മലയാള സിനിമയിലെ വനിതാ കൂട്ടായ്‌മ വിമൻ ഇൻ സിനിമ കളക്ടീവിനെതിരെ രൂക്ഷവിമർശനവുമായി നടനും 'അമ്മ' ഭാരവാഹിയുമായ സിദ്ദിഖ്. ലൈംഗിക പീഡനത്തിനിരയായ നടിക്ക് ഐക്യദാർഢ്യവുമായി രൂപീകരിച്ച ഡബ്ല്യൂസിസി, നടിക്കുവേണ്ടി എന്ത് ചെയ്തെന്ന് അദ്ദേഹം ചോദിച്ചു. പൊലീസുകാരുടെ മാനസിക സമ്മര്‍ദ്ദം കുറക്കുന്നതിന് എറണാകുളം റൂറല്‍ പൊലീസ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സിദ്ദിഖ്.
'സോഷ്യൽ മീഡിയയിലൂടെ ചിലയ്ക്കുകയല്ലാതെ ഇരയ്ക്ക് വേണ്ടി ഡബ്ല്യുസിസി എന്താണ് ചെയ്തത്? അവർ അവൾക്ക് നിയമപരമായോ, സംഭവത്തിന് പിന്നിലെ സത്യം കണ്ടെത്താനോ സഹായം നൽകിയോ? ഞാൻ കേട്ടത് ശരിയാണെങ്കിൽ, ഇതുമായി ബന്ധപ്പെട്ട് നടിക്ക് തന്നെ പ്രസ്തുത സംഘടനയുമായി അഭിപ്രായ വ്യത്യാസമുണ്ട്. ”സിദ്ദിഖ് പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് നടനെ 85 ദിവസം റിമാൻഡ് ചെയ്യപ്പെട്ടത് അദ്ദേഹം കുറ്റം ചെയ്തുവെന്നതിന് തെളിവല്ലെന്നും സിദ്ദിഖ് പറഞ്ഞു. കുറ്റം തെളിയിക്കപ്പെട്ടാൽ മാത്രം കുറ്റവാളിയായി കണ്ടാൽ മതി, അതുവരെ ഒരു സുഹൃത്തും സഹപ്രവർത്തകനുമായി നടനൊപ്പം നിൽക്കേണ്ടത് തന്റെ കടമയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
നടി ആക്രമിക്കപ്പെട്ടതിന് നാല് മാസത്തിന് ശേഷമാണ് നടന്റെ പേര് പറയുന്നത്, അതിൽ ദുരൂഹതയുണ്ട്.അറസ്റ്റിലായ കുറ്റവാളി പേര് വെളിപ്പെടുത്തിയതുകൊണ്ടാണ് നടനെ പ്രതിചേർത്തതെന്നും സിദ്ദിഖ് പറഞ്ഞു. 'അമ്മ' അതിജീവിച്ചയാളുടെ പക്ഷത്തല്ല എന്ന ധാരണ സൃഷ്ടിച്ചതിന് മാദ്ധ്യമങ്ങളാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
2017 ഫെബ്രുവരി 17ന് കേസിലെ മുഖ്യപ്രതി പൾസർ സുനിയുടെ നേതൃത്വത്തിലുള്ള സംഘം നടിയെ കാറിൽവച്ച് ലൈംഗിക പീഡനത്തിനിരയാക്കിയെന്നാണ് പരാതി. തൃശൂരിലെ ഒരു ഷൂട്ടിംഗിനു ശേഷം കൊച്ചിയിലേക്കുള്ള യാത്രാമധ്യേയാണ് ആക്രമണം ഉണ്ടായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |