തൃശൂർ: ജില്ലയിൽ വേനൽമഴ ശക്തമായതോടെ വിവിധയിടങ്ങളിൽ വ്യാപക നാശനഷ്ടം. ഇടിമിന്നലിൽ ഭിത്തി തകർന്ന് വീണ് മുൻ കൗൺസിലറടക്കം മൂന്നു പേർക്ക് പരിക്കേറ്റു. ഇന്നലെ പുലർച്ചെ തീരമേഖലയിൽ ഉണ്ടായ ഇടിമിന്നലിലാണ് സംഭവം. പ്രദേശത്തെ റസ്റ്റോറന്റും കത്തി നശിച്ചു. വൈകിട്ട് ജില്ലയിലെ ഭൂരിഭാഗം സ്ഥലങ്ങളിലും ശക്തമായ മഴയും കാറ്റും വീശിയടിച്ചു.കാറ്റിൽ നിരവധി മരങ്ങൾ കടപുഴകി. വൈദ്യുതി വിതരണവും തടസപ്പെട്ടു. നഗരത്തിലും ഇന്നലെ വൈകിട്ട് മഴ ശക്തമായി. കൂടൽ മാണിക്യം ക്ഷേത്രത്തിലെ അകത്തെ പന്തൽ തകർന്നു വീണു. ആളപായമില്ല. മുരിയാട് റെയിൽവേ ഗേറ്റിന് സമീപം മരം വീണ് ഗതാഗതം തടസപ്പെട്ടു
ഇടിമിന്നലിൽ ഭിത്തി തകർന്ന് മൂന്നു പേർക്ക് പരിക്ക്
ചാവക്കാട്: ശക്തമായ ഇടിമിന്നലിൽ ചാവക്കാട് മുൻ നഗരസഭ കൗൺസിലർ അടക്കം മൂന്നുപേർക്ക് പരിക്ക്. വീട്ടുകാർ അത്ഭുതകരമായി രക്ഷപ്പെട്ടു. ചാവക്കാട് മണത്തല ശ്രീവിശ്വനാഥ ക്ഷേത്രത്തിന് കിഴക്കുഭാഗം താമസിക്കുന്ന അയിനിപ്പുള്ളി വീട്ടിൽ മോഹനൻ മകൻ മനോജ്(42),ഭാര്യയും നഗരസഭാ പതിനെട്ടാം വാർഡ് മുൻ കൗൺസിലർ സ്മൃതി(34),മകൾ ധ്വനി(7) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ പുലർച്ചെ 3.30നാണ് സംഭവം. കിടപ്പ് മുറിയിലെ മേൽക്കൂര ശക്തമായ ഇടിമിന്നലിൽ പൊട്ടി പിളർന്ന് സിമന്റ് കഷ്ണങ്ങൾ ദേഹത്തേക്ക് പതിക്കുകയായിരുന്നു. വീട്ടിൽ വ്യാപകമായ നാശനഷ്ടങ്ങൾ സംഭവിച്ചു.
സംഭവമറിഞ്ഞ് എൻ.കെ.അക്ബർ എം.എൽ.എ,മുൻ എം.എൽ.എ കെ.വി.അബ്ദുൽകാദർ,ചാവക്കാട് നഗരസഭ ചെയർമാൻ എ.എച്ച്.അക്ബർ,വാർഡ് കൗൺസിലർ പി.ഐ.വിശ്വംഭരൻ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.
പുതുക്കാട് വ്യാപകനാശം
പുതുക്കാട് : ശക്തമായ വേനൽമഴയിലും കാറ്റിലും പുതുക്കാട്,കൊടകര മേഖലയിൽ വ്യാപക നാശനഷ്ടം. പുതുക്കാട് ബസാർ റോഡിൽ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിന് മുകളിൽ പഞ്ചായത്തിന്റെ അനുമതിയില്ലാതെ സ്ഥാപിച്ച കൂറ്റൻ പരസ്യ ബോർഡ് സമീപത്തെ ജ്വല്ലറി കെട്ടിടത്തിലേക്ക് മറിഞ്ഞുവീണു. കെട്ടിട നമ്പർ ഇല്ലാത്ത കെട്ടിടത്തിന് മുകളിൽ പരസ്യബോർഡ് സ്ഥാപിക്കുന്നതിനെതിരെ നാട്ടുകാർ പരാതി നൽകിയതിനെ തുടർന്ന് പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. ഈ ബോർഡാണ് നിലംപൊത്തിയത്. മണലി - മാവാക്കര റോഡിൽ കശുമാവ് വൈദ്യുതി കമ്പിയിലേക്ക് വീണ് ഗതാഗതം തടസപ്പെട്ടു.
കൂടൽമാണിക്യം പന്തൽ പറന്നുപോയി
ഇരിങ്ങാലക്കുട: കനത്ത കാറ്റിലും മഴയിലും കൂടൽമാണിക്യ ഉത്സവത്തിനായി നിർമ്മിച്ച പന്തൽ പറന്നുപോയി. കലാപരിപാടികൾ നടക്കുന്ന അകത്തെ വേദിക്ക് മുന്നിലെ പന്തലാണ് കാലുകളടക്കം കാറ്റിൽ പറന്നത്. സ്റ്റേജിന്റെ മേൽക്കൂരയ്ക്കും നാശനഷ്ടം സംഭവിച്ചു. പന്തൽ പടിഞ്ഞാറെ ഊട്ടുപുരയും കടന്നാണ് വീണത്. ഊട്ടുപുരയുടെ മേൽക്കൂരയിലെ ഓടും പറന്നു പോയി. ഈ സമയം ഊട്ടുപുരയിൽ കഥകളി കലാകാരൻമാരും ആനപാപ്പാമാരും ഉണ്ടായിരുന്നു. ആർക്കും പരിക്കില്ല. മതിൽക്കെട്ടിന് പുറത്തെ കലാനിലയം റോഡിലെ രണ്ട് വൈദ്യുതി കാലുകളും ഒടിഞ്ഞു.
ഇരിങ്ങാലക്കുട
ഇരിങ്ങാലക്കുടയിലും പരിസരപ്രദേശങ്ങളിലും വ്യാപകമായി മരങ്ങൾ വീണു. മഹാത്മാ ലൈബ്രറിക്ക് പുറകിൽ പാർക്ക് ചെയ്ത പടിയൂർ സ്വദേശിയുടെ കാറിന് മുകളിൽ മാവിന്റെ കൊമ്പ് ഒടിഞ്ഞ് വീണു. ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയുടെ അഞ്ചാം നിലയിലെ ജനൽ ചില്ലുകൾ കാറ്റിൽ തകർന്നു. ഷീറ്റുകളും പറന്നുപോയി. ഉച്ചതിരിഞ്ഞ് അഞ്ചുമണിയോടെ ആരംഭിച്ച മഴയും കാറ്റും വ്യാപക നാശനഷ്ടമാണ് ഉണ്ടാക്കിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |