
പാലോട്: മലയോര മേഖലകളിൽ വന്യമൃഗങ്ങൾ ആക്രമിക്കപ്പെടുകയും മരിക്കുന്നവരുടെയും എണ്ണം കൂടിവരുന്നു. ചികിത്സയിൽ കഴിയുന്നവരും കുറച്ചൊന്നുമല്ല. പുലർച്ചെ തൊഴിലിനായി പുറത്തിറങ്ങുന്ന തൊഴിലാളികളെയാണ് കാട്ടുപോത്തും കാട്ടാനയും കാട്ടുപന്നിയും ക്രൂരമായി ആക്രമിക്കുന്നത്. വന്യമൃഗങ്ങൾ പകലും രാത്രിയും നിരത്തുകൾ കയ്യടക്കിക്കഴിഞ്ഞു. കാർഷിക വിളകൾ മാത്രം നശിപ്പിച്ചിരുന്ന വന്യമൃഗങ്ങൾ ഇപ്പോൾ മനുഷ്യരെയും ആക്രമിക്കുകയാണ്.
സന്ധ്യയായാൽ കൃഷിയിടങ്ങൾ കാട്ടുപന്നി, ആന, മ്ലാവ്, കാട്ടുപോത്ത് എന്നിവയുടെ സ്വന്തമാണ്. വിളകളെല്ലാം ഇവർ ചവിട്ടിമെതിക്കും. കൃഷിയിടത്തിലിറങ്ങുന്ന പന്നിയും ആനയും റബർ,വാഴ,മരിച്ചീനി, പച്ചക്കറികൾ തുടങ്ങി കണ്ണിൽക്കാണുന്നതെല്ലാം നശിപ്പിക്കും.
ഇന്നലെ പുലർച്ചെ പാലോട് പാണ്ഡ്യൻപാറ ജനവാസ മേഖലയിൽ കാട്ടുപോത്തുകൾ കൂട്ടമായെത്തി കൃഷി നശിപ്പിച്ചിരുന്നു.
ആക്രമണത്തിന് ഇരകളായത് നിരവധിപേർ
പുലർച്ചെ റബർ ടാപ്പിംഗിന് എത്തുന്നവർ പന്നികളുടെ ആക്രമണത്തിന് ഇരയാകുന്നുമുണ്ട്. ഞാറനീലി, ഇലഞ്ചിയം, പനങ്ങോട് ഭാഗങ്ങളിൽ പന്നിയുടെ ആക്രമണത്തിന് ഇരകളായ സ്കൂൾ വിദ്യാർത്ഥികളും ഏറെയാണ്. ആദിവാസി മേഖലയിൽ വാഹനസൗകര്യം കുറവായതിനാൽ കിലോമീറ്ററുകളോളം നടന്ന് സ്കൂളുകളിൽ എത്തുന്നവരാണ് വന്യമൃഗ ആക്രമണത്തിൽപ്പെടുന്നത്. ഭക്ഷണം തേടി നാട്ടിലെത്തുന്ന വന്യമൃഗങ്ങൾ ആക്രമണകാരികളാകാറുണ്ട്.
കാട്ടാനശല്യം അതിരൂക്ഷം
പെരിങ്ങമല പഞ്ചായത്തിലെ മലയോര മേഖലയിൽ ആനശല്യം രൂക്ഷമാകുന്നു. രാത്രിയായാൽ വീടിന് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ. ഇടവം കാട്ടിലക്കുഴി,കോളച്ചൽ നാല് സെന്റ് കോളനി,കൊന്നമൂട് പ്രദേശങ്ങളിൽ കഴിഞ്ഞ നാല് ദിവസമായി കാട്ടാനക്കൂട്ടത്തിന്റെ ശല്യം രൂക്ഷമാണ്. നിരവധി സമരങ്ങളും ധർണകളും നടത്തുകയും നിവേദനങ്ങൾ നൽകുകയും ചെയ്തെങ്കിലും അധികൃതർ നടപടിയെടുത്തിട്ടില്ല.
ആനകൾ വീടിന് സമീപമെത്തുമ്പോൾ വനംവകുപ്പിനെ അറിയിക്കും. അഞ്ചോ ആറോ ജീവനക്കാർ എത്തിയാലും ആനയെ തുരത്താൻ കഴിയില്ല. ഒറ്റക്കും കൂട്ടമായുമെത്തുന്ന ആനകൾ കൃഷിയിടം നശിപ്പിക്കുന്നതുപോലെ കോഴിക്കൂടും വീടിന്റെ അടുക്കളയും ഉൾപ്പെടെ നശിപ്പിക്കുന്നുണ്ട്.
ആനകൾ കടന്നുവരുന്ന വഴികളിൽ കിടങ്ങുകൾ സ്ഥാപിച്ച് ജനവാസമേഖലയിലേക്ക് കടക്കുന്നത് തടയാനുള്ള നടപടികൾ അടിയന്തരമായി പൂർത്തിയാക്കണം. അധികൃതരുടെ ഭാഗത്തുനിന്ന് വന്യമൃഗശല്യം തടയുന്നതിനുള്ള നടപടികൾ ഉണ്ടായില്ലെങ്കിൽ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നാണ് ജനങ്ങൾ പറയുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |