SignIn
Kerala Kaumudi Online
Wednesday, 06 May 2026 1.43 AM IST

ആസ്ത്മ; അവബോധവും പ്രതിരോധ പ്രവർത്തനങ്ങളും

Increase Font Size Decrease Font Size Print Page
asthma

ലോകമെമ്പാടും ശ്വാസകോശ ആരോഗ്യത്തെക്കുറിച്ചുള്ള ബോധവൽക്കരണം വർദ്ധിപ്പിക്കാൻഎല്ലാ വർഷവും മേയ് മാസത്തിലെ ആദ്യ ചൊവ്വാഴ്ച ലോക ആസ്ത്മാ ദിനമായി ആചരിക്കുന്നത്. ഈ വർഷം അത് കൂടുതൽ പ്രാധാന്യത്തോടെ ആചരിക്കപ്പെടുകയാണ്, കാരണം ആസ്ത്മ എന്ന രോഗം ഇന്നും ലോകത്തിലെ ലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന ഒരു പ്രധാന പൊതുജനാരോഗ്യ പ്രശ്നമായി തുടരുന്നു. ഈ ദിനം ആചരിക്കുന്നതിലൂടെ ആസ്ത്മയെക്കുറിച്ചുള്ള അറിവ് വർദ്ധിപ്പിക്കാനും, ശരിയായ ചികിത്സയും നിയന്ത്രണവും ഉറപ്പാക്കാനും, രോഗികൾക്ക് ഒരു മികച്ച ജീവിത നിലവാരം നൽകാനുമുള്ള ഒരു അവസരമാണ് ലഭിക്കുന്നത്.

എന്താണ് ആസ്ത്മ?

ആസ്ത്മ ഒരു ദീർഘകാല ശ്വാസകോശ രോഗമാണ്. ദീർഘകാലമായി ശ്വാസനാളങ്ങൾ (airways) ചുരുങ്ങുകയും അനുബാധ ഉണ്ടാകുകയും ചെയ്യുന്ന അവസ്ഥയിൽ തുടരുന്നതാണ് ഇതിന്റെ പ്രധാന കാരണങ്ങൾ. ശ്വാസനാളങ്ങൾ ചുരുങ്ങുന്നതിനാൽ അതിലൂടെ വായു സഞ്ചരിക്കുമ്പോൾ പ്രയാസം നേരിടുകയും ചെയ്യുന്നു. ഇതിന്റെ ഫലമായി ശ്വാസതടസം, വീസിംഗ് (ശ്വാസത്തിൽ വിസിൽ പോലുള്ള ശബ്ദം), നെഞ്ചുവേദന, രാത്രിയിലോ രാവിലെ എഴുന്നേൽക്കുമ്പോഴോ കൂടുന്ന ചുമ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.ആസ്ത്മയെ പൂർണമായി സുഖപ്പെടുത്താൻ കഴിയില്ല,കൃത്യമായ ചികിത്സയും ശരിയായ ജീവിതശൈലി യും പാലിച്ചുകൊണ്ട് മികച്ച രീതിയിൽ രോഗനിയന്ത്രണം സാദ്ധ്യമാകുന്നു.


കാരണങ്ങളും പ്രേരക ഘടകങ്ങളും

ജനിതക ഘടകങ്ങളും പരിസ്ഥിതി ഘടകങ്ങളും ചേർന്നാണ് ആസ്ത്മ രോഗം ഉണ്ടാകുന്നത്.

സാധാരണയായി കണ്ടുവരുന്ന പ്രേരക ഘടകങ്ങൾ

* പൊടി,പൂമ്പൊടി (pollen)
* പുകവലി, പരിസ്ഥിതി മലിനീകരണം
* പട്ടികൾ, പൂച്ചകൾ പോലുള്ള മൃഗങ്ങളുടെ രോമങ്ങൾ
* തണുത്ത വായു
* വൈറൽ ശ്വാസകോശ അണുബാധകൾ
* മാനസിക സമ്മർദ്ദം
* വ്യായാമം (exercise-induced asthma)

ഇവയെ തിരിച്ചറിഞ്ഞ് ഒഴിവാക്കുന്നതാണ് രോഗനിയന്ത്രണത്തിനായി പ്രധാനമായും ചെയ്യേണ്ടത്


ആസ്ത്മ ദിനത്തിന്റെ പ്രാധാന്യം

ലോക ആസ്ത്മ ദിനം ആസ്ത്മയെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ നീക്കുന്നതിനും, ശരിയായ ചികിത്സാരീതികളെക്കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിനുമുള്ള ഒരു ആഗോള വേദിയാണ്. പലർക്കും ആസ്ത്മ ഒരു ചെറിയ പ്രശ്നം മാത്രമാണെന്ന ധാരണയുണ്ട്. എന്നാൽ, ശരിയായ ചികിത്സ ലഭ്യമാകാത്ത പക്ഷം ഇത് ഗുരുതരമായ പ്രശ്നങ്ങളിലേക്ക് നയിക്കാം എന്ന വസ്തുത മനസ്സിലാക്കേണ്ടത് അനിവാര്യമാണ്.

ഈ ദിനത്തിൽ പ്രധാനമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്

* ശരിയായ രോഗനിർണ്ണയം (early diagnosis)
* ഇൻഹെയ്‌ലർ ചികിത്സയുടെ പ്രാധാന്യം
* രോഗനിയന്ത്രണത്തിൽ രോഗിയുടെ പങ്ക്
* ആരോഗ്യസംരക്ഷണ സംവിധാനങ്ങളുടെ പങ്ക്

ഇന്ത്യയിൽ ആസ്ത്മയുടെ സ്ഥിതി

ഇന്ത്യയിൽ ആസ്ത്മ ബാധിതരുടെ എണ്ണം വളരെ കൂടുതലാണ്. നഗരവൽക്കരണം, വാഹനമലിനീകരണം, വീടിനകത്തുള്ള വായു മലിനീകരണം (അടുക്കള പുക), ജീവിതശൈലിയിലെ മാറ്റങ്ങൾ എന്നിവയാണ് പ്രധാന കാരണങ്ങൾ. ഗ്രാമപ്രദേശങ്ങളിലും ബയോമാസ് ഇന്ധനങ്ങൾ ഉപയോഗിക്കുന്നതിനാൽ സ്ത്രീകളിലും കുട്ടികളിലും ആസ്ത്മയുടെ സാദ്ധ്യത കൂടുതലാണ്.

ആരോഗ്യ സേവനങ്ങൾ എല്ലായിടത്തും ഒരുപോലെ ലഭ്യമല്ലാത്തതും, ഇൻഹെയ്‌ലർ മരുന്നുകളെക്കുറിച്ചുള്ള ഭയവും തെറ്റിധാരണകളും (steroid phobia) നിലനിൽക്കുന്നതും രോഗനിയന്ത്രണത്തെ പ്രതികൂലമായി ബാധിക്കുന്നു.

ചികിത്സയും നിയന്ത്രണവും

ആസ്ത്മയുടെ ചികിത്സയിൽ പ്രധാനമായി രണ്ട് തരത്തിലുള്ള മരുന്നുകളാണ് ഉപയോഗിക്കുന്നത്:

റിലീവർ മരുന്നുകൾ (Relievers) – ഉടൻ ആശ്വാസം നൽകുന്നതിനായി

കൺട്രോളർ മരുന്നുകൾ (Controllers) – രോഗം ദീർഘകാലം നിയന്ത്രിക്കുന്നതിനായി

ഇൻഹെയ്‌ലർ (inhaler) ഉപയോഗിക്കുന്നതാണ് ഏറ്റവും ഫലപ്രദമായ മാർഗം. ഇത് മരുന്ന് നേരിട്ട് ശ്വാസനാളത്തിലേക്ക് എത്തിക്കുന്നതിനാൽ കുറഞ്ഞ പാർശ്വഫലങ്ങളോടെ കൂടുതൽ ഫലപ്രദമാണ്.

ശരിയായ ഇൻഹെയ്‌ലർ ടെക്നിക് രോഗനിയന്ത്രണത്തിൽ വളരെ പ്രധാനമാണ്. തെറ്റായ രീതിയിൽ ഉപയോഗിച്ചാൽ മരുന്നിന്റെ ഗുണം ലഭിക്കില്ല.

ജീവിതശൈലി മാറ്റങ്ങൾ

* പുകവലി പൂർണ്ണമായി ഒഴിവാക്കുക
* വീട്ടിൽ പൊടി ഇല്ലാത്ത രീതിയിൽ വൃത്തിയായി സൂക്ഷിക്കുക
* മാസ്ക് ഉപയോഗിക്കുക (പ്രത്യേകിച്ച് മലിനീകരണം കൂടുതലുള്ള സ്ഥലങ്ങളിൽ)
* വ്യായാമം നിയന്ത്രിതമായി ചെയ്യുക
* ശ്വാസകോശ ആരോഗ്യ പരിശോധനകൾ സ്ക്രീനിംഗായി നടത്തുക

ആസ്ത്മയും കുട്ടികളും

കുട്ടികളിൽ ആസ്ത്മ ഒരു സാധാരണ രോഗമാണ്. ഇത് അവരുടെ പഠനത്തെയും കായികപ്രവർത്തനങ്ങളെയും പ്രതികൂലമായി ബാധിക്കാം. എന്നാൽ, ശരിയായ ചികിത്സയോടെ കുട്ടികൾക്ക് സാധാരണ ജീവിതം നയിക്കാനാകും. മാതാപിതാക്കൾക്കും അധ്യാപകർക്കും ഈ വിഷയത്തിൽ ബോധവൽക്കരണം നൽകേണ്ടത് അനിവാര്യമാണ്.

ആസ്ത്മയും കൊവിഡിന് ശേഷമുള്ള മാറ്റങ്ങളും

കൊവിഡ് മഹാമാരിക്ക് ശേഷം ശ്വാസകോശ ആരോഗ്യത്തിന് കൂടുതൽ പ്രാധാന്യം ലഭിച്ചു. ആസ്ത്മ രോഗികൾക്ക് അണുബാധകളിൽ നിന്ന് സംരക്ഷണം നൽകുന്നതിനും, വാക്സിനേഷൻ ഉറപ്പാക്കുന്നതിനും ഇപ്പോൾ പ്രാധാന്യം നൽകി വരുന്നു.

ആസ്ത്മ ദിനം 2026 സന്ദേശം

2026 ലെ ലോക ആസ്ത്മ ദിനത്തിന്റെ പ്രമേയം ‘രോഗനിയന്ത്രണം എല്ലാവർക്കും ലഭ്യമാക്കുക’ എന്നതാണ്. “Asthma Care for All” എന്ന ആശയം കൂടുതൽ ശക്തമായി മുന്നോട്ട് വയ്ക്കപ്പെടുന്നു. ആരോഗ്യസംരക്ഷണ സംവിധാനങ്ങളും, ഡോക്ടർമാരും, സമൂഹവും ചേർന്ന് ഒന്നിച്ചു പ്രവർത്തിച്ചാൽ മാത്രമേ ആസ്ത്മയെ നിയന്ത്രിക്കാനാകൂ.

സമൂഹത്തിന്റെ പങ്ക്

* സ്കൂളുകളിൽ ശ്വാസകോശ ആരോഗ്യത്തെ പറ്റിയുള്ള അവബോധ ക്ലാസുകൾ സംഘടിപ്പിക്കുക.

* പൊതു സ്ഥലങ്ങളിൽ പുകവലി നിയന്ത്രണം കർശനമായി നടപ്പാക്കുക.

* വായു മലിനീകരണം കുറയ്ക്കാനുള്ള നടപടികൾ സ്വീകരിക്കുക.

* ആരോഗ്യക്യാമ്പുകൾ സംഘടിപ്പിക്കുക.

ലോക ആസ്ത്മ ദിനം ഒരു ഔപചാരിക ദിനാചരണം മാത്രമല്ല. രോഗത്തെപ്പറ്റിയുള്ള സാമൂഹിക ബോധവൽക്കരണമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഓരോ വ്യക്തിയും ആസ്ത്മയെക്കുറിച്ച് ശരിയായ അറിവ് നേടുകയും, രോഗികളെ പിന്തുണയ്ക്കുകയും ചെയ്യുന്നതിലൂടെ രോഗനിയന്ത്രണം വേഗത്തിലാക്കാൻ സഹായിക്കും. ശ്വാസം എടുക്കുന്നത് മനുഷ്യന്റെ അടിസ്ഥാനാവകാശമാണ്. ആസ്ത്മയുള്ളവർക്കും അത് തടസ്സമില്ലാതെ ഉറപ്പാക്കുക എന്നത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്.

Dr. Ann Mary Jacob
Senior Consultant Pulmonologist
SUT Hospital, Pattom, TVM.

TAGS: HEALTH, LIFESTYLE HEALTH, ASTHMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.