തിരുവനന്തപുരം: അട്ടപ്പാടിയിൽ മാവോയിസ്റ്റുകളെ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയതിനെ ന്യായീകരിച്ച് ലേഖനമെഴുതിയ ചീഫ് സെക്രട്ടറി ടോം ജോസിനെതിരെ സി.പി.ഐ. ചീഫ് സെക്രട്ടറി ടോംജോസിന്റെ നടപടി കോടതി അലക്ഷ്യമാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു.
സർക്കാരിന്റെ അനുമതിയോടെയാണോ ചീഫ് സെക്രട്ടറി ലേഖനമെഴുതിയതെന്ന് മുഖ്യമന്ത്രി പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോടതി നടപടികൾ പുരോഗമിക്കുമ്പോൾ അഭിപ്രായ പ്രകടനം നടത്തിയത് തെറ്റാണെന്നും കാനം പറഞ്ഞു.
കഴിഞ്ഞ ദിവസം നിയമസഭയിൽ മുഖ്യമന്ത്രി നൽകിയ മറുപടി ചീഫ് സെക്രട്ടറി ശ്രദ്ധിക്കേണ്ടതായിരുന്നു. മജിസ്റ്റീരിയിൽ അന്വേഷണം നടക്കുന്നതിനാൽ സംഭവത്തിന്റെ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ലെന്നാണ് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചത്. എന്നാൽ ചീഫ് സെക്രട്ടറി എഴുതിയ ലേഖനത്തിൽ പറയുന്നത് ആ അർത്ഥത്തിൽ നോക്കുമ്പോൾ സുപ്രീം കോടതി വിധിയുടേയും ഹൈക്കോടതി വിധിയുടേയും ലംഘനമാണ്.
സർക്കാരിനെ മറികടന്ന് പ്രവർത്തിക്കാൻ ചീഫ് സെക്രട്ടറിക്ക് അധികാരമില്ലെന്നും മാവോയിസ്റ്റ് കൊലപാതകത്തെ ന്യായികരിച്ച് ലേഖനമെഴുതിയത് നിയമവിരുദ്ധമാണെന്നും സി.പി.ഐ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബുവും പറഞ്ഞു. നിയമസഭാ സമ്മേളനം നടക്കുമ്പോള്‍ ചീഫ് സെക്രട്ടറി ഇത്തരമൊരു ലേഖനം എഴുതാൻ പാടില്ലാത്തതാണ്. അത് നിയമപരമായി തന്നെ തെറ്റാണ്. ചീഫ് സെക്രട്ടറിയെന്നല്ല ഒരു സർക്കാര്‍ ഉദ്യോഗസ്ഥനും ഇങ്ങനെ പറയാൻ പാടില്ലെന്നും പ്രകാശ് ബാബു പറഞ്ഞു.
ലേഖനത്തിൽ മാവോയിസ്റ്റുകളെ തീവ്രവാദികൾ എന്നാണ് ടോം ജോസ് വിശേഷിപ്പിച്ചിരിക്കുന്നത്. വിശേഷിപ്പിച്ചിരിക്കുന്നത്. മാവോയിസ്റ്റ് ആശയങ്ങളെ ഒരു കാരണവശാലും അംഗീകരിക്കാനാകില്ലെന്നും ടോം ജോസ് ലേഖനത്തിൽ വ്യക്തമാക്കുന്നു. മാവോവാദികൾക്ക് സാധാരണ ജനങ്ങളെ പോലെ മനുഷ്യാവകാശമുണ്ടെന്ന് വാദിക്കുന്നതിൽ കഴമ്പില്ളെന്നും അവരിൽ നിന്നും ജനങ്ങളെ രക്ഷിക്കുക മാത്രമാണ് കേരള പൊലീസ് ചെയ്തതെന്നും ടോം ജോസ് പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |