
ചിലപ്പതികാരത്തിലെ കണ്ണകിയുടെ സ്മരണകളുറങ്ങുന്ന, കൊടുംവനത്തിനുള്ളിലെ മംഗളാദേവി ക്ഷേത്രത്തിൽ ചിത്രപൗർണമി ഉത്സവം നാളെ നടക്കും. വർഷത്തിൽ ഒരിക്കൽ മാത്രം ഭക്തർക്കായി തുറക്കുന്ന ക്ഷേത്രമെന്നതും തമിഴ്, മലയാളി പൂജാരികൾ ഒരേ ദിവസം തന്നെ പൂജ നടത്തുന്നു എന്നതും ഇവിടത്തെ പ്രത്യേകതയാണ്.
പെരിയാർ വന്യജീവി സങ്കേതത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിന് ആയിരത്തിലധികം വർഷം പഴക്കമുണ്ട്. മധുരാപുരി ചുട്ടെരിച്ച കണ്ണകി ഇവിടെ എത്തിയെന്നാണ് ഐതീഹ്യം. പുരാതന ശില്പകലയിൽ വൻ കരിങ്കല്ലുകളാലാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. സിമന്റോ സുർക്കി മിശ്രിതമോ ഉപയോഗിക്കാതെ വലിയ കരിങ്കല്ലുകൾ അടുക്കിവെച്ച് പാണ്ഡ്യചോള ശൈലിയിലാണ് നിർമ്മാണം. കല്ലുകൾ മുറിച്ചെടുത്തതിന്റെ അടയാളങ്ങളൊന്നും സമീപത്തെ മലനിരകളിൽ കാണാനില്ലാത്തതിനാൽ, ദൂരസ്ഥലങ്ങളിൽ നിന്ന് കൊത്തിയെടുത്ത കല്ലുകൾ ഇവിടേക്ക് എത്തിച്ചതാകാമെന്നാണ് കരുതപ്പെടുന്നത്. കണ്ണകിയെ കൂടാതെ ശിവൻ, പാർവതി, ഗണപതി, നാഗരാജാവ് എന്നിവർക്കും ഇവിടെ പ്രതിഷ്ഠകളുണ്ട്. വർഷത്തിൽ ഈ ഒരു ദിവസം മാത്രമാണ് ഭക്തർക്കും സഞ്ചാരികൾക്കും ഇവിടേക്ക് പ്രവേശനമുള്ളത്. രാവിലെ ആറ് മുതൽ ഉച്ചയ്ക്ക് രണ്ട് വരെയാണ് പ്രവേശന സമയം.
തേക്കടിയിൽ നിന്ന് വനത്തിനുള്ളിലൂടെ 14 കിലോമീറ്റർ ദുർഘടമായ പാതയിലൂടെ വേണം യാത്ര ചെയ്യാൻ. സ്വകാര്യ വാഹനങ്ങൾക്ക് പ്രവേശനമില്ല. പ്രത്യേക അനുമതിയുള്ള ഫോർ വീൽ ഓഫ്റോഡ് ജീപ്പുകളിലോ കാൽനടയായോ മാത്രമേ ക്ഷേത്രത്തിലെത്താനാകൂ. സ്വന്തമായി ഓഫ്റോഡ് വാഹനങ്ങളുള്ളവർക്ക് മുൻകൂട്ടി പെർമിറ്റ് എടുത്ത് പോകാം. കുമളി ബസ് സ്റ്റാൻഡിൽ നിന്ന് ജീപ്പ് സർവീസുകൾ ലഭ്യമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |