തിരുവനന്തപുരം: തീർത്ഥാടന കേന്ദ്രങ്ങളായ മധുരയിലേക്കും പഴനിയിലേക്കും ഉൾപ്പെടെ തമിഴ്നാട്ടിലേക്ക് പുതിയതായി അനുവദിച്ച അന്തർ സംസ്ഥാന റൂട്ടുകളിലും യാത്രക്കാരുടെ സൗകര്യം നോക്കാതെയാണ് കെ.എസ്.ആർ.ടി.സി സർവീസ് നടത്തുന്നതെന്ന് ആക്ഷേപം ശക്തമായി. ഓപ്പറേറ്റിംഗ് വിഭാഗം ഉണ്ടാക്കിയ സമയക്രമം തീർത്ഥാടകർ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് സൗകര്യപ്രദമല്ലാത്തതിനാൽ ഈ റൂട്ടുകളിൽ ആവശ്യത്തിന് യാത്രക്കാരെ കിട്ടുന്നില്ല എന്നും ആക്ഷേപമുണ്ട്.
കൊല്ലം, തിരുവല്ല, എറണാകുളം എന്നിവിടങ്ങളിൽ നിന്ന് മധുരയിലേക്കും, മാവേലിക്കരയിൽ നിന്ന് തെങ്കാശിയിലേക്കും, തിരുവനന്തപുരം, ചേർത്തല, കൊട്ടാരക്കര എന്നിവിടങ്ങളിൽ നിന്ന് പഴനിയിലേക്കുമാണ് പുതിയ റൂട്ടുകൾ അനുവദിച്ചത്. ഇതേ റൂട്ടുകളിലുള്ള തമിഴ്‌നാട് ബസുകൾ രാവിലെ കേരളത്തിൽ എത്തി രാത്രിയിൽ തിരികെ പോകുമ്പോൾ കേരളത്തിൽ നിന്നുളള ബസുകൾ യാത്രക്കാർ കുറവുള്ള രാവിലെയും നട്ടുച്ചയ്‌ക്കുമാണു സർവീസ് നടത്തുന്നത്. വൈകുന്നേരത്തിനു ശേഷം സർവീസ് നടത്തിയാലേ തീർത്ഥാടകർക്കും വിദ്യാർത്ഥികളും ഓഫീസ് ജീവനക്കാരും ഉൾപ്പെടെയുള്ള അവധിദിന യാത്രക്കാർക്കും പ്രയോജനപ്പെടൂ. തീർത്ഥാടകർ രാവിലേയും വൈകിട്ടുമാണ് അമ്പലത്തിൽ പോകുന്നത്. വൈകിട്ടു ദർശനം നടത്തുന്നവർ പിറ്റേന്നായിരിക്കും മടങ്ങുക. ഓരോ സർവീസ് രാവിലെയും വൈകിട്ടും നടത്തിയാൽ കൂടുതൽ സൗകര്യമാകും. പഴനിയിൽ നിന്ന് ചേർത്തലയിലേക്കും കൊട്ടാരക്കരയിലേക്കുമുള്ള ബസുകൾ പുറപ്പെടുന്ന സമയവും തീർത്ഥാടകർക്ക് സൗകര്യപ്രദമല്ല. ഇതൊന്നും പരിഗണിക്കാതെ സ്വന്തം ജീവനക്കാരെ തമിഴ്‌നാട്ടിൽ കൂടുതൽ സമയം ചെലവിട്ട് ബുദ്ധിമുട്ടിക്കാത്ത തരത്തിലാണ് കെ.എസ്.ആർ.ടി.സി ട്രിപ്പുകൾ ക്രമീകരിച്ചിരിക്കുന്നത്.
കർണാടക ആർ.ടി.സിയും തമിഴ്‌നാട് എസ്.ഇ.ടി.സിയും സംസ്ഥാനാന്തര സർവീസുകൾ യാത്രക്കാരുടെ സൗകര്യാർത്ഥം വൈകിട്ട് 5നും രാത്രി 10നുമിടയിൽ പുറപ്പെടുന്ന രീതിയിൽ ഓടിക്കുമ്പോഴാണ് കെ.എസ്.ആർ.ടി.സി തോന്നുപോലെ സർവീസ് നടത്തുന്നത്. ഒരേ റൂട്ടിലുള്ള സർവീസുകൾക്ക് മറ്റു കോർപറേഷനുകൾ കെ.എസ്.ആർ.ടി.സിക്കു നല്ല സമയക്രമം നൽകുന്നില്ലെന്നാണു അധികൃതരുടെ ന്യായം. എന്നാൽ അഞ്ചോ പത്തോ മിനിട്ട് പുറകോട്ടു മാറിയതു കൊണ്ടു മലയാളികൾ കെ.എസ്.ആർ.ടി.സിയെ ഉപേക്ഷിക്കില്ലെന്നാണ് യാത്രക്കാർ പറയുന്നത്.
കെ. എസ്. ആർ. ടി. സി ട്രിപ്പുകൾ ഇങ്ങനെ
മധുരയിൽ നിന്നുളള കൊല്ലം, തിരുവല്ല, എറണാകുളം സർവീസുകൾ ഉച്ചയ്‌ക്കു മുൻപു അവിടെ നിന്നു പുറപ്പെടും.
തെങ്കാശി – മാവേലിക്കര സർവീസ് തെങ്കാശിയിൽ നിന്നു തിരിക്കുന്നതു പുലർച്ചെ ഒരു മണിക്കാണ്.
തിരുവനന്തപുരത്തു നിന്ന് പഴനി ബസുകൾ പുറപ്പെടുന്നത് ഉച്ചയ്ക്കു ഒന്നിനും 2.30 നുമാണ്. ഇവയുടെ മടക്ക യാത്ര പഴനിയിൽ നിന്ന് രാവിലെ 9.30നും 11.30നുമാണ്. ചേർത്തല – പഴനി സർവീസ് രാവിലെ 6നു പോയി വൈകിട്ട് 3.45ന് തിരികെയെടുക്കും. കൊട്ടാരക്കര – പഴനി ബസ് രാവിലെ 7.15ന് പുറപ്പെട്ടു പുലർച്ചെ 2ന് പഴനിയിൽ നിന്നു തിരികെ പോരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |