന്റായ അംസാദ്. വീട്ടിലെത്തിയ അംസാദ് കണ്ടത് ആളൊഴിഞ്ഞ വീടും തുറന്ന വാതിലും. വീട്ടുടമസ്ഥ പുറത്ത് പോയ സമയത്താണ് അയാൾ അവിടെയെത്തിയത്. പ്രധാന വാതിൽ തുറന്ന് കിടന്നെങ്കിലും വീട്ടിൽ ആരുമില്ല എന്ന് മനസിലായപ്പോൾ സാധനം ഓർഡർ ചെയ്ത നമ്പറിലേക്ക് ഫോൺ ചെയ്തു. മുൻവശത്തെ വാതിൽ തുറന്നിട്ടിരിക്കുകയാണെന്ന് ഉടമയെ അറിയിച്ചു. പാക്കേജ് സുരക്ഷിതമായി അകത്ത് വയ്ക്കാമെന്ന് ഉറപ്പുനൽകുകയും ചെയ്തു.
ഇനിയാണ് അപ്രതീക്ഷിതമായ കാര്യം സംഭവിക്കുന്നത്. വാതിൽ തുറന്നു കിടക്കുന്നുവെന്ന വിവരം അറിഞ്ഞ ഉടനെ തിരികെയെത്തിയ ദിവ്യ കണ്ടത് പാർസൽ വെറുതെ ഉപേക്ഷിച്ച് പോകുന്നതിനുപകരം, വീടിന് കാവൽ നിൽക്കുന്ന അംസാദിനെയാണ്. അംസാദിന്‍റെ സത്യസന്ധതയ്ക്ക് നന്ദി പറഞ്ഞ ദിവ്യ തനിക്കുണ്ടായ നല്ല അനുഭവം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചു. വീഡിയോ നിമിഷങ്ങൾക്കകം സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു. ഇതിന് പിന്നാലെ ഡെലിവറി ഏജന്‍റിന്‍റെ സത്യസന്ധതയെ അഭിനന്ദിക്കാൻ നിരവധി പേരാണ് എത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |