കൊച്ചി: ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ മാന്ദ്യം പിടിമുറുക്കിയിട്ടും ഓഹരി സൂചികകളുടെ റെക്കാഡ് തേരോട്ടം തുടരുന്നു. മാന്ദ്യത്തിന്റെ പശ്‌ചാത്തലത്തിലും ചെലവ് ചുരുക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കാത്തതാണ് ഓഹരി നിക്ഷേപകർക്ക് കരുത്താകുന്നത്.
മാന്ദ്യമകറ്രാൻ ആഗസ്‌റ്ര് മുതൽ ധനമന്ത്രാലയം ഘട്ടംഘട്ടമായി പ്രഖ്യാപിക്കുന്ന ഉത്തേജക പാക്കേജുകൾ, വിദേശ നിക്ഷേപത്തിലെ ഉണർവ്, കോർപ്പറേറ്ര് കമ്പനികളുടെ മികച്ച ജൂലായ് - സെപ്‌തംബർ പ്രവർത്തനഫലം, ദീർഘകാല മൂലധന നേട്ട നികുതി (എൽ.ടി.സി.ജി) ഉൾപ്പെടെ ഒട്ടേറെ നികുതി വ്യവസ്ഥകളിൽ കേന്ദ്രം കൂടുതൽ ഇളവുകൾ നൽകിയേക്കുമെന്ന സൂചന എന്നിവയുടെ പിൻബലത്തിലാണ് ഓഹരികളുടെ കുതിപ്പ്.
സെൻസെക്‌സ് ഇന്നലെ 183 പോയിന്റുയർന്ന് പുതിയ ഉയരമായ 40,653ലും നിഫ്‌റ്രി 46 പോയിന്റ് നേട്ടവുമായി 12,012ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. സെൻസെക്‌സ് ഇന്നലെ ഒരുവേള സർവകാല റെക്കാഡായ 40,688 വരെ ഉയർന്നിരുന്നു. കഴിഞ്ഞ ജൂൺ നാലിന് ശേഷം ആദ്യമായാണ് നിഫ്‌റ്രി 12,000 പോയിന്റ് ഭേദിക്കുന്നത്. സൺഫാർമ, ഇൻഡസ് ഇൻഡ് ബാങ്ക്, റിലയൻസ് ഇൻഡസ്‌ട്രീസ്, ഐ.ടി.സി., വേദാന്ത, ഏഷ്യൻ പെയിന്റ്‌സ്, എച്ച്.ഡി.എഫ്.സി എന്നിവയാണ് ഇന്നലെ മികച്ച നേട്ടം കൊയ്‌ത പ്രമുഖ ഓഹരികൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |