തിരുവനന്തപുരം: ദീപാവലി ദിനത്തിൽ ഇനിയൊരു വാളയാർ ആവർത്തിക്കാൻ അനുവദിക്കില്ലയെന്ന പ്രതിജ്ഞയുമായി ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരൻ. വാളയാർ അട്ടപ്പള്ളത്ത് പെൺകുട്ടികൾ പീഡനത്തിനിരയായി മരണപ്പെട്ട സംഭവത്തിൽ എല്ലാ പ്രതികളേയും കോടതി വിട്ടയച്ചത് പ്രോസിക്യൂഷന്റെ നിരുത്തരവാദപരവും കുറ്റകരവുമായ അനാസ്ഥ കൊണ്ടാണെന്ന് കുമ്മനം പറഞ്ഞു. സി.പി.എമ്മിന്റെ സ്വന്തക്കാർ ആണ് പ്രതികൾ എങ്കിൽ നീതി മറ്റാർക്കും കിട്ടാത്ത അവസ്ഥയാണ് ഇപ്പോൾ കേരളത്തിലെന്നും കുമ്മനം രാജശേഖരൻ ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
ഇന്ന് ദീപാവലി.നമുക്ക് പ്രതിജ്ഞയെടുക്കാം. ഇനിയൊരു വാളയാർ ആവർത്തിക്കാൻ അനുവദിക്കില്ലയെന്ന്.
തിരിനാളത്തിന്റെ ചൂടും വെളിച്ചവും പ്രഭയും നമ്മുടെ പെൺകുഞ്ഞുങ്ങളുടെ ഭാവിയ്ക്കായി ജ്വലിച്ചുയരട്ടെ.
വാളയാർ അട്ടപ്പള്ളത്ത് പെൺകുട്ടികൾ പീഡനത്തിനിരയായി മരണപ്പെട്ട സംഭവത്തിൽ എല്ലാ പ്രതികളേയും കോടതി വിട്ടയച്ചത് പ്രോസിക്യൂഷന്റെ നിരുത്തരവാദപരവും കുറ്റകരവുമായ അനാസ്ഥ കൊണ്ടാണ്.
നിരപരാധികളും നിർധനരും അധസ്ഥിതരുമായ പെൺകുട്ടികൾക്ക് സാമൂഹ്യനീതിയോ നീതിന്യായ കോടതിയുടെ സഹായമോ കിട്ടാതെ വരുന്ന സംഭവം വളരെ ഗൗരവപൂർവ്വം നോക്കി കാണേണ്ടിയിരിക്കുന്നു .സിപിഎമ്മിന്റെ സ്വന്തക്കാർ ആണ് പ്രതികൾ എങ്കിൽ നീതി മറ്റാർക്കും കിട്ടില്ല എന്നതാണ് കേരളത്തിലെ അവസ്ഥ.
വാളയാർ സംഭവത്തെക്കുറിച്ച് 2017 മാർച്ച് 8ന് മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞത് ബാല ലൈംഗിക പീഡന കാർക്ക് വേണ്ടി രംഗത്ത് വരുന്നവർ സാമൂഹ്യ വിരുദ്ധരാണെന്നാണ്.
ശക്തമായ നടപടികൾ പ്രതികൾക്കെതിരെ എടുക്കുമെന്ന് അദ്ദേഹം ഉറപ്പു നല്കുകയുണ്ടായി.ഇതെല്ലാം വെറും വീൺവാക്കുകളായി മാറി.
സ്വന്തം നിലപാടിൽ ഇപ്പോഴും ഉറച്ചു നിൽക്കുന്നുണ്ടോ എന്ന് മുഖ്യമന്ത്രി പറയണം.
വാളയാറിൽ മരണപ്പെട്ട പെൺകുട്ടികളുടെ മാതാപിതാക്കളുടെ ദുഃഖവും വേദനയും മനസ്സിലാക്കാൻ ഇപ്പോഴും സർക്കാരിന് കഴിയുന്നില്ല. പ്രതികളെക്കുറിച്ച് എല്ലാ തെളിവുകളും അവർ പോലീസിന് നൽകിയതാണ്. എന്നിട്ടും പ്രോസിക്യൂഷൻ പ്രതികളെ രക്ഷപ്പെടുത്തി.
കേസിലെ പ്രതികളിൽ ഒരാൾക്കായി കോടതിയിൽ ഹാജരായ അഭിഭാഷകനെയാണ് ഈയിടെ സാമൂഹിക നീതി വകുപ്പ് ശിശു ക്ഷേമ സമിതിയുടെ ജില്ലാ അധ്യക്ഷനായി നിയമിച്ചത്. മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗമായ ഇദ്ദേഹം സിപിഎം അനുഭാവിയാണ്.
ഓരോ പൗരന്റേയും ജീവനും സ്വത്തിനും ഹാനി സംഭവിക്കുമ്പോൾ പൗരന്റെ താല്പര്യം സംരക്ഷിക്കാൻ ബാധ്യസ്ഥമായ പ്രോസിക്യൂഷൻ വാളയാർ കേസിൽ ഭരണഘടനാ ലംഘനവും മാപ്പർഹിക്കാത്ത കുറ്റവുമാണ് ചെയ്തിട്ടുള്ളത്.
നീതി നിഷേധിക്കപ്പെട്ട പെൺകുട്ടികളുടെ താൽപര്യം സംരക്ഷിക്കാൻ ശക്തമായ നടപടികളുമായി അധികൃതർ രംഗത്ത് വരണം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |