കൊല്ലം: യു.ഡി.എഫ് ട്രെൻഡിനെ അതിജീവിക്കാനാകാത്ത വിധം സംഘടനാ സംവിധാനത്തിന്റെ കരുത്ത് ചോർന്നതാണ് ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രമായ ജില്ലയിൽ ഒൻപത് സീറ്റുകൾ നഷ്ടമാകുന്ന സാഹചര്യം സൃഷ്ടിച്ചതെന്ന് സി.പി.എമ്മിന്റെയും സി.പി.ഐയുടെയും അടിത്തട്ടിൽ വിമർശനം. പാർലമെന്റ്, തദ്ദേശ തിരഞ്ഞെടുപ്പുകളിൽ തിരിച്ചടി നേരിട്ടിട്ടും ജനങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്താനായില്ലെന്ന വിമർശനവും ശക്തമായി.
പ്രചാരണ പ്രവർത്തനങ്ങളുടെ ആദ്യഘട്ടത്തിൽ തന്നെ എൽ.ഡി.എഫ് നേതാക്കൾക്ക് തിരിച്ചടിയുടെ സൂചനകൾ ലഭിച്ചിരുന്നു. പക്ഷെ പ്രതിരോധ പ്രവർത്തനങ്ങൾ ഭൂരിഭാഗം മണ്ഡലങ്ങളിലും നടന്നില്ല. വോട്ട് ചോദിച്ച് വീടുകയറിയപ്പോൾ ഇടത് അനുഭാവികൾ പോലും എൽ.ഡി.എഫ് നേതൃത്വത്തിനെതിരെ വിമർശനം ഉന്നയിച്ചിരുന്നു. സി.പി.എം, സി.പി.ഐ അംഗങ്ങളിൽ ഒരു വിഭാഗവും ഇനി അഞ്ച് വർഷം ഇടതുമുന്നണി പ്രതിപക്ഷത്ത് ഇരിക്കട്ടേയെന്ന നിലപാടിലായിരുന്നു. പ്രചാരണ പ്രവർത്തനം യാന്ത്രികമായിരുന്നു. പല പ്രദേശങ്ങളിലും ഒരു തവണയേ വീടുകയറിയുള്ളു. സംഘടനാ പ്രശ്നങ്ങളും പലയിടത്തും തിരിച്ചടിയായി. തിരഞ്ഞെടുപ്പ് ഫലം വിലയിരുത്താൻ സി.പി.എമ്മിന്റെയും സി.പി.ഐയുടെയും ജില്ലാ നേതൃയോഗങ്ങൾ രണ്ട് ദിവസത്തിനകം ചേരും.
എൽ.ഡി.എഫ് പ്രവർത്തകർ പറയുന്നു
ബൂത്ത് തലത്തിൽ പ്രവർത്തനത്തിന് ആൾക്ഷാമം
ജനങ്ങളുമായി ആത്മബന്ധമുള്ള പ്രവർത്തകർ കുറവ്
പാർട്ടി അംഗങ്ങളിൽ ഒരു വിഭാഗത്തിന് നിസംഗത
പല നേതാക്കൾക്കും അടിത്തട്ടിൽ ബന്ധമില്ല
ഒരുവിഭാഗം നേതാക്കളോട് ജനങ്ങൾക്ക് താല്പര്യമില്ല
യുവാക്കൾക്ക് ഇടതുപക്ഷത്തോട് താല്പര്യക്കുറവ്
ജനകീയരെ പാർട്ടിയിലേക്ക് ആകർഷിക്കുന്നില്ല
ചോർന്നത് 1.13 ലക്ഷം വോട്ട്
കഴിഞ്ഞ തവണത്തേക്കാൾ 1.13 ലക്ഷം വോട്ടാണ് ഇത്തണ എൽ.ഡി.എഫിന് ചോർന്നത്. 2016നേക്കാൾ 1.67 ലക്ഷം വോട്ടും ഇടിഞ്ഞു. കൂടുതൽ ഇടിവുണ്ടായത് ചാത്തന്നൂർ, ഇരവിപുരം മണ്ഡലങ്ങളിലാണ്.
തിരഞ്ഞെടുപ്പ്, എൽ.ഡി.എഫ് വോട്ട്
2026 - 629503
2021 - 742736
2016 - 796711
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |