കണ്ണൂർ :മാങ്ങാട്ടുപറമ്പിലെ കണ്ണൂർ സർവകലാശാല സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന സ്‌കൂൾ കായികോത്സവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാകുന്നു. 16 മുതൽ 19 വരെയാണ് കായികോൽസവം. കോട്ടയത്തെ ഹാമർത്രോ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കായികോൽസവത്തിന് കനത്ത പൊലീസ് സുരക്ഷയും ഒരുക്കുന്നുണ്ട്. ഇതിനു പുറമെ വിജിലൻസ് വിഭാഗത്തിന്റെ നിരീക്ഷണവും കായികോൽസവത്തിനുണ്ടാകും.
സുരക്ഷാ വേലിയോടു കൂടിയ സിന്തറ്റിക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന അത്‌ലറ്റിക് മത്സരങ്ങൾക്കായുള്ള ഗ്രൗണ്ട് ഒരുക്കൽ പൂർത്തിയായി. 400 മീറ്റർ നീളമുള്ള എട്ട് ലൈനുകളുള്ളതാണ് സിന്തറ്റിക് ട്രാക്ക്. സിന്തറ്റിക് ട്രാക്ക്, ജംപിംഗ് പിറ്റ്, ത്രോയിംഗ് സെക്ടർ, സ്റ്റീപ്പിൾ ചെയ്സ്, വാട്ടർ പിറ്റ്, ത്രോ ഇനങ്ങൾക്കുള്ള കേജ് എന്നിവ സജ്ജീകരിച്ചു..ഒരേക്കറിൽ വാമിംഗ് അപ് ഗ്രൗണ്ടും ഒരുക്കിയിട്ടുണ്ട്..
സ്റ്റേഡിയത്തിന് സമീപം മത്സരങ്ങൾ കാണുന്നതിനുള്ള ഗ്യാലറി നിർമ്മാണം ഇന്ന് പൂർത്തിയാകും.. കോൺക്രീറ്റ് ഗ്യാലറിക്ക് പുറമെ താൽക്കാലിക ഗ്യാലറിയും ഒരുക്കുന്നുണ്ട്.. സിന്തറ്റിക് സ്റ്റേഡിയത്തിലെ ഗ്യാലറിയിൽ 1500 അത് ലറ്റുകൾക്ക് ഇരിക്കാനുള്ള സൗകര്യമുണ്ടാകും. കായിക താരങ്ങൾക്ക് ഇൻഡോർ സ്റ്റേഡിയത്തിനു സമീപം വിശ്രമമുറിയും ഒരുക്കിയിട്ടുണ്ട്..അമ്പയർമാക്കുള്ള പവലിയനും മീഡിയ പവലിയനും നാളെ പൂർത്തിയാകും.
ഒഫീഷ്യലുകളടക്കം 3500 പേർ കായികോത്സവത്തിനെത്തും. ഹരിത പ്രോട്ടോക്കോൾ പാലിക്കും. വിദ്യാർഥികൾക്കും ഒഫീഷ്യലുകൾക്കുമുള്ള ബാഡ്ജ് അടക്കം പ്ലാസ്റ്റിക് വിമുക്തമാക്കും. താമസ സൗകര്യം 12 സ്‌കൂളുകളിലായി ഒരുക്കി. ഇതിനായി മുപ്പതോളം സ്‌കൂൾ ബസ്സുകൾ ഏർപ്പാടാക്കിയിട്ടുണ്ട്. ടി..വി.. രാജേഷ് എം.. എൽ. എ ചെയർമാനായ സംഘാടക സമിതിയും 19 സബ് കമ്മിറ്റിയുമാണ് കായികോൽസവത്തിന്റെ മേൽനോട്ടം വഹിക്കുന്നത്.
ഹാമർ ത്രോ മത്സരത്തിന് പ്രത്യേക സുരക്ഷ ഒരുക്കണമെന്ന് കായികമന്ത്രി ഇ..പി..ജയരാജൻ നിർദേശം നൽകിയിരുന്നു.. ഇതേ തുടർന്ന് സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി അന്താരാഷ്ട്ര അത്‌ലറ്റിക് ഫെഡറേഷന്റെ മാനദണ്ഡ പ്രകാരമുള്ള രീതിയിലാണ് ഹാമർ കേജ് ഉയർത്തിയത്. 100 മീറ്റർ ഓട്ടം സ്റ്റാർട്ടിങ് പോയിന്റിനടുത്താണ് ഹാമർകേജ്. ഇതിന് സമീപമാണ് ജാവലിൻ ത്രോ ഗ്രൗണ്ടും. ഹാമർ ത്രോ നടക്കുന്ന സമയത്ത് ജാവലിൻത്രോ മത്സരമുണ്ടാവില്ല. 100 മീറ്റർ ഫിനിഷിങ് ലൈനിന് സമീപത്താണ് ഡിസ്‌ക്കസ്, ഷോട്ട്പുട്ട് ഗ്രൗണ്ടുകൾ.
യൂണിവേഴ്‌സിറ്റി ക്യാന്റിന് മുന്നിലായാണ് ഭക്ഷണ പന്തൽ. 600 പേർക്ക് ഒരേ സമയം ഭക്ഷണം കഴിക്കാനുള്ള സൗകര്യമുണ്ടാകും.
ചട്ടപ്പടി സമരം ട്രാക് തെറ്റിക്കുമോ?
അതേ സമയം കായികാദ്ധ്യാപകർ സംസ്ഥാന വ്യാപകമായി തുടരുന്ന ചട്ടപ്പടി സമരം മേളയെ ബാധിച്ചേക്കുമെന്ന ആശങ്കയുണ്ട്. ജില്ലാ കായികമേളകളിൽ കായികാദ്ധ്യാപകരുടെ സമരം ശക്തമായിരുന്നു. പിന്നീട് അദ്ധ്യാപകർ മേളയുമായി സഹകരിച്ചെങ്കിലും മെല്ലെപ്പോക്ക് കാരണം മത്സരങ്ങൾ താളം തെറ്റിയിരുന്നു. ഇതേ തുടർന്ന് കണ്ണൂരിലെ മൂന്നു മത്സരങ്ങൾ പിറ്റേ ദിവസത്തേക്ക് മാറ്റുകയായിരുന്നു.
കായികാദ്ധ്യാപകരുടെ ബഹിഷ്കരണ ഭീഷണിയുണ്ടെങ്കിലും മേളയുടെ നടത്തിപ്പിന് തടസ്സമാകില്ലെന്നും എല്ലാ ഒരുക്കങ്ങളും അവസാനഘട്ടത്തിലാണെന്നും സംഘാടക സമിതി വൈസ് ചെയർമാൻ ഡോ. പി ടി ജോസഫ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |