തിരുവനന്തപുരം: സായുധ പൊലീസ് ബറ്റാലിയൻ സിവിൽ പൊലീസ് ഓഫീസർ തസ്തികയിലേക്ക് പി.എസ്.സി നടത്തിയ പരീക്ഷയിൽ വ്യാപക ക്രമക്കേട് നടന്നിട്ടില്ലെന്നും ചോദ്യപേപ്പർ ചോർച്ചയുണ്ടായിട്ടില്ലെന്നും ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു. കേസിൽ പ്രതികളായ റാങ്ക് പട്ടികയിലുള്ള ശിവരഞ്ജിത്, പ്രണവ്, നസീം എന്നിവരെ മാറ്റിനിറുത്തി ബാക്കിയുള്ളവർക്ക് നിയമന ശുപാർശ നൽകുന്നതിൽ തടസമില്ലെന്നും പി.എസ്.സിക്ക് നൽകിയ അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കി. ഓരോ ഉദ്യോഗാർത്ഥിക്കും കർശന പൊലീസ് അന്വേഷണത്തിനുശേഷമേ നിമയന ശൂപാർശ നൽകാവൂവെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
കേസിൽ പിടിയിലായ ആറു പ്രതികളിൽ നിന്ന് പിടിച്ചെടുത്ത മൊബൈൽ ഫോണുകളും സ്മാർട്ട് വാച്ചുകളും ഉൾപ്പെടെയുള്ളവ ഫോറൻസിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം ലഭിക്കാൻ വൈകുന്നതാണ് അന്വേഷണം നീളുന്നതിന് കാരണം. മൊബൈൽ സേവന ദാതാക്കളിൽ നിന്നുള്ള വിവരങ്ങളും ലഭിക്കേണ്ടതുണ്ട്. ഇത് ലഭ്യമായാലേ അന്വേഷണം പൂർത്തിയാക്കാനാകൂ.
അന്വേഷണത്തിന്റെ ഭാഗമായി, കഴിഞ്ഞ ദിവസം കോടതിയിൽ കീഴടങ്ങിയ ആറാം പ്രതി പ്രവീണിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയിയെ സമീപിച്ചിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്യുന്നതോടെ കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്നാണ് ക്രൈംബ്രാഞ്ച് പ്രതീക്ഷിക്കുന്നത്.
ഉത്തരങ്ങൾ എസ്.എം.എസായി അയച്ചുകൊടുത്ത എസ്.എ.പി ക്യാമ്പിലെ പൊലീസുകാരൻ ശരത്, കല്ലറ സ്വദേശി സഫീർ, കഴിഞ്ഞ ദിവസം കീഴടങ്ങിയ യൂണിവേഴ്സിറ്റി കോളേജിലെ ഫിലോസഫി വിദ്യാർത്ഥിയും ഇടുക്കി സ്വദേശിയുമായ പ്രവീൺ എന്നിവരുമാണ് കേസിലെ പ്രതികൾ. പരീക്ഷാ ഹാളിൽ ചോദ്യപേപ്പർ വിതരണം ചെയ്ത ഉടൻ പരീക്ഷാ സെന്ററായിരുന്ന യൂണിവേഴ്സിറ്റി കോളേജിന് സമീപത്തെ സംസ്കൃത കോളേജിൽ കാത്തുനിന്നവർക്ക് ചോദ്യം ചോർന്നുകിട്ടിയെന്ന് അന്വേഷണത്തിൽ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, ഇത് എങ്ങനെയെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. ഈ ഒരു ചോദ്യത്തിന് ഉത്തരം ലഭിച്ചാൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |