ചെങ്ങന്നൂർ: വീട്ടിൽ തനിച്ച് താമസിക്കുകയായിരുന്ന വൃദ്ധ ദമ്പതികളെ മൺവെട്ടിക്കും കമ്പിപ്പാരയ്ക്കും തലയ്ക്കടിച്ച് കൊലപ്പെടുത്തിയ നിലയിൽ. വെൺമണി കൊഴുവല്ലൂർ പാറച്ചന്ത ജംഗ്ഷന് സമീപം ആഞ്ഞിലിമൂട്ടിൽ കെ.പി.ചെറിയാൻ (കുഞ്ഞുമോൻ -75), ഭാര്യ ലില്ലി (70) എന്നിവരെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
ഇന്ന് രാവിലെ ഏഴോടെ സുഹൃത്തും ബന്ധുവും നടത്തിയ പരിശോധനയിലാണ് കൊലപാതകം വെളിവാകുന്നത്. സ്ട്രോക്കിനെ തുടർന്ന് ഒരു വശം തളർന്നുപോയ കുഞ്ഞുമോൻ ഇതിൽ നിന്ന് മുക്തനായി രാവിലെ നടക്കാൻ പോകുന്ന ശീലമുണ്ടായിരുന്നു. ഇന്ന് രാവിലെ സുഹൃത്ത് എത്തിയപ്പോൾ കുഞ്ഞുമോനെ പുറത്ത് കണ്ടില്ല. തുടർന്ന് സമീപത്തെ ബന്ധുവായ
എം.എം.ചാണ്ടിയെ (കൊച്ചുബേബി) വിവരം അറിയിച്ചു. രാത്രി മുറ്റത്തെ ലൈറ്റിടാതിരുന്നത് ചാണ്ടിയും ശ്രദ്ധിച്ചിരുന്നു. ഇരുവരും ചേർന്ന് വീട്ടിലെത്തിയപ്പോൾ സിറ്റൗട്ടിൽ തലേന്ന് വൈകിട്ട് വച്ചിരുന്ന പാൽ അതുപോലെ ഇരിപ്പുണ്ടായിരുന്നു. പിൻഭാഗത്ത് എത്തിയപ്പോൾ അടുക്കളവാതിൽ തുറന്ന് കിടക്കുന്നത് ശ്രദ്ധിയിൽപ്പെട്ടു. അകത്ത് കയറിയപ്പോഴാണ് ലില്ലിയുടെ മൃതദേഹം ചോരയിൽ കുളിച്ച് കിടക്കുന്നത് കണ്ടത്. മൃതദേഹത്തിൽ മൺവെട്ടിയുടെ ഭാഗങ്ങളും ഉണ്ടായിരുന്നു. ഉടൻ വെൺമണി പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് എത്തി നടത്തിയ പരിശോധനയിലാണ് കുഞ്ഞമോനെ പുറത്തെ സ്റ്റോർ റൂമിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടത്തിയത്. കമ്പി വടിക്കാണ് തലയ്ക്ക് അടിയേറ്റിരിക്കുന്നത്.
പൊലീസ് സംഘവും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്. എസ്.പി കെ.എം.ടോമി, ഡിവൈ.എസ്.പിമാരായ അനീഷ്.വി.കോര, ആർ.ബിനു, ചെങ്ങന്നൂർ സി.ഐ എം.ഷിബുലാൽ എന്നിവർ സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. വീട്ടിൽ നിന്ന് എന്തൊക്കെ നഷ്ടപ്പെട്ടെന്ന് തിട്ടപ്പെടുത്താനായിട്ടില്ല. ഇന്നലെ വീട്ടുപണികൾക്കായി ബംഗാളികൾ ഇവിടെ എത്തിയിരുന്നതായി അയൽവാസികൾ പറയുന്നു. വീടിന് പിൻഭാഗത്ത് ഇവരുടെ പണിസാധനങ്ങൾ സൂക്ഷിച്ച നിലയിലാണ്. പൊലീസ് ഇവരെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. മക്കളെല്ലാവരും വിദേശത്താണ്. മക്കൾ: ബിഭു ചെറിയാൻ, ബിന്ദു, പരേതയായ ബീന. മരുമക്കൾ: ഷൈനി, രഞ്ജു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |