
കണ്ണൂർ: കണ്ണൂർ ജില്ലയിൽ എൽ.ഡി.എഫിന് നേരിട്ട കനത്ത തോൽവിയുടെ പശ്ചാത്തലത്തിൽ സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് നൽകിയ വിശദീകരണ ഫേസ്ബുക്ക് പോസ്റ്റിനെതിരെ കടുത്ത വിമർശനം ജനവിധി അംഗീകരിക്കുന്നുവെന്നും തിളക്കമാർന്ന വിജയം പ്രതീക്ഷിച്ചിരുന്നുവെന്നുമാണ് ജില്ലാസെക്രട്ടറിയുടെ പ്രതികരണം. ഇതിന് പിന്നാലെ തോൽവിയുടെ പൂർണ ഉത്തരവാദിത്തം രാഗേഷിനും സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും ആണെന്നാണ് പ്രവർത്തകരുടെ ആക്ഷേപം.
'ആദ്യം ജില്ലാ സെക്രട്ടറി സ്ഥാനം രാജിവെക്കുക, നിങ്ങളെക്കൊണ്ടൊന്നും കൂട്ടിയാൽ കൂടില്ല' എന്നാണ് കൂട്ടത്തിൽ ഒരു പ്രവർത്തകൻ പോസ്റ്റിന് താഴെ ഇട്ട കമന്റ്.ജില്ലാ സെക്രട്ടേറിയറ്റ് അംഗം പാർട്ടി വിട്ട് യു.ഡി.എഫിനു വേണ്ടി മത്സരിക്കുകയും ജില്ലാ കമ്മിറ്റി അംഗം വിമതനായി രംഗത്തിറങ്ങി പാർട്ടി സ്ഥാനാർത്ഥിയെ തോൽപ്പിക്കുകയും ചെയ്തത് നേതൃത്വത്തിന്റെ കടുത്ത പരാജയമായാണ് പ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നത്. 'ഇതൊന്നും കാണാൻ കഴിയാത്ത ജില്ലാ സെക്രട്ടറിയല്ലേ ആദ്യം മാറേണ്ടതെന്ന കമന്റും കൂട്ടത്തിലുണ്ട്.
രാഗേഷിന്റെ നിയമനം പിണറായി വിജയന്റെ താൽപര്യം മൂലമാണെന്ന ആരോപണവും ഫേസ് ബുക്കിൽ ഉയർന്നിട്ടുണ്ട്. 'ദയവുചെയ്ത് ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ് മറ്റൊരാളെ ഈ ചുമതല ഏൽപ്പിക്കണം. കണ്ണൂരിൽ ആളില്ലാഞ്ഞിട്ടല്ല, പിണറായിയുടെ ഇഷ്ടക്കാരൻ എന്ന ഒറ്റക്കാരണത്താൽ മാത്രമാണ് നിങ്ങളെ ഈ പദവിയിൽ ഇറക്കിയതെന്ന കമന്റ് ഈ വിധത്തിലുള്ളതാണ്. പി.ജയരാജൻ ജില്ലാ സെക്രട്ടറി ആയിരുന്നെങ്കിൽ ഇത്തരമൊരു തിരഞ്ഞെടുപ്പ് ദുരന്തം ഉണ്ടാകുമായിരുന്നില്ലെന്നാണ് മറ്റൊരു പ്രവർത്തകന്റെ വിലയിരുത്തൽ.
'സർക്കുലർ വിഴുങ്ങുന്ന കാലം പോയി'
'മുകളിൽ നിന്ന് അയച്ചുതരുന്ന സർക്കുലറും വിശദീകരണവും തൊണ്ട തൊടാതെ വിഴുങ്ങുന്ന കാലം പോയി സഖാവേ. പയ്യന്നൂരും തളിപ്പറമ്പും മട്ടന്നൂരും ധർമടവുമൊക്കെ നിങ്ങൾക്കുള്ള ഷോക്ക് ട്രീറ്റ്‌മെന്റാണ്' എന്ന കടുത്ത വിമർശനവും ഫേസ് ബുക്ക് കുറിപ്പിന് താഴെയുണ്ട്. പയ്യന്നൂർ, തളിപ്പറമ്പ്, മട്ടന്നൂർ, ധർമ്മടം എന്നിവിടങ്ങളിൽ നേരിട്ട കനത്ത തിരിച്ചടി ജില്ലയിലെ സി.പി.എമ്മിന്റെ ശക്തിക്ഷയം വ്യക്തമാക്കുന്നു. ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ആദ്യ റൗണ്ടുകളിൽ പിന്നിലായതും ഭൂരിപക്ഷം ഗണ്യമായി കുറഞ്ഞതും പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നുണ്ട്.
പയ്യന്നൂരിലും ആഭ്യന്തര കലഹം
പരാജിതനായ എൽ.ഡി.എഫ് സ്ഥാനാർത്ഥി ടി.ഐ.മധുസൂദനന്റെ ഫേസ്ബുക്ക് പോസ്റ്റും ആഭ്യന്തര കലഹം പുറത്തുകൊണ്ടുവന്നു. 'പാർട്ടിക്കകത്തും പുറത്തും നിന്ന് വേട്ടയാടൽ നടന്നുവെന്ന അദ്ദേഹത്തിന്റെ ആരോപണത്തിന് 'അഹങ്കാരത്തിനേറ്റ തിരിച്ചടിയാണിത്' എന്നായിരുന്നു ഒരു മറുപടി. നേതൃത്വം തന്നെ വളർത്തിയ സൈബർ പോരാളികൾസ്ഥാനാർത്ഥിക്കെതിരെ തിരിഞ്ഞത് പയ്യന്നൂരിലെ ആഭ്യന്തര ഭിന്നതയുടെ ആഴം വ്യക്തമാക്കുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |