തിരുവനന്തപുരം: കഴുത്തുവേദനയ്ക്ക് ചികിത്സ തേടിയെത്തിയ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ ഡോക്ടറെ മ്യൂസിയം പൊലീസ് അറസ്റ്റു ചെയ്തു. ഫോർട്ട് താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജി ഡോക്ടർ, തിരുമല സ്വദേശി എൽ.ടി. സനൽകുമാറി (54)നെയാണ് സി.ഐ യു. ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘം ബുധനാഴ്ച രാത്രി അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കവടിയാർ കുറവൻകോണത്ത് സൈബർ ഹൗസിലെ തന്റെ സ്വകാര്യ ക്ളിനിക്കിൽ വച്ചായിരുന്നു പീഡനശ്രമം. നാലുവർഷമായി ഇയാൾ ഇവിടെ ക്ളിനിക്ക് നടത്തിവരികയാണ്. കഴുത്തിനുണ്ടായ അസഹ്യവേദനയെ തുടർന്ന് രണ്ടാം തീയതിയാണ് കോഴിക്കോട് സ്വദേശിയായ യുവതി സനൽകുമാറിനെ കാണാനെത്തിയത്. സിവിൽ സർവീസ് പരിശീലനത്തിനായി നഗരത്തിലെത്തിയ യുവതി കവടിയാറിലെ ഒരു ഫ്ളാറ്റിലാണ് താമസിച്ചിരുന്നത്.
സംഭവദിവസം രാവിലെ 11.30ന് യുവതി സനൽകുമാറിന്റെ ക്ളിനിക്കിലെത്തി. കഴുത്തിൽ പരിശോധന നടത്തിയ ശേഷം വൈകിട്ട് 6.30ന് വരാൻ നിർദ്ദേശിച്ച് യുവതിയെ സനൽകുമാർ തിരിച്ചയച്ചു. വൈകിട്ട് വന്നപ്പോൾ യുവതിയുടെ കഴുത്തിൽ കുഴമ്പ് പുരട്ടിയ ശേഷം ഒന്നര മണിക്കൂർ കഴിഞ്ഞ് വരാൻ നിർദ്ദേശിച്ചു. എട്ട് മണിയോടെ വീണ്ടും ക്ലിനിക്കിലെത്തിയപ്പോൾ യുവതിയുടെ സ്വകാര്യഭാഗങ്ങളിൽ സ്‌പർശിക്കാൻ ശ്രമിച്ചെന്നാണ് പരാതി. ഭയന്നുപോയ യുവതി കരഞ്ഞുകൊണ്ട് ക്ളിനിക്കിൽ നിന്ന് പോയി. അടുത്ത ദിവസം സുഹൃത്തുക്കൾക്കൊപ്പം എത്തി സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകി. ബുധനാഴ്ച രാത്രി പൊലീസ് ക്ളിനിക്കിലെത്തി സനൽകുമാറിനെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചതായി സി.ഐ പറഞ്ഞു. യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയ ശേഷം മജിസ്ട്രേട്ടിന് മുന്നിൽ ഹാജരാക്കി മൊഴി രേഖപ്പെടുത്തി. സനൽകുമാർ മുമ്പ് ആരെയെങ്കിലും ഇത്തരത്തിൽ പീഡിപ്പിച്ചിട്ടുണ്ടോയെന്ന കാര്യം അന്വേഷിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ ക്ളിനിക്ക് പൂട്ടി സീൽവച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |