തൃശൂർ : കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് മൂന്ന് സീറ്റുകൾ അധികം നേടി ജില്ലയിൽ യു.ഡി.എഫ് കരുത്തറിയിച്ചെങ്കിലും, കൈപ്പിടിയിലൊതുക്കാമായിരുന്ന മണ്ഡലങ്ങൾ നേരിയ വോട്ടുകൾക്ക് കൈവിട്ടത് തിരിച്ചടിയായി. പുതുക്കാട്, മണലൂർ, ഗുരുവായൂർ മണ്ഡലങ്ങളാണ് നേരിയ ഭൂരിപക്ഷത്തിന് നഷ്ടമായത്. അതേസമയം, ഇടതുപക്ഷത്തിന്റെ ഉരുക്കുകോട്ടകളിൽ വിള്ളലുണ്ടാക്കാൻ സാധിച്ചെന്നത് കോൺഗ്രസ് ക്യാമ്പിന് ആശ്വാസം പകരുന്നു.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് നേടിയ വമ്പൻ ഭൂരിപക്ഷങ്ങൾ മറികടന്നാണ് വിജയം വരിച്ചതെന്നതും ശ്രദ്ധേയമാണ്. എൽ.ഡി.എഫിനെ സംബന്ധിച്ച് ചേലക്കര മാത്രമാണ് ഉരുക്ക് കോട്ടയായി ഉറച്ച് നിന്ന മണ്ഡലം. മറ്റിടങ്ങളിൽ ചാഞ്ചാടിയും ആടിയുലഞ്ഞുമാണ് ജയം. വടക്കാഞ്ചേരിയിൽ യുവ മുഖത്തെ രംഗത്തിറക്കി പരീക്ഷിച്ച് ജയിക്കാൻ സാധിച്ചില്ലെങ്കിലും മികച്ച പ്രകടനം കാഴ്ച്ചവച്ചു.
നഗരസഭ പ്രതിപക്ഷ നേതാവും മുൻ യൂത്ത് കോൺഗ്രസ് അഖിലേന്ത്യ സെക്രട്ടറിയുമായ വൈശാഖ് അടുത്ത കാലത്ത് കോൺഗ്രസിൽ മികച്ച പ്രകടനം കാഴ്ച്ചവച്ച ഒരാളാണ്.
കയ്പമംഗലത്ത് ടി.എം.നാസറും പുതുക്കാട് ബാബുരാജും ഗുരുവായൂരിൽ സി.എച്ച്.റഷീദിനുമെല്ലാം തങ്ങളുടെ തട്ടകങ്ങളിൽ കരുത്തുറ്റ പ്രകടനമായിരുന്നു.
സി.പി.ഐ സ്ഥാനാർത്ഥി നിർണയം പാളി
സി.പി.ഐ സ്ഥാനാർത്ഥി നിർണയം തൃശൂരിലടക്കം പാളിയെന്ന ആരോപണം ശക്തമാണ്. തൃശൂരിൽ ആലങ്കോട് ലീലാ കൃഷ്ണന് പകരം ജില്ലയിൽ സജീവമായി നിൽക്കുന്ന ഒരാളെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരുന്നെങ്കിൽ ഭേദപ്പെട്ട പ്രകടനം
കാഴ്ച്ചവയ്ക്കുമായിരുന്നെന്ന് പറയുന്നു. കൊടുങ്ങല്ലൂരിൽ സുനിൽ കുമാറിന് മൂന്നാം വട്ടം അവസരം നൽകിയതിൽ അമർഷമുണ്ട്. അവിടെ ശക്തമായ ബി.ജെ.പി സ്വാധീനം ഇല്ലാതിരുന്നിട്ടും ജയിച്ചു കയറാൻ സാധിക്കാതിരുന്നതും ചർച്ചയായി. നാട്ടികയിൽ സി.സി.മുകുന്ദൻ ഉയർത്തിയ വെല്ലുവിളി അതിജീവിക്കാൻ സാധിച്ചുവെന്നത് നേട്ടമാണ്. മുകുന്ദൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതും നേട്ടമായി.
ഇരിങ്ങാലക്കുടയിൽ പിഴച്ചു
സി.പി.എമ്മിനെ സംബന്ധിച്ച് കണക്കുകൂട്ടലുകൾ പിഴച്ചത് ഇരിങ്ങാലക്കുടയിൽ മാത്രമാണ്. ഡോ.ബിന്ദു മന്ത്രി എന്ന നിലയിൽ ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവച്ചിട്ടും ജയിക്കാൻ കഴിയാതിരുന്നത് സംബന്ധിച്ച് പഠിക്കുമെന്ന് നേതൃത്വം പറയുന്നു. അതേ സമയം പുതുക്കാട് പോലുള്ള സ്ഥലങ്ങളിൽ വന്ന വോട്ട് ചോർച്ച അതീവ ഗൗരവത്തോടെയാണ് പാർട്ടി കാണുന്നത്. വടക്കാഞ്ചേരി കോട്ടയെന്ന് വിശേഷിപ്പിക്കാനാവില്ല. അതുകൊണ്ടുതന്നെ യു.ഡി.എഫ് സുനാമിയിലും പിടിച്ചു നിൽക്കാൻ സാധിച്ചെന്ന വിലയിരുത്തലാണുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |