ഹൈദരാബാദ്: കോഴിക്കോട് ജില്ലയിലെ കൂടത്തായിയിൽ ഒരു കുടുംബത്തിലെ ആറ് പേരെ സയനൈഡ് നൽകി കൊലപ്പെടുത്തിയ സംഭവം അന്താരാഷ്ട്ര മാദ്ധ്യമങ്ങളിലടക്കം വാർത്തയായിരുന്നു. സ്വത്ത് തട്ടിയെടുക്കുന്നതിനും മറ്റ് ചില ആവശ്യങ്ങൾക്കും വേണ്ടിയാണ് ജോളിയമ്മ ജോസഫ് എന്ന സ്ത്രീ എല്ലാവരെയും സയനൈഡ് നൽകി കൊലപ്പെടുത്തിയത്. അന്വേഷണത്തിന്റെ ഭാഗമായി ജോളിയും കൂട്ടുപ്രതികളും കസ്റ്റഡിയിലും ജയിലിലും കഴിയുകയാണ്. എന്നാൽ ഇപ്പോൾ ഇതാ കൂടത്തായി കേസിന് സമാനമായ മറ്റൊരു കേസും കൂടി ചുരുളഴികുകയാണ്.
കൂടത്തായിയിൽ ജോളി ആറ് പേരെ കൊലപ്പെടുത്താൻ പതിനാല് വർഷമാണ് എടുത്തതെങ്കിൽ ആന്ധ്രാപ്രദേശിൽ വെള്ളങ്കി സിംഹാദ്രി എന്ന ശിവ ഒരു വർഷത്തിനിടെ കൊലപ്പെടുത്തിയത് പത്ത് പേരെയാണ്. നീണ്ട നാളത്തെ അന്വേഷണത്തിന്റെ ഫലമായാണ് ശിവ എന്ന സീരിയൽ കില്ലറെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രസാദത്തിൽ സയനൈഡ് നൽകിയാണ് ശിവ എല്ലാവരെയും കൊലപ്പെടുത്തിയത്. തനിക്ക് അമാനുഷിക ശക്തിയുണ്ടെന്ന് പറഞ്ഞ് ആളുകളെ പറഞ്ഞ് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്തതിന് ശേഷമായിരുന്നു ശിവ പ്രസാദം നൽകി കൊലനടത്തിയത്. റിയൽ എസ്റ്റേറ്റ് ബിസിനസുകാരനായ ശിവയ്ക്ക് അതിൽ നിന്നുണ്ടായ നഷ്ടങ്ങൾ നികത്താൻ വേണ്ടിയായിരുന്നു ഇത്തരമൊരു തട്ടിപ്പ് ആരംഭിച്ചത്
കോടികൾ വിലമതിക്കുന്ന അമൂല്യ രത്നങ്ങളും നിധികളും കണ്ടെത്താം, സ്വർണം ഇരട്ടിയാക്കിത്തരാം തുടങ്ങിയ വാഗ്ദാനങ്ങളായിരുന്നു തന്റെ അടുത്ത് വരുന്നവർക്ക് ശിവ നൽകിയിരുന്നത്. കോടിപതികളാവാമെന്ന മോഹത്തെ തന്റെ അരികിലേക്ക് വരുന്ന ആളുകളിൽ നിന്ന് സ്വർണ്ണവും പണവും തട്ടിയെടുത്ത ശേഷം അവർക്ക് സയനൈഡ് കലർത്തിയ പ്രസാദം കലർത്തി കൊലപ്പെടുത്തുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. ഒരു വർഷത്തോളം ആരുടെയും സംശയത്തിനിടയാക്കാതെ ശിവ ഒൻപത് പേരെ കൊലപ്പെടുത്തി.
എന്നാൽ ഒക്ടോബറിൽ കെ. നാഗരാജു എന്നയാൾ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടതോടെ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കൊലപാതക പരമ്പരയെ കുറിച്ച് പുറംലോകം അറിയുന്നത്. സർക്കാർ സ്കൂളിലെ അദ്ധ്യാപകനായ നാഗരാജു സ്വർണവും പണവും നിക്ഷേപിക്കാൻ ബാങ്കിലേക്ക് പോകുമ്പോഴായിരുന്നു ശിവയെ കാണാൻ വേണ്ടി പോയത്. നാഗരാജുവിന്റെ ജീവിതത്തിൽ ഉയർച്ചയുണ്ടാകുമെന്ന് പറഞ്ഞ് ശിവ ഒരു നാണയം നൽകി. രണ്ട് ലക്ഷം രൂപയാണ് ശിവ നാഗരാജുവിൽ നിന്ന് നാണയത്തിന് ഈടാക്കിയത്. ഇതിന് പിന്നാലെ സയനൈഡ് കലർത്തിയ പ്രസാദവും ശിവ നാഗരാജുവിന് കൈമാറി. വീട്ടിലെത്തി പ്രസാദം കഴിച്ച നാഗരാജു അബോധാവസ്ഥയിലാവുകയും തുടർന്ന് മരിക്കുകയുമായിരുന്നു. നാഗരാജുവിന്റെ മരണത്തിൽ സംശയം തോന്നിയ കുടുംബം മൃതദേഹം പോസ്റ്റുമോർട്ടം നടത്തി. മൃതദേഹത്തിൽ നിന്ന് സയനൈഡിന്റെ അംശം കണ്ടെത്തിയതിന് തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ശിവയ്ക്ക് മറ്ര് കൊലപാതകത്തിലും പങ്കുണ്ടെന്ന് വ്യക്തമായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |