കുന്ദമംഗലം: അടുത്ത കാലത്തായി സിനിമാ സീരിയൽ പ്രവർത്തകരുടെ ഇഷ്ട ലൊക്കേഷനായി മാറിയിരിക്കയാണ് കുന്ദമംഗലത്തിനടുത്തുള്ള ചെത്തുകടവ്. നാട്ടുകാർ ഫിലിംസിറ്റിയെന്നാണ് ഇപ്പോൾ വിളിക്കുന്നത്.ഒന്നുരണ്ട് വർഷങ്ങളായി ഒട്ടനവധി സിനിമകൾ ഇവിടെ വച്ച് ഷൂട്ട് ചെയ്തിട്ടുണ്ട്. ചെത്തുകടവ് അങ്ങാടിയിൽ നിന്ന് ചെറുപുഴയിലേക്ക് ഒരു പഴയ റോഡുണ്ട്. ഏകദേശം 50 മീറ്റർ മാത്രം നീളമുള്ള ഈ റോഡ് പുഴയിലാണ് ചെന്നവസാനിക്കുന്നത്. ഈ റോഡിന്റെ ഒരുവശം പഴയകാലത്തെ കടകളാണ്. 1961ൽ ചെത്തുകടവിൽ പാലം വരുന്നതിന് മുമ്പുള്ള റോഡാണിത്. പതിറ്റാണ്ടുകൾക്ക് മുമ്പ് ടാർ ചെയ്ത റോഡാണെങ്കിലും ഇതിലൂടെ വാഹനങ്ങളൊന്നും പോകാറില്ല. വഴിയാത്രക്കാരും അധികമില്ല.
65 വർഷങ്ങളോളം പഴക്കമുള്ളതാണ് ഇവിടത്തെ കെട്ടിടങ്ങൾ. എല്ലാം ഓടുമേഞ്ഞ, മരംകൊണ്ടുള്ള നിരകളുള്ള പഴയകാല കടകൾ. പഴയത് പ്രൗഢിയിൽ നിലനിൽക്കുന്നുമുണ്ട്. ചിലത് ഇടിഞ്ഞ് വീണിട്ടുമുണ്ട്. അതുകൊണ്ടുതന്നെ സിനിമാക്കാർക്ക് സെറ്റിടാൻ അനുയോജ്യമായ സ്ഥലമാണിത്. റോഡിന്റെ ഇടതുഭാഗം പതിനഞ്ചടിയോളം ഉയരത്തിൽ ചെത്തുകടവ് പാലത്തിന്റെ അപ്രോച്ച് റോഡാണ്. ഇതും സിനിമാക്കാർക്ക് ഒരനുഗ്രഹമാണ്. കാരണം ഷൂട്ടിംഗ് നടക്കുമ്പോൾ കാണികളുടെ ശല്യവും പേടിക്കേണ്ട. ഷൂട്ടിംഗ് കാണാനെത്തുന്നവർ ഉയരത്തിലുള്ള അപ്രോച്ച് റോഡിൽ നിൽക്കുകയാണ് പതിവ്. ചെത്തുകടവിലും പരിസരപ്രദേശങ്ങളിലും ഇടയ്ക്കിടെ ഷൂട്ടിംഗ് നടക്കുന്നതിനാൽ കുന്ദമംഗലത്ത് ജൂനിയർ ആർട്ടിസ്റ്റുകൾ കൂടിവരുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |