തിരുവനന്തപുരം: കോഴിക്കോട് രണ്ട് സി.പി.എം അംഗങ്ങൾക്കെതിരെ യു.എ.പി.എ ചുമത്തിയ നടപടിയിൽ ഇടപെടേണ്ടെന്ന് പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനം. യു.എ.പി.എ കേസിൽ റിട്ട. ജസ്റ്റിസ് പി.എസ് ഗോപിനാഥൻ അദ്ധ്യക്ഷനായ പ്രത്യേക സമിതി പരിശോധിക്കട്ടയെന്നും സർക്കാർ സ്വീകരിച്ച നടപടി ശരിയാണെന്നും സെക്രട്ടറിയേറ്റ് നിലപാടെടുത്തു. അതേസമയം, വിദ്യാർത്ഥികളെ പാർട്ടിയിൽ നിന്ന് ഉടൻ പുറത്താക്കില്ല. ഇവർക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ജില്ലാ കമ്മിറ്റിയെ സെക്രട്ടേറിയറ്റ് ചുമതലപ്പെടുത്തി.
എന്നാൽ വിദ്യാർത്ഥികൾക്ക് തീവ്രസ്വഭാവമുള്ള ചില സംഘടനകളുമായി ബന്ധമുണ്ടെന്നാണ് കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ റിപ്പോർട്ട്. ഇത്തരം സംഘടനകളുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്നു നേരത്തെ നേതൃത്വം ആവശ്യപ്പെട്ടിരുന്നെങ്കിലും ഇരുവരും മുഖവിലയ്ക്കെടുത്തില്ലെന്നും ജില്ലാ കമ്മറ്റി വ്യക്തമാക്കിയിട്ടുണ്ട്. റിപ്പോർട്ട് ചർച്ച ചെയ്ത സെക്രട്ടേറിയറ്റ് പാർട്ടി തലത്തിൽ സ്വീകരിക്കേണ്ട അച്ചടക്ക നടപടികൾക്ക് ജില്ലാ കമ്മറ്റിയെ ചുമതലപ്പെടുത്തി.
പാർട്ടി യു.എ.പി.എക്ക് എതിരാണെങ്കിലും ശക്തമായ തെളിവുകൾ പൊലീസ് നിരത്തുന്ന സാഹചര്യത്തിൽ ജാഗ്രതയോട തീരുമാനം എടുക്കണമെന്ന് യോഗത്തിൽ അഭിപ്രായമുണ്ടായി. യു.എ.പി.എ നിമയത്തിൽ വന്ന ഭേദഗതികൾ അനുസരിച്ച് രാജ്യവിരുദ്ധ സ്വഭാവമുള്ള കേസുകൾ എൻ.ഐ.എയ്ക്ക് ഏറ്റെടുക്കാം. വിദ്യാർഥികൾക്കെതിരെ യു.എ.പി.എ ചുമത്തിയ തീരുമാനത്തിനെതിരെ സർക്കാർ നിലപാടെടുക്കുകയും അതിനുശേഷം എൻ.ഐ.എ അന്വേഷണം ഉണ്ടാകുകയും ചെയ്താൽ രാഷ്ട്രീയ ആരോപണങ്ങളുയരാമെന്നും സെക്രട്ടേറിയറ്റ് വിലയിരുത്തി.
അതേസമയം, അലന്റെയും താഹയുടെയും ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി 14ാം തിയതിയിലേക്ക് മാറ്റി. ഹർജി പരിഗണിക്കുന്ന അന്ന് പൊലീസും സർക്കാരും വിശദീകരണം നൽകണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്. മാവോവാദ ബന്ധം തെളിയിക്കുന്ന ഒരു രേഖയും പൊലീസിന്റെ പക്കലില്ലെന്ന് ഹർജിക്കാർ കോടതിയിൽ പറഞ്ഞു. നിയമ വിദ്യാർഥിയാണെന്നും തനിക്ക് ക്രിമിനൽ പശ്ചാത്തലമില്ലെന്നും അലന്റെ ജാമ്യാപേക്ഷയിൽ പറയുന്നു. തന്റെ വീട്ടിൽ നിന്ന് ഒരു ഫോൺ മാത്രമാണ് പോലീസ് കണ്ടെടുത്തത്. അത് മാവോവാദി ബന്ധം തെളിയിക്കാനുള്ള ഒരു രേഖയല്ലെന്നും അലന്റെ ജാമ്യാപേക്ഷയിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |