
ഇടത് കോട്ടകളെ പിടിച്ചുലച്ച ഭരണവിരുദ്ധ വികാരം ആഞ്ഞുവീശിയിട്ടും കൊട്ടാരക്കരയിൽ കെ.എൻ.ബാലഗോപാൽ ചുവടുറപ്പിച്ച് നിന്നത് അഞ്ചുവർഷം കൊണ്ട് സൃഷ്ടിച്ച ജനകീയബന്ധങ്ങളിലൂടെ. വികസന നായകനെന്ന പ്രതിച്ഛായയും ഗുണമായി. സി.പി.എമ്മിൽ നിന്ന് അടർന്നുമാറി കോൺഗ്രസിൽ ചേർന്ന മുൻ എം.എൽ.എ പി.അയിഷ പോറ്റി യു.ഡി.എഫ് സ്ഥാനാർത്ഥിയായതോടെയാണ് കൊട്ടാരക്കരയിൽ തീ പാറുന്ന മത്സരത്തിന് കളമൊരുങ്ങിയത്.
എൻ.എസ്.എസ് പരസ്യമായി കെ.എൻ.ബാലഗോപാലിനെതിരെ രംഗത്തുവന്നതും സംസ്ഥാനത്തൊട്ടാകെയുള്ള യു.ഡി.എഫ് തരംഗവും പ്രതിസന്ധിയായിരുന്നു. ഫലപ്രഖ്യാപനത്തിന്റെ അവസാന നിമിഷമെത്തുംവരെയും ആശങ്കയായിരുന്നു. ഒടുവിൽ 1012 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു വിജയം. പ്രതിപക്ഷ നേതാവാകുമെന്ന് സൂചനയുണ്ട്.
ജനകീയത വോട്ടായി
സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും സംസ്ഥാന സെക്രട്ടേറിയറ്റംഗവുമായ കെ.എൻ.ബാലഗോപാൽ ധനകാര്യ മന്ത്രിയെന്ന നിലയിൽ നടത്തിയ ശ്രദ്ധേയ പ്രവർത്തനങ്ങളും കൊട്ടാരക്കര നിയോജക മണ്ഡലത്തിൽ നടപ്പാക്കിയ വികസന പദ്ധതികളും പൊതു പെരുമാറ്റ സമീപനവുമൊക്കെ തിരഞ്ഞെടുപ്പിൽ അനുകൂല ഘടകമായി. 2019ൽ എൻ.കെ.പ്രേമചന്ദ്രനെതിരെ കൊല്ലത്ത് നിന്ന് ലോക്സഭയിലേക്ക് മത്സരിച്ച് പരാജയപ്പെട്ടു. 1996ൽ അടൂരിൽ നിന്ന് തിരുവഞ്ചൂർ രാധാകൃഷ്ണനെതിരെ നിയമസഭ തിരഞ്ഞെടുപ്പിലും പരാജയപ്പെട്ടിരുന്നു. ഈ രണ്ട് തിരഞ്ഞെടുപ്പ് പരാജയങ്ങളിൽ നിന്ന് ഉൾക്കൊണ്ട പാഠങ്ങളുമായാണ് കൊട്ടാരക്കരയിൽ ഇത്തവണയും കഴിഞ്ഞതവണയും പ്രചാരണ പ്രവർത്തനങ്ങൾ. ഭാര്യ: ആശ പ്രഭാകരൻ (കോളേജ് അദ്ധ്യാപിക). മക്കൾ: കല്യാണി, ശ്രീഹരി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |