SignIn
Kerala Kaumudi Online
Sunday, 03 May 2026 9.36 AM IST

തരംഗം പ്രതീക്ഷിച്ച് യു.ഡി.എഫ്: സ്റ്റാറ്റസ്കോ നിലനിറുത്താൻ എൽ.ഡി.എഫ് നാളെ അറിയാം ജനവിധി

Increase Font Size Decrease Font Size Print Page

മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിൽ രേഖപ്പെടുത്തിയ കനത്ത പോളിംഗ് (80.75%)​ ആരെ തുണയ്ക്കുമെന്നത് തിങ്കളാഴ്ച അറിയാം. 2021ൽ 74.26ഉം 2016ൽ 75.83 ശതമാനവുമായിരുന്നു പോളിംഗ്.

കഴിഞ്ഞ തിര‍ഞ്ഞെടുപ്പിൽ 16 നിയോജക മണ്ഡലങ്ങളിൽ 12 ഇടത്ത് യു.ഡി.എഫും നിലമ്പൂർ,​ തവനൂർ,​ താനൂർ,​ പൊന്നാനി എന്നിവിടങ്ങളിൽ എൽ.ഡി.എഫുമാണ് വിജയിച്ചത്. പി.വി.അൻവറിന്റെ രാജിയോടെ നിലമ്പൂരിലെ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സീറ്റ് തിരിച്ചുപിടിച്ചിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിലെ തരംഗത്തിന്റെ ചുവടുപിടിച്ച് 16 ഇടത്തും യു.ഡി.എഫ് വിജയം കണക്കുകൂട്ടുമ്പോൾ മൂന്ന് സീറ്റ് നിലനിറുത്തുമെന്നും ചിലയിടങ്ങളിൽ അപ്രതീക്ഷിത മുന്നേറ്റവുമാണ് എൽ.ഡി.എഫിന്റെ പ്രതീക്ഷ.

ഉയർന്ന പോളിംഗ് അനുകൂലമെന്ന അവകാശവാദവുമായി മൂന്ന് മുന്നണികളും രംഗത്തുണ്ട്. തങ്ങളുടെ വോട്ടുകൾ കൃത്യമായി പോൾ ചെയ്‌തതായി മുന്നണികൾ തറപ്പിക്കുന്നു. ഭരണവിരുദ്ധ വികാരം അലയടിച്ചെന്ന് യു.ഡി.എഫും എൻ.ഡി.എയും ഉറപ്പിക്കുമ്പോൾ സംസ്ഥാന സർക്കാരിന്റെ ഭരണനേട്ടങ്ങൾ തുണച്ചെന്നാണ് എൽ.ഡി.എഫിന്റെ ആത്മവിശ്വാസം. ബൂത്തുതല കണക്കുകളിലെ അവലോകനങ്ങൾ മൂന്ന് മുന്നണികളും പൂർത്തിയാക്കിയിട്ടുണ്ട്.

കടുത്ത മത്സരം അരങ്ങേറിയ പൊന്നാനി, തിരൂർ എന്നിവിടങ്ങളിൽ പോളിംഗ് താരതമ്യേന കുറഞ്ഞത് എൽ.ഡി.എഫിനെയും യു.ഡി.എഫിനെയും ഒരുപോലെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. തിരൂർ 76.99%, പൊന്നാനി 74.23% എന്നിങ്ങനെയാണ് പോളിംഗ്. അതേസമയം കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് പോളിംഗിൽ വലിയ വർദ്ധനവുണ്ട്. 2021ൽ 69.63ശതമാനവുമായി ജില്ലയിലെ ഏറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തിയത് പൊന്നാനിയിലാണ്. അന്ന് 17,​000 വോട്ടിന്റെ ഭൂരിപക്ഷത്തിന് എൽ.ഡി.എഫ് മണ്ഡലം നിലനിറുത്തി. മന്ത്രി വി.അബ്ദുറഹ്മാന്റെ വരവോടെ കനത്ത പോരാട്ടം പ്രതീക്ഷിച്ച തിരൂരിൽ പോളിംഗിൽ ഇത് പ്രതിഫലിച്ചിട്ടില്ല. സിറ്റിംഗ് എം.എൽ.എ കുറുക്കോളി മൊയ്തീന് എതിരെയാണ് അബ്ദുറഹ്മാൻ മത്സരിച്ചത്. പൊന്നാനിയിൽ ഇടതിനേയും തിരൂരിൽ യു.ഡി.എഫിനേയും തുണയ്ക്കുന്നതാണ് പൊതുവിലയിരുത്തൽ. പൊന്നാനി,​ തവനൂർ,​ തിരൂർ‌ മണ്ഡലങ്ങളിലാണ് എൽ.ഡി.എഫ് പ്രതീക്ഷ പുലർത്തുന്നത്. ഇതു സാദ്ധ്യമായാൽ വലിയ പരിക്കില്ലാതെ കഴിഞ്ഞ തവണത്തെ സ്റ്റാറ്റസ്കോ ഇടതുമുന്നണിക്ക് നിലനിറുത്താനാവും.

മന്ത്രി ചർ‌ച്ചയിലേക്ക് ലീഗ്

യു.ഡി.എഫ് അധികാരത്തിലെത്തുമെന്ന എക്‌സിറ്റ് പോളുകൾക്ക് പിന്നാലെ മുസ്‌ലിം ലീഗിൽ മന്ത്രിസ്ഥാനം സംബന്ധിച്ച അനൗദ്യോഗിക ചർച്ചകൾക്ക് ചൂടുപിടിച്ചിട്ടുണ്ട്. പി.കെ.കുഞ്ഞാലിക്കുട്ടി മന്ത്രിസ്ഥാനത്ത് ഉറപ്പെങ്കിൽ പി.കെ.ബഷീർ,​ കെ.എം.ഷാജി,​ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ,​ മ‍ഞ്ഞളാംകുഴി അലി എന്നിവരാണ് ജില്ലയിൽ നിന്നുള്ള സാദ്ധ്യത പട്ടികയിലുള്ളത്. യു.ഡി.എഫ് അധികാരത്തിലെത്തിയാൽ ജില്ലയിൽ മൂന്ന് മന്ത്രിമാരുണ്ടായേക്കും. മുസ്‌ലിം ലീഗിൽ നിന്ന് രണ്ടുപേരും കോൺഗ്രസിൽ നിന്ന് ഒരാളും എന്നതാണ് തുടരുന്ന രീതി. കോൺഗ്രസിൽ നിന്ന് എ.പി.അനിൽകുമാറിന് നറുക്കുവീണേക്കും. 2016ലും 2021ലും എൽ.ഡി.എഫ് മന്ത്രിസഭയിൽ ജില്ലയിൽ നിന്ന് ഓരോ മന്ത്രിമാർ ഉണ്ടായിട്ടുണ്ട്.

TAGS: LOCAL NEWS, MALAPPURAM, NEW
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.