ന്യൂഡൽഹി: സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷം തെളിയിക്കാൻ ഒരു പാർട്ടിക്കും കഴിയാത്ത സാഹചര്യത്തിൽ മഹാരാഷ്‌ട്രയിൽ നിയമസഭ മരവിപ്പിച്ച് ആറ് മാസത്തേക്ക് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി. ഗവർണർ ഭഗത് സിംഗ് കോശിയാരിയുടെ ശുപാർശ പ്രകാരമാണ് നടപടി.
ഇന്നലെ വൈകിട്ട് ചേർന്ന കേന്ദ്ര മന്ത്രിസഭയുടെ അടിയന്തര യോഗം ഗവർണറുടെ റിപ്പോർട്ട് അംഗീകരിച്ച്, ഭരണഘടനയുടെ 356 (1) വകുപ്പ് പ്രകാരം രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്താൻ ശുപാർശ ചെയ്യുകയായിരുന്നു. തുടർന്ന് രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് വിജ്ഞാപനത്തിൽ ഒപ്പിട്ടു.
തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം മന്ത്രിസഭ രൂപീകരിക്കാനാവാതെ പത്തൊൻപത് ദിവസം
നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് സംസ്ഥാനം രാഷ്‌ട്രപതി ഭരണത്തിലാവുന്നത്.
അതേസമയം, കോൺഗ്രസ് - എൻ.സി.പി സഖ്യവുമായി ചേർന്ന് പൊതു മിനിമം പരിപാടി ആലോചിക്കുമെന്ന്, രാഷ്‌ട്രപതി ഭരണം പ്രഖ്യാപിച്ച ശേഷം ശിവസേന നേതാവ് ഉദ്ധവ് താക്കറെ മുംബയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സർക്കാർ രൂപീകരണത്തിന് വിശദമായ ചർച്ച തുടരുമെന്ന് കോൺഗ്രസും എൻ.സി.പിയും വ്യക്തമാക്കുകയും ചെയ്‌തു. എന്നാൽ കോൺഗ്രസ് - എൻ.സി.പി - ശിവസേന സഖ്യത്തിന് സാദ്ധ്യതയില്ലെന്നും തങ്ങൾ തന്നെ സർക്കാരുണ്ടാക്കുമെന്നും അവകാശപ്പെട്ട് ബി.ജെ.പിയും ഇന്നലെ രാത്രി രംഗത്തു വന്നു.
ശിവസേന സുപ്രീംകോടതിയിൽ; ഹർജി ഇന്ന് പരിഗണിക്കും
ഗവർണർ തങ്ങൾക്ക് അധിക സമയം നൽകാതിരുന്നത് ചോദ്യം ചെയ്‌ത് ശിവസേന സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. ഹർജി ഇന്ന് രാവിലെ 10.30ന് കോടതി പരിഗണിച്ചേക്കും.
ഭൂരിപക്ഷം തെളിയിക്കാൻ ഇന്നലെ രാത്രി എട്ടരവരെ നൽകിയ സമയം മതിയാകില്ലെന്നും ഒരു ദിവസം കൂടി വേണമെന്നും എൻ.സി.പി ഇന്നലെ രാവിലെ 11.30ന് കത്തു നൽകിയിരുന്നു. എന്നാൽ സർക്കാർ രൂപീകരണത്തിനുള്ള സാഹചര്യമില്ലെന്ന് ഗവർണർ ഉച്ചയോടെ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോർട്ട് നൽകി. പ്രധാനമന്ത്രിക്ക് ബ്രിക്‌സ് ഉച്ചകോടിക്കായി ബ്രസീലിലേക്ക് പോകേണ്ടതിനാൽ അടിയന്തര കേന്ദ്രമന്ത്രിസഭാ യോഗം ചേർന്ന് രാഷ്‌ട്രപതി ഭരണത്തിനുള്ള ശുപാർശ അംഗീകരിക്കുകയായിരുന്നു. ഗുരുനാനാക്ക് ജയന്തി ആഘോഷത്തിന് പഞ്ചാബിൽ പോയ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് വൈകുന്നേരത്തോടെ തിരിച്ചെത്തിയ ശേഷമാണ് ഉത്തരവിൽ ഒപ്പിട്ടത്. സർക്കാരുണ്ടാക്കാൻ സാഹചര്യം ഒത്തുവന്നാൽ ആറുമാസത്തേക്ക് നിയമസഭ സസ്‌പെൻഡ് ചെയ്‌തത് പുനഃപരിശോധിക്കാനും രാഷ്‌ട്രപതിക്ക് അധികാരമുണ്ട്.
288 അംഗ നിയമസഭയിൽ 105 സീറ്റു നേടി ഏറ്റവും വലിയ കക്ഷിയായ ബി.ജെ.പിയെയാണ് സർക്കാരുണ്ടാക്കാൻ ഗവർണർ ആദ്യം ക്ഷണിച്ചത്. മുഖ്യമന്ത്രി പദം പങ്കിടണമെന്നാവശ്യപ്പെട്ട് ശിവസേന ഇടഞ്ഞതിനാൽ കേവലഭൂരിപക്ഷമായ 145 സീറ്റ് ഉറപ്പിക്കാനാവാതെ ബി.ജെ.പി പിൻവാങ്ങി. തുടർന്ന് രണ്ടാമത്തെ വലിയ കക്ഷിയായ ശിവസേനയെ (56) ഗവർണർ ക്ഷണിച്ചു. എൻ.സി.പി - കോൺഗ്രസ് പിന്തുണയോടെ സർക്കാരുണ്ടാക്കാനുള്ള അവരുടെ ശ്രമവും പരാജയപ്പെട്ടപ്പോൾ എൻ.സി.പിയെ (54) ക്ഷണിച്ചു. അതും ഫലം കാണില്ലെന്ന നിഗമനത്തിൽ ഗവർണർ രാഷ്‌ട്രപതി ഭരണത്തിന് ശുപാർശ ചെയ്യുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |